Monday, May 24, 2010

കാഫ്ക-പിശാച്

ScanImage001
കാസിനെല്ലീസിന്റെ ചില്ലലമാരകൾക്കു മുന്നിൽ ചുറ്റിപ്പറ്റിനില്ക്കുകയായിരുന്നു രണ്ടു കുട്ടികൾ; ആറു വയസ്സുള്ള ഒരാൺകുട്ടിയും ഏഴു വയസ്സുള്ള ഒരു പെൺകുട്ടിയും; വിലകൂടിയ വേഷമാണ്‌ ഇരുവർക്കും. ദൈവത്തെയും പാപത്തെയും കുറിച്ചാണ്‌ അവർ സംസാരിക്കുന്നത്. ഞാൻ അവരുടെ പിന്നിൽ ചെന്നുനിന്നു. പെൺകുട്ടിയുടെ അഭിപ്രായത്തിൽ, അവൾ കത്തോലിക്കാവിശ്വാസിയാകാം, ദൈവത്തെ കബളിപ്പിക്കലാണ്‌ ശരിക്കുള്ള പാപം. കുട്ടികൾക്കു സഹജമായ വാശിയോടെ ആൺകുട്ടിയ്ക്കപ്പോളറിയണം, അവൻ പ്രൊട്ടസ്റ്റന്റുകാരനായിരിക്കാം, മനുഷ്യരെ കബളിപ്പിക്കുന്നതോ മോഷ്ടിക്കുന്നതോ പിന്നെയെന്താണെന്ന്. ‘അതും വലിയ പാപം തന്നെ,’ പെൺകുട്ടി പറഞ്ഞു, ‘അതുപക്ഷേ ഏറ്റവും വലിയ പാപമല്ല, ദൈവത്തിനെതിരെ ചെയ്യുന്ന പാപമാണ്‌ ഏറ്റവും വലുത്. മനുഷ്യനെതിരെ ചെയ്യുന്ന പാപത്തിനു കുമ്പസാരമുണ്ടല്ലോ. ഞാൻ കുമ്പസാരിക്കുമ്പോൾ എനിക്കു തൊട്ടുപിന്നിൽ ഒരു മാലാഖ നില്ക്കുന്നുണ്ടാവും; പക്ഷേ ഞാൻ പാപം ചെയ്യുമ്പോൾ പിശാച് പിന്നിൽ വന്നു നില്ക്കും, നാമതു കാണുന്നില്ലെന്നേയുള്ളു.’ എന്നിട്ട് ആ കപടഗൗരവം മതിയാക്കി അവൾ തമാശയായി ഉപ്പൂറ്റിയൂന്നി ഒന്നു തിരിഞ്ഞു കൊണ്ടു പറഞ്ഞു: ‘നോക്കൂ, എന്റെ പിന്നിൽ ആരുമില്ല.’ ആൺകുട്ടിയും ഒന്നു വട്ടം തിരിഞ്ഞു; അവൻ എന്നെ കാണുകയും ചെയ്തു. ‘നോക്കൂ,’ താൻ പറയുന്നത് എന്റെ ചെവിയിൽ വീഴാതെവരില്ല എന്നതൊന്നും ശ്രദ്ധിക്കാതെ, ഇനിയഥവാ അതിനെക്കുറിച്ചൊന്നും ആലോചിക്കാതെയുമാവാം, അവൻ പറഞ്ഞു, ‘എന്റെ പിന്നിൽ നില്പ്പുണ്ടല്ലോ പിശാച്.’ ‘അതു ഞാനും കണ്ടു,’ പെൺകുട്ടി പറഞ്ഞു, ‘പക്ഷേ ഞാനുദ്ദേശിച്ച പിശാചു വേറെയാണ്‌.’

(15.02.1920-ലെ ഡയറിക്കുറിപ്പിൽ നിന്ന്)

2 comments:

സോണ ജി said...

എന്റെ പിന്നിൽ നില്പ്പുണ്ടല്ലോ പിശാച്.’ ‘അതു ഞാനും കണ്ടു,’ പെൺകുട്ടി പറഞ്ഞു, ‘പക്ഷേ ഞാനുദ്ദേശിച്ച പിശാച് വേറെയാണ്

കുട്ടനാടന്‍ said...

എന്‍റെ പടം കാണുകയോ കണ്ണാടിയില്‍ നോക്കുകയോ ചെയ്താലും മതി