കിടക്കയിലായിരിക്കുമ്പോൾ പോലും എന്റെ ചിന്തകൾ നിന്നിലേക്കു കുതിച്ചെത്തുകയാണല്ലോ, എന്റെ നിത്യകാമുകീ; ആഹ്ളാദത്തോടെ ചിലപ്പോൾ, പിന്നെ സന്താപത്തോടെ, വിധി നമ്മുടെ പ്രാർത്ഥന കേൾക്കുമോയെന്നുള്ള ആകാംക്ഷയോടെ. ജീവിതത്തെ നേരിടണമെന്നുണ്ടെങ്കിൽ എനിക്കു നിന്നോടൊത്തു ജീവിച്ചേ മതിയാവൂ, അല്ലെങ്കിൽ ഒരിക്കലും ഞാൻ നിന്നെ കാണുകയുമരുത്. എനിക്കു നിന്റെ കൈകളിലേക്കോടിയെത്താൻ, എന്റെ വീടു ഞാനവിടെക്കണ്ടു എന്നു പറയാൻ, ആത്മാവുകളുടെ ധന്യദേശത്തെത്തിക്കാൻ എന്റെ ആത്മാവിനെ ഞാൻ നിന്നെയേല്പിച്ചു എന്നു പറയാൻ എനിക്കാവുന്ന കാലം വരെയ്ക്കും വിദൂരദേശങ്ങളിൽ അഭയാർത്ഥിയായി അലഞ്ഞുനടക്കാൻ ഞാൻ തീരുമാനമെടുത്തിരിക്കുന്നു. അതെ, എനിക്കു സങ്കടമാണതെങ്കിലും അതങ്ങനെയാവാതെ പറ്റുകയുമില്ല. എത്ര വിശ്വസ്തനാണു ഞാൻ നിന്നോടെന്നു നിനക്കു മനസ്സിലായി വരുമ്പോൾ നിന്റെ മനസ്സ് അതിന്റെ വിഷമങ്ങളെ അതിജീവിച്ചുകൊള്ളും; ഒരിക്കലും, ഒരിക്കലുമാവില്ല മറ്റൊരു പെണ്ണിന് എന്റെ ഹൃദയം കവരാൻ- ഒരാൾ താൻ അത്രമേൽ സ്നേഹിക്കുന്നതൊന്നിൽ നിന്നകലെപ്പോകണമെന്നുണ്ടായതെന്തിനാലാണു ദൈവമേ! എന്നാലും വി(യന്ന)യിലെ എന്റെ ഇപ്പോഴത്തെ ജീവിതം ഒരു ദുരിതജീവിതം തന്നെ- നിന്റെ പ്രേമത്താൽ മനുഷ്യരിൽ വച്ച് ഏറ്റവും സന്തുഷ്ടനും അസന്തുഷ്ടനുമായിരിക്കുകയാണു ഞാൻ. ജീവിതത്തിന് ഒരു സ്ഥിരതയും ക്രമവും വേണ്ട പ്രായം ഞാൻ എത്തിയിരിക്കുന്നു. പക്ഷേ നമ്മുടെ ബന്ധവും അതുമായി ഒത്തുപോകുമോ? ദേവീ, തപാൽ എന്നും എടുക്കുന്നുണ്ടെന്ന് ഇതാ ഇപ്പോൾത്തന്നെ ഞാൻ കേട്ടു; പെട്ടെന്നുതന്നെ കത്തു നിനക്കു കിട്ടണമെന്നുള്ളതിനാൽ എനിക്കിതു ചുരുക്കേണ്ടിയിരിക്കുന്നു- ശാന്തയായിരിക്കുക; ശാന്തമായ പര്യാലോചന കൊണ്ടേ ഒരുമിച്ചുജീവിക്കുക എന്ന ലക്ഷ്യം നേടിയെടുക്കാൻ നമുക്കു കഴിയൂ. ശാന്തയായിരിക്കുക- എന്നെ സ്നേഹിക്കുക- ഇന്ന്- ഇന്നലെ. കണ്ണീരോടെ ഞാൻ ആർത്തിപ്പെടുന്നു- നിനക്കായി- എന്റെ പ്രാണനായ- എന്റെ എല്ലാമായ- നിനക്കായി. വിട, ഇത്രയും വിശ്വസ്തമായ ഒരു കാമുകഹൃദയത്തെ ഒരിക്കലും സംശയിക്കരുതേ.
എന്നും നിന്റെയായ
എന്നും എന്റെയായ
എന്നും നമ്മുടെയായ
എൽ.
ലുഡ് വിഗ് വാൻ ബീഥോവന്റെ മരണശേഷം കണ്ടെടുത്ത ഈ കത്തിൽ ആ ‘നിത്യകാമുകി’യുടെപേരോ വിലാസമോ ഒന്നുമില്ല; വർഷം പോലും വച്ചിട്ടില്ല. ജൂലൈ 7നാണ് എഴുതിയത് എന്നുമാത്രം നമുക്കറിയാം.
No comments:
Post a Comment