Thursday, November 28, 2013

പ്രണയലേഖനങ്ങൾ(10)- ഫ്ളാബേർ

lettres a louise colet


നീ ക്രൂരയാണെന്നു നിനക്കറിയാമോ? ഞാൻ നിന്നെ സ്നേഹിക്കുന്നില്ല എന്നു പറഞ്ഞ് നീ എന്നെ കുറ്റപ്പെടുത്തുന്നു; അതിനു നീ എടുത്തുകാട്ടുന്ന തെളിവാകട്ടെ, എന്നും ഞാൻ പോവുകയാണെന്നതും. നീ തെറ്റാണു ചെയ്യുന്നത്. എങ്ങനെയാണെനിക്കു പോകാതിരിക്കാനാവുക? എന്റെ സ്ഥാനത്തു നീയായിരുന്നെങ്കിൽ എന്താവും ചെയ്യുക? നിനക്കെപ്പോഴും നിന്റെ ദുഃഖങ്ങളെക്കുറിച്ചേ പറയാനുള്ളു; അവ യഥാർത്ഥമാണെന്ന് എനിക്കറിയാത്തതല്ല; അതിനുള്ള തെളിവു ഞാൻ കണ്ടിട്ടുമുണ്ട്; നിന്റെ ദുഃഖങ്ങൾ എനിക്കനുഭവമാണെന്നതിനാൽ അത്രയ്ക്കെനിക്കവ ബോദ്ധ്യവുമാണ്‌. പക്ഷേ മറ്റൊരു ദുഃഖത്തിനുള്ള തെളിവും ഞാൻ കാണുന്നുണ്ട്, എന്നും എന്റെ അരികിലുള്ള ഒരു ദുഃഖം; അതിനു പക്ഷേ ഒരു പരാതിയുമില്ല, അതു മന്ദഹസിക്കുക കൂടി ചെയ്യുന്നുണ്ട്; അതിനടുത്തു വച്ചു നോക്കുമ്പോൾ നിന്റെ ദുഃഖം, അതിനി എത്ര പെരുപ്പിച്ചുകാട്ടിയാലും, ഒരു പൊള്ളലിനു മുന്നിൽ ഒരു കൊതുകുകടി പോലെയേയുള്ളു, മരണവേദനയുടെ മുന്നിൽ ഒരു കോച്ചിവലി പോലെ. ഞാൻ ഏറ്റവുമധികം സ്നേഹിക്കുന്ന രണ്ടു സ്ത്രീകൾ രണ്ടു കടിഞ്ഞാണുകളിണക്കി എന്നെ ഓടിക്കുകയാണ്‌; എന്റെ ഹൃദയത്തിലാണ്‌ അതിന്റെ കടിവാളം; തങ്ങളുടെ പ്രണയവും ശോകവും വച്ച് അതിൽ കൊളുത്തിവലിക്കുകയാണവർ. ഇതു വായിച്ചിട്ട് നിന്റെ കോപം ഏറുകയാണെങ്കിൽ ക്ഷമിക്കണേ; നിന്നോട് എന്തു പറയണമെന്ന് എനിക്കറിയാതായിരിക്കുന്നു; ഞാൻ അറച്ചുനില്ക്കുകയാണ്‌. നിന്നോടു മിണ്ടുമ്പോൾ നിന്നെ കരയിക്കുമെന്ന പേടിയാണെനിക്ക്, തൊട്ടാൽ മുറിപ്പെടുത്തുമെന്നും. എന്റെ പ്രചണ്ഡമായ ആശ്ളേഷങ്ങൾ നിനക്കോർമ്മയുണ്ടാവുമല്ലോ; എത്ര ബലിഷ്ഠമായിരുന്നു എന്റെ കൈകളെന്നും: നീ കിടന്നു വിറയ്ക്കുക തന്നെയായിരുന്നു. രണ്ടോ മൂന്നോ തവണ ഞാൻ നിന്നെ കരയിച്ചിട്ടുണ്ട്. എന്നാലും കുറച്ചുകൂടി യുക്തിപൂർവ്വം ചിന്തിക്കൂ, ഞാൻ സ്നേഹിക്കുന്ന പാവം കുട്ടീ: ഭാവനാസൃഷ്ടികളെയോർത്തു ഖേദിക്കുന്നതു നിർത്തുക.

എന്തിനെയും വിശകലനം ചെയ്യാനുള്ള എന്റെ സ്വഭാവത്തെ നീ കുറ്റപ്പെടുത്തുന്നു. അതേ സമയം എന്റെ വാക്കുകൾക്ക് അവയ്ക്കില്ലാത്ത ഒരു സൂക്ഷ്മദുഷ്ടതയും നീ ചാർത്തിക്കൊടുക്കുന്നുണ്ട്. എന്റെ മനസ്സിന്റെ ഘടന നിനക്കിഷ്ടപ്പെടുന്നില്ല; അതു തൊടുത്തുവിടുന്ന അഗ്നിബാണങ്ങൾ നിന്റെ ഹിതത്തിനൊക്കുന്നില്ല: എന്റെ മമതകളിൽ, എന്റെ ഭാഷയിൽ കുറച്ചു കൂടി പൊരുത്തം വേണമെന്ന്, ഐക്യരൂപ്യം വേണമെന്ന് നീ ആഗ്രഹിക്കുന്നു. മറ്റുവർ ചെയ്യുന്നതു പോലെ, എല്ലാവരും ചെയ്യുന്നതു പോലെ ഇപ്പോൾ നീ, നീയും- എന്നെക്കൊണ്ട് ആകെക്കൊള്ളാവുന്ന ഒരു കാര്യത്തിന്‌- എന്റെ കുതിപ്പുകളും പിടച്ചിലുകളും, എന്റെ വൈകാരികവിസ്ഫോടനങ്ങൾ- അതിന്‌ നീയെന്നെ കുറ്റപ്പെടുത്തുകയാണ്‌. അതെ, നിനക്കും മരത്തെ കോതിനിർത്തണം. അതിന്റെ ചില്ലകൾ ഒതുക്കമില്ലാത്തവയാണെന്നു വന്നോട്ടെ; എന്നാലും കനത്തതും ഇല തിങ്ങിയതുമാണവ; വായുവിനും വെയിലിനുമായി സർവദിശകളിലേക്കും അവയെത്തുന്നുണ്ട്. നിനക്കും മരത്തെ മെരുക്കണം, നിനക്കതിനെ ചുമരിൽ ചാരി വളരുന്ന ഒരലങ്കാരച്ചെടിയാക്കണം: ശരി തന്നെ, എങ്കിലതിൽ സുന്ദരമായ കനികളുണ്ടാവും, ഒരേണിയുടെയും സഹായമില്ലാതെ ഒരു കുട്ടിയ്ക്ക് അതിൽ നിന്ന് അവ പറിച്ചു തിന്നുകയുമാവാം. ഞാൻ എന്തു ചെയ്യണമെന്നാണു നീ പറയുന്നത്? ഞാൻ സ്നേഹിക്കുന്നത് എന്റെ രീതിയിലാണ്‌: അതു നിന്നെക്കാൾ കുറവോ കൂടുതലോയെന്ന് ദൈവത്തിനേ അറിയൂ. പക്ഷേ ഞാൻ നിന്നെ സ്നേഹിക്കുന്നു; എന്നാൽ ഞാൻ നിന്നോടു ചെയ്തത് മറ്റു വൃത്തികെട്ട പെണ്ണുങ്ങൾക്കു വേണ്ടി ഞാൻ ചെയ്തിട്ടുണ്ടാവാം എന്നു നീ പറയുമ്പോൾ...മറ്റാർക്കു വേണ്ടിയും ഞാനതു ചെയ്തിട്ടില്ല, ഒരാൾക്കും; ഞാൻ ആണയിടാം. യാത്ര ചെയ്തു പോയിക്കാണാൻ എനിക്കു തോന്നിയ- അങ്ങനെ ചെയ്യാൻ തോന്നുന്നത്ര ഞാൻ സ്നേഹിച്ച ആദ്യത്തെ സ്ത്രീ, ഒരേയൊരു സ്ത്രീ നീ തന്നെ; അതിനു കാരണം നീ സ്നേഹിക്കുമ്പോലെ എന്നെ ആദ്യമായി സ്നേഹിച്ചതു നീയാണെന്നതും. ഇല്ല: നിനക്കു മുമ്പു മറ്റൊരാളും ഇതേ കണ്ണീരൊഴുക്കിയിട്ടില്ല, വിഷാദവും ആർദ്രതയും കലർന്ന രീതിയിൽ എന്നെ നോക്കിയിട്ടില്ല.  അതെ: ആ ബുധനാഴ്ചരാത്രിയെക്കുറിച്ചുള്ള ഓർമ്മയാണ്‌ പ്രണയത്തെക്കുറിച്ചുള്ള എന്റെ ഏറ്റവും മനോഹരമായ ഓർമ്മ. നാളെ ഞാൻ വൃദ്ധനായെന്നിരിക്കട്ടെ, നഷ്ടമായതൊന്നിനെക്കുറിച്ചു ഞാൻ ഖേദിക്കുമെങ്കിൽ അത് ആ ഓർമ്മയെക്കുറിച്ചായിരിക്കും.

വിട. ഇന്നു നിന്റെ നാമകരണദിനമാണല്ലോ. ഒരു പൂച്ചെണ്ടായി ഞാൻ എന്റെ ഏറ്റവും നല്ല ചുംബനങ്ങൾ അയക്കുന്നു.

1846 ആഗസ്റ്റ് 23


ഗുസ്താവ് ഫ്ളാബേർ കോലെറ്റിനെഴുതിയത് )

No comments: