എന്റെ കാര്യത്തിൽ നീ വ്യാമോഹങ്ങൾ വച്ചുപുലർത്തുന്നു എന്ന് നിന്റെ കത്തിലെ ഒരു പുറം കൊണ്ട് എനിക്കു മനസ്സിലായിരിക്കുന്നതിനാൽ എന്നെക്കുറിച്ച് ഒരു തുറന്ന വിശദീകരണം നല്കാൻ ഞാൻ ബാധ്യസ്ഥനായിരിക്കുന്നു. അതങ്ങനെ പൊയ്ക്കോട്ടെ എന്നു ഞാൻ വിട്ടുകളഞ്ഞാൽ എന്റെ ഭാഗത്തു നിന്നുള്ള ഒരു ഭീരുത്വമായിരിക്കും അത് (ഭീരുത്വമാകട്ടെ, ഞാൻ വെറുക്കുന്നൊരു ദുർഗ്ഗുണവുമാണ്, അതിനി ഏതു രൂപത്തിൽ വെളിച്ചപ്പെട്ടാലും).
എന്റെ അടിസ്ഥാനപ്രകൃതം, ആരെന്തൊക്കെപ്പറഞ്ഞാലും, ഒരഭിനയക്കാരന്റേതാണ്. ബാല്യത്തിലും യൌവനത്തിലും അരങ്ങിനോട് ഭ്രാന്തമായൊരു പ്രണയമായിരുന്നു എനിക്ക്. കുറച്ചുകൂടി ദരിദ്രരായിരുന്നു എന്റെ അച്ഛനമ്മമാരെങ്കിൽ ഞാൻ ഒരുപക്ഷേ വലിയൊരു നടൻ തന്നെ ആകുമായിരുന്നു. ഇപ്പോഴും മറ്റെന്തിനെക്കാളും ഞാൻ സ്നേഹിക്കുന്നത് രൂപത്തെയാണ്, എന്നു പറഞ്ഞാൽ സുന്ദരമായ രൂപത്തെ; അതിനപ്പുറം ഒന്നിനെയും ഞാൻ മാനിക്കുന്നില്ല. ഹൃദയങ്ങൾ ചുട്ടുപൊള്ളുന്ന, മനസ്സുകളേറെ സങ്കോചിച്ച സ്ത്രീകൾക്ക് സൌന്ദര്യത്തിന്റെ, വികാരത്തിൽ നിന്നു വേർപെട്ട സൌന്ദര്യത്തിന്റെ ഈ മതം മനസ്സിലാവുകയില്ല. അവർക്കെന്തിനും വേണം ഒരു കാരണം, ഒരുലക്ഷ്യം. പൊന്നിനെപ്പോലെ ഞാൻ മതിക്കും വെറും കിന്നരിത്തുണ്ടിനേയും: വാസ്തവം പറഞ്ഞാൽ കിന്നരിയുടെ കവിതയാണ് മഹത്തരം, അതാണു കൂടുതൽ ദാരുണമെന്നതിനാൽ. എന്നെ സംബന്ധിച്ചിടത്തോളം ലോകമെന്നാൽ ഇത്രയേയുള്ളു: ഉജ്ജ്വലമായ കവിത, ലയം ചേർന്ന, കടഞ്ഞെടുത്ത, പാടുന്ന വരികൾ, മനോഹരമായ സൂര്യാസ്തമയങ്ങൾ, നിലാവ്, ചിത്രങ്ങൾ, പ്രാചീനശില്പങ്ങൾ, പിന്നെ മനസ്സിൽ തറ്യ്ക്കുന്ന മുഖങ്ങളും. അതിനപ്പുറം ഒന്നുമില്ല. മിരാബോയെക്കാൾ തൽമ ആകാനാണു ഞാനിഷ്ടപ്പെടുക, അദ്ദേഹം ജീവിച്ച മണ്ഡലമാണു കൂടുതൽ സുന്ദരം എന്ന കാരണത്താൽ. അടിമകളായ മനുഷ്യജീവികളെപ്പോലെ തന്നെ കൂട്ടിലടച്ച കിളികളെക്കണ്ടാലും എനിക്കു സങ്കടം വരും. രാഷ്ട്രീയത്തിന്റെ കാര്യത്തിലാവട്ടെ, എനിക്കു മനസ്സിലാവുന്നതായി ഒന്നേയുള്ളു: ലഹള. ഒരു തുർക്കിക്കാരനെപ്പോലെ വിധിവിശ്വാസിയാണു ഞാൻ: മനുഷ്യപുരോഗതിയുടെ പേരിൽ നാം എന്തു ചെയ്താലും, ഒന്നും ചെയ്യാതിരുന്നാലും ഒക്കെ ഒരുപോലെയാണെന്നാണ് എന്റെ വിശ്വാസം. പിന്നെ ആ ‘പുരോഗതി’യെക്കുറിച്ചാണെങ്കിൽ അത്ര വ്യക്തത പോരാതെ, സ്ഥൂലമായിട്ടെന്തോ ചില ആശയങ്ങൾ മാത്രമേ എനിക്കറിയൂ. അമ്മാതിരി ഭാഷയോടു ബന്ധപ്പെട്ട സർവതിനോടും വല്ലാത്തൊരു ക്ഷമകേടാണെനിക്ക്. ആധുനികകാലത്തെ സ്വേച്ഛാധിപത്യത്തെ ഞാൻ വെറുക്കുന്നു; ബുദ്ധിശൂന്യവും ദുർബലവും സ്വന്തം ബോദ്ധ്യങ്ങളുടെ ധൈര്യവും അതിനില്ലെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. എന്നാൽ പുരാതനകാലത്തെ സ്വേച്ഛാധിപത്യത്തെ ഞാൻ ഉപാസിക്കുന്നു; മനുഷ്യരാശിയുടെ ഏറ്റവും പരിഷ്കൃതമായ ആവിഷ്കാരമായിട്ടാണ് ഞാനതിനെ കാണുന്നത്. ഇതിനൊക്കെപ്പുറമേ സ്വപ്നജീവിയായ, മനസ്സടക്കമില്ലാത്ത, ചിട്ടയെന്നതില്ലാത്ത ഒരുത്തനുമാണു ഞാൻ. സ്മിർനായിൽ വച്ച് ഒരു മുസ്ലീമാകുന്നതിനെക്കുറിച്ച് ദീർഘമായും വളരെ ഗൌരവത്തോടെയും (ചിരിക്കരുതേ, എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ചില നേരങ്ങളുടെ ഓർമ്മയാണ് അതെനിക്ക്) ഞാൻ ആലോചിച്ചിരുന്നു. ഞാൻ ഇവിടം വിട്ട് ദൂരെയെങ്ങോ പോയി താമസമാക്കുന്ന ഒരു ദിവസം വരാൻ പോവുകയാണ്; എന്നെക്കുറിച്ച് പിന്നെ ഒരു വിശേഷവും നിങ്ങൾ കേൾക്കുകയില്ല. സാധാരണഗതിയിൽ മനുഷ്യരെ ഗാഢമായി സ്പർശിക്കുന്നതും, എന്നെ സംബന്ധിച്ച് അപ്രധാനവുമായതൊന്നിനെ- ശാരീരികപ്രണയമാണ് ഞാൻ ഉദ്ദേശിക്കുന്നത്- ഇതിൽ നിന്നു മാറ്റിനിർത്തിയേ ഞാൻ കണ്ടിട്ടുള്ളു. നീ ഇന്നലെ ഈ വിഷയത്തിന്റെ പേരിൽ ജെ.ജെയെ കളിയാക്കുന്നതു ഞാൻ കേട്ടു: എന്റെ കാര്യം പോലെ തന്നെയാണ് അയാളുടേതും. ഞാൻ സ്നേഹിക്കുകയും ഒപ്പം അനുഭവിക്കുകയും ചെയ്തതായി ഒരു സ്ത്രീയുണ്ടെങ്കിൽ അതു നീ മാത്രമാണ്. ഇതേ വരെ ഞാൻ സ്ത്രീകളെ ഉപയോഗപ്പെടുത്തിയിരുന്നത് മറ്റു സ്ത്രീകൾ എന്നിലുണർത്തുന്ന തൃഷ്ണകളെ ശമിപ്പിക്കാൻ വേണ്ടിയായിരുന്നു. നീ എന്നെക്കൊണ്ട് എന്റെ ചിട്ടയ്ക്ക്, എന്റെ ഹൃദയത്തിനു വിരോധം ചെയ്യിച്ചു; സ്വയം അപൂർണ്ണമായിരിക്കെ അപൂർണ്ണതയെ തേടുന്ന എന്റെ പ്രകൃതത്തിനു തന്നെയും വിരോധം ചെയ്യിച്ചു.
(ഗുസ്താവ് ഫ്ളാബേർ 1876 ആഗസ്റ്റ് 6-7ന് കോലെറ്റിനെഴുതിയത്)
No comments:
Post a Comment