നീ ആഗ്രഹിക്കുന്നത്ര ഞാൻ നിന്നെ സ്നേഹിക്കുന്നില്ലെന്നു ചിലനേരം നിനക്കു സംശയം തോന്നാറുണ്ടോ? എന്റെ പ്രിയപ്പെട്ട കുട്ടീ, നിന്നെ ഞാൻ എന്നുമെന്നും സ്നേഹിക്കുന്നു, അതും കലവറയില്ലാതെ. നിന്നെ അറിയും തോറും നിന്നെ സ്നേഹിച്ചിട്ടേയുള്ളു ഞാൻ. അത് ഇന്ന രീതിയിലെന്നുമില്ല- എന്റെ കുശുമ്പുകൾ പോലും എന്റെ പ്രണയത്തിന്റെ നോവുകളായിരുന്നു; വികാരം കത്തിനിന്ന ചില മുഹൂർത്തങ്ങളിൽ ഞാൻ നിനക്കു വേണ്ടി മരിക്കുക പോലും ചെയ്യുമായിരുന്നു. ഞാൻ നിന്നെ ഏറെ ശല്യപ്പെടുത്തിയിട്ടുണ്ട്. അതു പക്ഷേ പ്രണയത്തിനു വേണ്ടിയായിരുന്നു! അതെങ്ങനെ ഞാൻ ഒഴിവാക്കാൻ? എന്നും പുതുമയാണു നീ. നിന്റെ ഏറ്റവുമൊടുവിലത്തെ ചുംബനങ്ങളായിരുന്നു ഏറ്റവും മാധുര്യമുള്ളവ; ഏറ്റവും ഒടുവിലത്തെ പുഞ്ചിരിയായിരുന്നു ഏറ്റവും ദീപ്തം; ഒടുവിലത്തെ ചലനങ്ങളായിരുന്നു ഏറ്റവും അഴകാർന്നവയും. ഇന്നലെ നീ എന്റെ വീടിന്റെ ജനാല കടന്നുപോയപ്പോൾ നിന്നെ ആദ്യമായി കാണുകയാണെന്നപോലെ നിന്നെ ഞാൻ ആരാധിച്ചുപോയി. ഞാൻ നിന്റെ സൌന്ദര്യത്തെ മാത്രമേ സ്നേഹിക്കുന്നുള്ളുവെന്ന് പാതിയൊരു പരാതി പോലെ നീ പറഞ്ഞിരുന്നല്ലോ. അതല്ലാതെ മറ്റൊന്നും ഞാൻ സ്നേഹിക്കാൻ നിന്നിൽ കാണുന്നില്ല? എന്റെ കൈകളുടെ തടവറയിലേക്കു സ്വമനസ്സാലെ പറന്നിറങ്ങുന്നൊരു ഹൃദയത്തെ ഞാൻ കാണുന്നില്ലേ? ഭാവി എത്ര ആശങ്കാജനകമായിക്കോട്ടെ, ഒരു നിമിഷം പോലും നിന്നെക്കുറിച്ചു ചിന്തിക്കാതിരിക്കാൻ എനിക്കാവില്ല. അതൊരുവേള സന്തോഷത്തിനെന്നപോലെ ശോകത്തിനുമുള്ള വിഷയമായേക്കാം- അതു ഞാൻ വിട്ടുകളയുന്നു. നീ എന്നെ സ്നേഹിക്കുന്നില്ലെങ്കില്ക്കൂടി എനിക്കു നിന്നെ ആരാധിക്കാതിരിക്കാനാവില്ല: അപ്പോൾപ്പിന്നെ നിനക്കെന്നെ സ്നേഹമാണെന്നറിഞ്ഞിരിക്കെ എത്രയായിരിക്കും എന്റെ സ്നേഹത്തിന്റെ തീവ്രത! തന്നെക്കാൾ എത്രയോ ചെറുതായൊരുടലിൽ കഴിയാൻ നിർബന്ധിതമായ മറ്റൊരു മനസ്സുമുണ്ടാവില്ല, എന്റെ മനസ്സു പോലെ ഇത്രയും അതൃപ്തവും അസ്വസ്ഥവുമായി. എന്റെ മനസ്സ് പൂർണ്ണവും അവിചലിതവുമായ ആനന്ദത്തിനായി മറ്റൊന്നിലും ആശ്രയം തേടുന്നതായും ഞാൻ കണ്ടിട്ടില്ല- നീ എന്ന വ്യക്തിയിലല്ലാതെ. നീ എന്റെ മുറിയിലുള്ളപ്പോൾ എന്റെ ചിന്തകൾ ഒരിക്കലും ജനാല തുറന്നു പുറത്തേക്കു പറക്കാറില്ല: എന്റെ ചേതനയാകെ നിന്നിൽ കേന്ദ്രീകരിക്കുന്നു. നമ്മുടെ പ്രണയങ്ങളെക്കുറിച്ച് നിന്റെ ഒടുവിലത്തെ കുറിപ്പിൽ നീ പ്രകടിപ്പിച്ച ഉത്കണ്ഠ എനിക്കു വലിയൊരു സന്തോഷത്തിനു കാരണമായിരിക്കുന്നു: എന്നാൽക്കൂടി ആ തരം ഊഹാപോഹങ്ങൾ മനസ്സിനെ അലട്ടാൻ ഇനിയും നീ നിന്നുകൊടുക്കുകയുമരുത്: നിനക്കെന്നോട് എത്ര ചെറുതെങ്കിലുമായൊരു വൈരാഗ്യമുണ്ടെന്ന് ഞാനും വിശ്വസിക്കുകയില്ല. ബ്രൌൺ പുറത്തേക്കു പൊയ്ക്കഴിഞ്ഞു- ഇതാ പക്ഷേ മിസ്സിസ് വൈലി വന്നിരിക്കുന്നു- അവരും പോയാൽ ഞാൻ നിനക്കു വേണ്ടി ഉണർന്നിരിക്കാം...
(1820 മാര്‍ച്ച്)
ഇംഗ്ളീഷ് കാല്പനികകവി ജോൺ കീറ്റ്സ്(1795-1821) ഫ്രാൻസെസ് ബ്രാൺ ലിൻഡൊണെഴുതിയത്
No comments:
Post a Comment