Thursday, December 5, 2013

പ്രണയലേഖനങ്ങൾ(17)- അൽബൻ ബർഗ്

alban berg helene

 


“ഒരാൾ തന്റെ ഏറ്റവുമടുത്ത ഒരു സുഹൃത്തിന്‌, അതും പോകട്ടെ, താൻ സ്നേഹിക്കുന്നവൾക്ക് കത്തെഴുതുമ്പോൾ തന്റെ കൈയിലുള്ള ഏറ്റവും നല്ല വേഷമെടുത്തണിയുകയാണയാൾ. കാരണം ആ കത്തിന്റെ സ്വസ്ഥതയിൽ, നീലക്കടലാസ്സിന്റെ പ്രശാന്തതയിൽ തന്റെ ഏറ്റവും ആത്മാർത്ഥമായ അനുഭൂതികൾ പകർത്തിവയ്ക്കാൻ അയാൾക്കു കഴിയുന്നു. ദൈനന്ദിനോപയോഗം കൊണ്ട് അത്രമേൽ മലിനപ്പെട്ടുപോയ നാവിനും വാമൊഴിയ്ക്കും പേനയ്ക്കു നിശബ്ദമെഴുതാൻ കഴിയുന്ന ആ സൌന്ദര്യത്തെ തുറന്നുപറയാനുള്ള കഴിവില്ലാതായിരിക്കുന്നു.”

ഇന്നു കാലത്തു നിന്റെ കത്തു വന്നപ്പോൾ സ്ട്രിൻഡ്ബർഗ് പറഞ്ഞത് എനിക്കോർക്കാതിരിക്കാൻ കഴിഞ്ഞില്ല...

നീ അയച്ച മനോഹരമായ കുഞ്ഞുപൂക്കൾ മലകളോടുള്ള എന്റെ അഭിനിവേശത്തെ പിന്നെയും വിളിച്ചുണർത്തിയിരിക്കുന്നു. എന്തു ഭാഗ്യവതിയാണു നീ! ഊതനിറത്തിലുള്ള തൊട്ടാവാടിപ്പൂവുകളും കറുത്ത ബ്യൂഗിളുകളും കടുംചുവപ്പു റോഡോഡെൻഡ്രോണുകളും നിറഞ്ഞ മലമുകളിലെ പുല്പരപ്പുകൾ, മരക്കുറ്റികളും ചില്ലകളും ചിതറിക്കിടക്കുന്ന കൊല്ലികൾ, വെളുത്ത പാറക്കൂട്ടങ്ങൾക്കിടയിലെ കറുത്ത ഉടുമ്പുകൾ, മുരടിച്ച പൈന്മരങ്ങൾക്കടിയിലെ കാട്ടുകോഴിപ്പറ്റങ്ങൾ- ഇതെല്ലാം എനിക്കു സ്വപ്നം കാണാനേ കഴിയൂ. അതൊക്കെ നിന്റെ തട്ടകമാണ്‌, നീയാണവിടെ റാണി. ഇങ്ങുതാഴെയുള്ള സമതലജീവികൾക്ക് അസൂയയോടെയോ ആരാധനയോടെയോ ആ ഉയരങ്ങളിലേക്കു നോക്കി നില്ക്കാമെന്നു മാത്രം.

പക്ഷേ അവിടെയ്ക്കു നയിക്കുന്ന വഴികൾ എനിക്കറിയാം, അധികമാരും പോയിട്ടില്ലാത്ത വഴികളും. അങ്ങു മുകളിലൊരിടത്ത്, കാറ്റിനും മേഘത്തിനുമിടയിൽ, മഞ്ഞു കൊണ്ടു മരവിച്ചതെങ്കിലും പ്രണയം കൊണ്ടു  ചൂടുള്ള കൈയും നീട്ടി നിന്നെ എതിരേല്‍ക്കാന്‍ ഞാൻ നില്പുണ്ടാവും.

പക്ഷേ എന്റെ ഏറ്റവും നല്ല വേഷമഴിച്ചുവച്ചിട്ട് (കണ്ടാൽ ടൂറിസ്റ്റുകളുടെ വേഷം പോലെയുണ്ടിത്) ഞാനിനി ദൈനന്ദിനവേഷം എടുത്തു ധരിക്കട്ടെ; കാരണം പോസ്റ്റുമാൻ കാത്തു നില്ക്കുകയാണ്‌! അവസാനിപ്പിക്കുന്നതിനു മുമ്പ് സ്ട്രിൻഡ്ബർഗിൽ നിന്ന് ഇതുകൂടി: “കമിതാക്കളുടെ ആത്മാക്കൾ യഥാർത്ഥജീവിതത്തിലെന്നതിനെക്കാൾ നന്നായിട്ടാണ്‌ കത്തുകളിൽ പ്രത്യക്ഷപ്പെടുന്നതെങ്കിൽ അതിൽ കൃത്രിമമോ കാപട്യമോ ഒന്നുമില്ല. കാമുകൻ തന്റെ പ്രണയലേഖനങ്ങളിൽ കളവു കാണിക്കുന്നുമില്ല. താൻ യഥാർത്ഥത്തിലും നല്ലവനാണെന്നു പെരുപ്പിച്ചുകാട്ടുകയുമല്ലയാൾ: അയാൾ കൂടുതൽ നല്ലവനാവുകയാണ്‌, ആ നിമിഷങ്ങളിൽ അയാൾ കൂടുതൽ നല്ലവനാണ്‌. അയാൾ യഥാർത്ഥത്തിൽ താൻ തന്നെയാവുന്നത് ഈ തരം നിമിഷങ്ങളിലാണ്‌, ജീവിതത്തിനു നമുക്കു നല്കാവുന്ന ഏറ്റവും മഹത്തായ നിമിഷങ്ങളിൽ.”

1908 ജൂലൈ 18


ആസ്ട്രിയൻ സംഗീതജ്ഞനായ അൽബൻ മരിയ യൊഹാനസ് ബർഗ്(1885-1935) കാമുകിയും ഗായികയുമായ ഹെലെൻ നഹോവ്സ്കിക്കയച്ച കത്ത്

No comments: