എല്ലാ മൃഗങ്ങൾക്കുമുണ്ടായിരുന്നു
എന്തോ ഒന്നിന്റെ കുറവ്:
വാലിനു നീളം പോരാ,
തലയോ, ഒരു ദുരന്തവും.
കേടു തീർന്നതു പിൽക്കാലം,
പതിയെപ്പതിയെ,
പുള്ളികൾ, വടിവും ചിറകും നേടി
ഒരു ദേശമായിട്ടവ ഒരുമിച്ചുകൂടി.
പക്ഷേ പൂച്ച,
പൂച്ചയൊരാൾ മാത്രം
പിറവിയിലേ പരിപൂർണ്ണൻ,
അഭിമാനിയും.
തന്നിൽത്തന്നെ ഒതുങ്ങിയവൻ,
തനിയ്ക്കു വേണ്ടതെന്തെന്നും അവനറിയാം.
മനുഷ്യനൊരാശയുണ്ട് മീനോ കോഴിയോ ആവാൻ,
ചിറകുകൾ കിട്ടിയിരുന്നെങ്കിലെന്ന് പാമ്പുകൾക്കുമുണ്ട്,
പിശകിപ്പോയ സിംഹങ്ങളത്രെ നായ്ക്കൾ.
എഞ്ചിനീയർമാർക്കു കവികളാവണം,
ഈച്ചകൾ ശരപ്പക്ഷിയ്ക്കു പഠിക്കുന്നു,
കവികൾ ഈച്ചകളാവാനും പാടുപെടുന്നു.
പൂച്ചയ്ക്കു പക്ഷേ
പൂച്ചയായാൽ മതി,
ഏതു പൂച്ചയും കലർപ്പില്ലാത്തൊരു പൂച്ച,
മീശരോമം മുതൽ വാലു വരെ,
മണത്ത എലി മുതൽ പിടിച്ച എലി വരെ,
രാത്രി മുതൽ അവന്റെ പൊന്നിൻകണ്ണുകൾ വരെ.
മറ്റൊന്നിനുമില്ല
പൂച്ചയെപ്പോലൊരു പൊരുത്തം:
പൂക്കൾക്കുമില്ല ചന്ദ്രനുമില്ല
ഇങ്ങനെയൊരു നിറവ്;
സൂര്യൻ പോലെ, പുഷ്യരാഗം പോലെ
ഒന്നായ ഒന്ന്.
വഴങ്ങുന്ന പുറവടിവോ,
ഒരു പായ്ക്കപ്പലിന്റെ അണിയം പോലെ,
ഉറച്ചതും നേർത്തതും.
പൂച്ചയുടെ മഞ്ഞക്കണ്ണുകൾ
രാത്രിയുടെ നാണയങ്ങളിടാൻ പാകത്തിൽ
ഒരു വിടവ്.
ഹേ, രാജ്യമില്ലാത്ത ചക്രവർത്തീ,
നാടില്ലാത്ത ജേതാവേ,
സ്വീകരണമുറിയിലെ കുഞ്ഞുവ്യാഘ്രമേ,
പുരപ്പുറങ്ങളിലെ ശൃംഗാരസ്വര്‍ഗത്തെ മണവാളസുൽത്താനേ,
പതുപതുത്ത നാലു ചുവടുകൾ തറയിൽ തൊടുവിച്ച്,
മണപ്പിച്ചും, സംശയത്തോടെ വീക്ഷിച്ചും
(പൂച്ചയുടെ നിർമ്മലപാദത്തിനു
മലിനപ്പെട്ടതാണല്ലോ
മണ്ണിലുള്ള സകലതും)
നീ നിൽക്കുമ്പോൾ
നിനക്കു വേണം
വായുവിൽ പ്രണയത്തിന്റെ സ്പർശം.
അഴിച്ചുവിട്ട വീട്ടുമൃഗമേ,
ധാർഷ്ട്യമാർന്ന രാത്രിയുടെ
അവശിഷ്ടമേ,
അലസൻ, മെയ്‌വഴക്കമുറ്റവൻ, അന്യൻ,
ആഴമറിയാത്ത പൂച്ചേ,
മനുഷ്യന്റെ മുറികളിലെ
രഹസ്യപ്പോലീസേ,
നഷ്ടമായൊരു സൂര്യപടത്തിന്റെ
പതക്കമേ!
ഒരു നിഗൂഢതയുമില്ല
നിന്റെ നടപ്പിലും മട്ടിലുമെന്നാവാം,
നീയൊരു സമസ്യയേയല്ലെന്നുമാവാം.
ഏവർക്കുമറിയാം നിന്നെ,
ഒരു രഹസ്യവുമില്ലാത്തൊരന്തേവാസി നീ.
എല്ലാവരും കരുതുന്നു
താനൊരു പൂച്ചയുടെ യജമാനനാണെന്ന്,
ഉടമസ്ഥനോ, അമ്മാവനോ,
കൂട്ടാളിയോ ആണെന്ന്,
ഏതോ ഒരു പൂച്ചയുടെ
സഹപ്രവർത്തകനോ,
ശിഷ്യനോ, ചങ്ങാതിയോ ആണെന്ന്.
അവരിൽപ്പക്ഷേ ഞാനില്ല.
പൂച്ചകളുടെ നേരെനിക്കറിയില്ല.
മറ്റെല്ലാമെനിക്കറിയാം,
ജീവിതവും അതിന്റെ വൻകരയും,
കടലുകളും, പ്രവചനങ്ങൾ തെറ്റിക്കുന്ന നഗരങ്ങളും,
സസ്യശാസ്ത്രം,
അന്തഃപുരവും അതിനുള്ളിലെ ഉന്മാദങ്ങളും,
ഗണിതത്തിലെ കൂട്ടലും കിഴിക്കലും.
എനിക്കറിയാം
ലാവയൊഴുകുന്ന ഭൂമിയുടെ സിരകൾ,
മുതലയുടെ മായത്തൊലി,
തീയണയ്ക്കുന്നവന്റെ കണ്ണിൽപ്പെടാത്ത കാരുണ്യം,
പുരോഹിതന്റെ നീലിച്ച ബീജഗുണവും.
പക്ഷേ
പൂച്ചകളുടെ പൊരുൾ തിരിയുന്നില്ലെനിക്ക്.
എന്റെ യുക്തി
അവരുടെ ഉദാസീനതയിൽ തട്ടി തെന്നിപ്പോകുന്നു.
അവരുടെ കണ്ണുകളിലുണ്ട് പൊന്നിന്റെ അക്കങ്ങൾ.
4 comments:
എന്റെ യുക്തി
അവരുടെ ഉദാസീനതയിൽ തട്ടി തെന്നിപ്പോകുന്നു.
അവരുടെ കണ്ണുകളിലുണ്ട് പൊന്നിന്റെ അക്കങ്ങൾ.
എല്ലാം തികഞ്ഞതൊന്ന് കണ്മുന്നില് ഒരു ഹമ്മറിനടിയില്പ്പെട്ടു. ചിത്രം നന്നായി
പൂച്ചകളെ എനിക്കിഷ്ടമാണ്. പൂച്ചക്കവിതയും ഏറെ ഇഷ്ടമായി..
ഞാനും ഒരു പൂച്ചസ്നേഹി.
പൂച്ച - നല്ല വൃത്തിയും മര്യാദയും സ്വാതന്ത്ര്യവും ഇഷ്ടപ്പെടുന്നതുമായ ഓമനമൃഗം.
ഈ പൂച്ചക്കവിത എനിക്കും ഇഷ്ടമായി.
Post a Comment