അതിശയപ്പെട്ട കത്രികേ,
(കിളിയും
മീനും പോലെ)
ശൂരന്മാരുടെ കവചം പോലെ
വെള്ളി മിനുങ്ങുന്നു നീ.
നീണ്ടുകുടിലമായ
രണ്ടു കത്തികളിൽ നിന്ന്,
പിരിയാതെ വേട്ട,
തമ്മിൽക്കൊരുത്ത
രണ്ടരുവികളിൽ നിന്ന്
വെട്ടുന്നൊരു ജന്തു
ഉണ്ടായിവന്നു,
കാറ്റു പിടിച്ച തുണിപ്പായകളിൽ
നീന്തുന്ന മീൻ,
ക്ഷൗരക്കടകളിൽ
പറന്നുനടക്കുന്ന പക്ഷി.
കത്രികയ്ക്കു മണം
തുന്നൽക്കാരി അമ്മായിയുടെ,
കട്ടെടുത്ത ചുംബനങ്ങളുടെ
പ്ലം പഴങ്ങളുടെ കഥകൾ
അയൽക്കാരികളോടു വിസ്തരിക്കുമ്പോൾ
നിന്റെ വെള്ളാരംകണ്ണിനൊരു കണ്ണുണ്ട്
ഞങ്ങളുടെ ഞെരുങ്ങിയ ബാല്യങ്ങളിൽ.
ആ വീട്ടിൽ,
ആ കൂട്ടിൽ
ഞങ്ങളുടെ ജീവിതത്തിലേക്കു
കടന്നുവന്നു കത്രികകൾ;
അതിൽപ്പിന്നെ
എത്ര തുണികൾ
മുറിച്ചുതള്ളി
കത്രികകൾ,
മന്ത്രകോടികൾ, ശവക്കോടികൾ,
കുഞ്ഞുടുപ്പുകൾ, ആശുപത്രിവിരികൾ,
പാറമേൽ തഴയ്ക്കുന്ന ചെടി പോലെ
പണിക്കാരുടെ മുരത്ത തലമുടി,
ചോരയും തീയും
പിൽക്കാലം തുള വീഴ്ത്തുന്ന,
കറ പറ്റിയ്ക്കുന്ന
പതാകകൾ,
മഞ്ഞുകാലത്തെ മുന്തിരിക്കൊടികൾ,
ഫോണിലൂടെത്തുന്ന
സംസാരത്തിന്നിഴ.
മറവിയിൽപ്പെട്ട
ഏതോ കത്രിക
നിങ്ങളുടെ പൊക്കിൾക്കൊടി മുറിച്ചു,
വേറിട്ടൊരസ്തിത്വം
നിങ്ങൾക്കു നൽകി,
മറ്റൊന്നൊരുനാൾ,
മറ്റൊരു കത്രിക,
സ്വബോധത്തോടെയാവണമെന്നുമില്ല,
നിങ്ങളുടെ ശവക്കച്ചയും മുറിയ്ക്കും.
എങ്ങും നടക്കുന്നു
കത്രികകൾ,
ദുഃഖവും സന്തോഷവും മുറിച്ചുതള്ളി
ലോകസഞ്ചാരം നടത്തുന്നവ.
എന്തും തുണിയായിരുന്നു
കത്രികകൾക്ക്:
തുന്നൽക്കാരുടെ പോത്തൻകത്രികകൾ,
പായ്ക്കപ്പൽ പോലെ വെളുവെളുത്ത്,
അമ്പിളിക്കലകൾ പോലത്തെ
നഖങ്ങൾ മുറിയ്ക്കുന്ന
മെലിഞ്ഞ കത്രികകൾ:
നിങ്ങളുടെ കുടലിലെ
മുഴയോ,
അസ്ഥാനത്തൊരു കെട്ടോ
മുറിച്ചുമാറ്റുന്ന സർജ്ജന്റെ
അന്തർവ്വാഹിനിക്കത്രിക.
ഇവിടെവച്ചു ഞാൻ
യുക്തിയുടെ കത്രികയാൽ
എന്റെ ഗീതത്തെ വെട്ടിച്ചുരുക്കുന്നു,
അതു ചുരുണ്ടുകൂടരുതല്ലോ,
നീണ്ടുപോകരുതല്ലോ,
വേണ്ടപ്പോളെടുക്കാനായി
മടങ്ങിയൊതുങ്ങി
നിങ്ങളുടെ കീശയിൽ കിടക്കണമല്ലോ അത്,
ഒരു കത്രിക പോലെ.
1 comment:
ഇവിടെവച്ചു ഞാൻ
യുക്തിയുടെ കത്രികയാൽ
എന്റെ ഗീതത്തെ വെട്ടിച്ചുരുക്കുന്നു,
Sona G
Post a Comment