എത്രയും പ്രിയപ്പെട്ട മേയ്,
പീച്ച് പഴങ്ങൾക്കു വളരെ വളരെ നന്ദി. അവ സ്വാദിഷ്ഠമായിരുന്നു. നിന്നെ ചുംബിക്കുന്നത്ര നന്നായിരുന്നു അവ; അത്രതന്നെ എന്നു ഞാൻ പറയുന്നില്ല; നോക്കട്ടെ, അതിന്റെ കൃത്യമായ അളവെടുത്താൽ, ഒരു മുക്കാൽ ഭാഗത്തോളം അതുപോലെ എന്നു ഞാൻ പറയും. എത്ര നല്ല കാലാവസ്ഥയാണെന്നോ ഞങ്ങൾക്കിവിടെ! മനോഹരമാണു കടലോരം. ഞാനങ്ങനെ നടന്നുപോകുമ്പോൾ പാറകൾക്കിടയിൽ തളം കെട്ടിയ വെള്ളത്തിൽ നീ തൂവാലയും കഴുകിക്കൊണ്ടു നില്ക്കുന്നതായി ഒരു ദിവസം എന്റെ കണ്ണില്പെടണമെന്നേ എനിക്കൊരാഗ്രഹമുള്ളു! പക്ഷേ ഞാൻ കടലോരത്തലഞ്ഞുനടക്കുന്നതും നിന്നെ തേടുന്നതും വെറുതെ: ഞാൻ അപ്പോൾ ചോദിച്ചുപോകുന്നു, “എവിടെ മേയ്?” ബുദ്ധികെട്ട ആ വള്ളക്കാർ പറയുകയാണ്, “മേയ് ആയിട്ടില്ല സാർ; ഇതു സെപ്തംബറാണ്!” പക്ഷേ അതെനിക്കു സാന്ത്വനമാകുന്നുമില്ല.
എന്നും നിനക്കു പ്രിയപ്പെട്ട
സി.എൽ.ഡി
(ഗണിതജ്ഞനും എഴുത്തുകാരനുമായ ലൂയിസ് കാരൾ (1832-1898) മേയ് മിലെഹാമിനെഴുതിയത്)
No comments:
Post a Comment