ആ പൂമാല! വേഗം, വേഗം! ഞാൻ മരിക്കുകയായി!
വേഗം കൊരുക്കൂ! പാടൂ! കരയൂ! പാടൂ!
എന്റെ തൊണ്ടയിലിരുട്ടടയ്ക്കുകയായി,
ആയിരം ശരൽക്കാലങ്ങളുടെ വെളിച്ചം പരക്കുകയായി.
നിന്നോടെന്റെ സ്നേഹത്തിനുമെന്നോടു നിന്റെ സ്നേഹത്തിനുമിടയിൽ
-നക്ഷത്രമണ്ഡലത്തിനും വൃക്ഷങ്ങളുടെ പ്രകമ്പനത്തിനുമിടയിൽ-
വയൽച്ചുള്ളികൾ കാടുകയറുന്നു,
ഒരാണ്ടിനുള്ള കദനത്തിന്റെ തമസ്സുമായി.
എന്റെ മുറിവിന്റെ പുതുമയാസ്വദിച്ചോളൂ,
ഓടത്തണ്ടുകളും നേർത്ത ചിറ്റരുവികളും തകർത്തോളൂ,
തുടകളിലൊലിയ്ക്കുന്ന ചോരയും കുടിച്ചോളൂ.
വേഗമാവട്ടെ, പക്ഷേ! കെട്ടുപിണഞ്ഞൊന്നാവുക നാം,
പ്രണയം ചതച്ച ചുണ്ടും ദംശനമേറ്റ ആത്മാവുമായി,
കാലം നമ്മെ കണ്ടെത്തട്ടെ, തകർന്നടിഞ്ഞവരായി.
No comments:
Post a Comment