Sunday, November 3, 2013

പ്രണയലേഖനങ്ങൾ- 4 (ഫ്ലാബേർ)

flaubert

എന്റെ ആത്മീയജീവിതത്തിലേക്ക്, എന്റെ ഏറ്റവും നിഗൂഢമായ ചിന്തകളിലേക്ക് നിനക്കു ഞാൻ പ്രവേശനം തന്നിട്ടില്ലെന്നല്ലേ, എന്റെ ദേവതേ, നീ പറയുന്നത്. നിനക്കറിയാമോ, എന്നിൽ ഏറ്റവും സ്വകാര്യമായിട്ടുള്ളതെന്താണെന്ന്, എന്റെ ഹൃദയത്തിന്റെ ഏറ്റവും ഗുപ്തമായ ഉള്ളറകളിലുള്ളതെന്താണെന്ന്, ഞാനെന്നു നിസ്സംശയം പറയാവുന്നതായി എന്നിലുള്ളതെന്താണെന്ന്? കലയെക്കുറിച്ച് വലിയ അവകാശവാദങ്ങളൊന്നുമില്ലാത്ത രണ്ടോ മൂന്നോ ആശയങ്ങൾ, ഇഷ്ടത്തോടെ മനസ്സിലിട്ടാലോചിച്ചു നടക്കുന്നവയും; അത്ര തന്നെ. എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ സംഭവങ്ങൾ എന്നു പറയാൻ ചുരുക്കം  ചില പുസ്തകങ്ങൾ, ചില ആശയങ്ങൾ, ട്രൂവിയേ കടപ്പുറത്തെ ചില സൂര്യാസ്തമയങ്ങൾ, പിന്നെ വിവാഹത്തോടെ എനിക്കു നഷ്ടപ്പെട്ട ഒരു സ്നേഹിതനുമായി അഞ്ചു ആറും മണിക്കൂർ ദീർഘിച്ച സംഭാഷണങ്ങൾ ഇത്രയൊക്കെയേയുള്ളു.  മറ്റാരിൽ നിന്നും വ്യത്യസ്തമായിട്ടേ ഞാനെന്നും ജീവിതത്തെ കണ്ടിട്ടുള്ളു; നിശിതമായ സംസർഗ്ഗമില്ലായ്മയുടെ പുറത്തേക്കു വാതിലില്ലാത്ത അറയിൽ ഞാൻ സ്വയം അടച്ചിട്ടു (അതു തന്നെ എനിക്കു മതിയായത്ര ആയതുമില്ല) എന്നതാണ്‌ അതുകൊണ്ടുണ്ടായത്. എത്ര അവഹേളനകളാണു ഞാൻ സഹിച്ചത്, എത്രയാണു ഞാൻ ആളുകളെ ഞെട്ടിച്ചത്, എത്ര അറപ്പാണവർക്കെന്നോട് എന്നതിൽ നിന്നൊക്കെ പണ്ടേയെനിക്കു ബോദ്ധ്യമായി, മനസ്സമാധാനത്തോടെ ജീവിക്കണമെങ്കിൽ നിങ്ങൾ ഒറ്റയ്ക്കു ജീവിക്കണമെന്ന്, പുറംലോകത്തെ വായു ഉള്ളിലേക്കരിച്ചിറങ്ങാത്ത വിധത്തിൽ ജനാലകൾ അടച്ചു ഭദ്രമാക്കി വയ്ക്കണമെന്ന്. ആ ശീലത്തിന്റേതായി ചിലതെന്തോ ഞാനിന്നും വിടാതെ പിടിക്കുന്നു. അതുകൊണ്ടാണ്‌ കുറേ വർഷങ്ങളായി സ്ത്രീകളുമായുള്ള സഹവാസം ഞാൻ മനഃപൂർവം ഒഴിവാക്കി നടന്നത്. എനിക്കു സഹജമായ ധാർമ്മികബോധത്തിനു യാതൊന്നും വിഘാതമാവരുതെന്നു ഞാൻ ആഗ്രഹിച്ചു. ഒരു നുകവും ഒരു സ്വാധീനവും എനിക്കു മേൽ വീഴരുതെന്നു ഞാൻ ആഗ്രഹിച്ചു. ഒടുവിൽ സ്ത്രീകളുമായുള്ള സഹവാസം വേണമെന്നില്ലെന്ന നിലയിൽ ഞാനെത്തിച്ചേർന്നു. ഉടലിന്റെ പിടയ്ക്കലുകൾ, ഹൃദയത്തിന്റെ പ്രകമ്പനങ്ങൾ ഇതൊന്നും എന്റെ ജീവിതത്തിലേ ഇല്ലായിരുന്നു; എന്റെ ലൈംഗികതയെക്കുറിച്ചു പോലും ഞാൻ ബോധവാനായിരുന്നില്ല. ഞാൻ മുമ്പു നിന്നോടു പറഞ്ഞപോലെ, കുട്ടിപ്രായം കടക്കും മുമ്പേ ഞാനൊരു തീവ്രപ്രണയത്തിൽ പെട്ടുപോയിരുന്നു. അതവസാനിച്ചപ്പോൾ ജീവിതത്തെ രണ്ടായി പകുക്കാൻ ഞാൻ തീരുമാനിച്ചു; ഒരു വശം എന്റെ ആത്മാവിനുള്ളത്; അതിനെ ഞാൻ കലയ്ക്കായി മാറ്റിവച്ചിരിക്കുകയാണല്ലോ; മറ്റേ വശം എന്റെ ഉടലിന്‌; അതിനാവും മട്ട് അതു ജീവിച്ചോട്ടെ. ഇങ്ങനെ പോകുമ്പോഴാണ്‌ നീ കടന്നുവരുന്നതും സകലതും തകിടം മറിയ്ക്കുന്നതും. അങ്ങനെ ഞാനിതാ, ഒരു മനുഷ്യജീവിയെന്ന അസ്തിത്വത്തിലേക്കു മടങ്ങുന്നു!

എന്നിൽ മയങ്ങിക്കിടക്കുകയായിരുന്ന, അല്ലെങ്കിൽ കിടന്നു ജീർണ്ണിക്കുകയായിരുന്നതിനെയൊക്കെ നീ തട്ടിയുണർത്തിയല്ലോ! മുമ്പും ഞാൻ സ്നേഹത്തിനു പാത്രമാകാതിരുന്നിട്ടില്ല, അതും അതിതീവ്രതയോടെയും; പക്ഷേ പെട്ടെന്നു മറവിയില്പെട്ടുപോകുന്ന ഗണത്തില്പ്പെട്ടവനാണു ഞാൻ; വികാരത്തിനു തിരി കൊളുത്താമെന്നല്ലാതെ അതു കെടാതെ സൂക്ഷിക്കാനുള്ള കഴിവെനിക്കു കുറവാണ്‌. ഞാനുണർത്തുന്ന സ്നേഹം എന്നും ഒരല്പം വിചിത്രമായതിനോടു തോന്നുന്ന സ്നേഹമായിരുന്നു. എന്തൊക്കെയായാലും സ്നേഹം ജിജ്ഞാസയുടെ ഒരു കൂടിയ രൂപം മാത്രമാണല്ലോ. അറിയപ്പെടാത്തതിനു നേർക്കൊരു ദാഹം; കൊടുങ്കാറ്റിനു നടുവിലേക്കെടുത്തു ചാടാൻ നിങ്ങളെ തള്ളിവിടുകയാണത്.

download

ഞാൻ പറഞ്ഞുവല്ലോ, പലരും എന്നെ സ്നേഹിച്ചിരുന്നു, പക്ഷേ നീ സ്നേഹിക്കുന്ന രീതിയിൽ ആരും ഇതേവരെ എന്നെ സ്നേഹിച്ചിട്ടില്ല; നമുക്കിടയിലുള്ള പോലൊരു ബന്ധം എനിക്കും മറ്റൊരു സ്ത്രീക്കുമിടയിൽ ഇന്നേവരെ ഉണ്ടായിട്ടുമില്ല. ഇത്ര ഗാഢമായ ഒരാത്മസമർപ്പണം, ഇത്രയ്ക്കപ്രതിരോധ്യമായ ഒരാകർഷണം മറ്റൊരു സ്ത്രീയോടും എനിക്കു തോന്നിയിട്ടില്ല; ഇത്ര പൂർണ്ണമായ ഒരൈക്യം ഇതിനു മുമ്പുണ്ടായിട്ടില്ല. പുറം പകിട്ടിനോടാണ്‌, ബാഹ്യസൌന്ദര്യത്തോടാണ്‌ എനിക്കിഷ്ടമെന്ന് എന്തിനാണു നീ ഇടയ്ക്കിടെ പറയുന്നത്? ‘രൂപത്തിന്റെ കവി! യഥാർത്ഥകലാകാരന്മാരുടെ നേർക്കെടുത്തെറിയാൻ പ്രയോജനവാദികൾ ഏറ്റവും ഇഷ്ടപ്പെടുന്ന തെറിവാക്കാണത്. എന്റെ കാര്യം പറയുകയാണെങ്കിൽ, ഒരു വാക്യമെടുത്ത് അതിൽ നിന്ന് രൂപവും ഉള്ളടക്കവും വേർതിരിച്ചെന്നെ കാണിക്കാന്‍ ഒരാൾ മുന്നോട്ടു വരുന്ന കാലം വരെ അങ്ങനെയൊരു വിഭജനം അർത്ഥശൂന്യമാണെന്ന വാദം തന്നെ ഞാൻ മുറുകെപ്പിടിക്കും. ഏതു സുന്ദരമായ ആശയത്തിനും സുന്ദരമായ ഒരു രൂപമുണ്ടാകും, മറിച്ചും. കലയുടെ ലോകത്ത് സൌന്ദര്യം രൂപത്തിന്റെ ഒരു ഉപോത്പന്നമാണ്‌, നമ്മുടെ ലോകത്ത് പ്രലോഭനം പ്രേമത്തിന്റെ ഉപോത്പന്നമാണെന്നു പറയുന്ന പോലെ തന്നെ. ഒരു ഭൌതികവസ്തുവിൽ നിന്ന് അതിന്റെ ഗുണങ്ങളെ- അതിന്റെ നിറം, പരിമാണം, ഖരത്വം- എടുത്തുമാറ്റാനാവില്ല, ശൂന്യമായ ഒരമൂർത്തതയായി അതിനെ ചുരുക്കാതെ, അതിനെ നശിപ്പിക്കാതെ എന്നതുപോലെ തന്നെ രൂപത്തെ ആശയത്തിൽ നിന്നും അടർത്തിമാറ്റാനുമാവില്ല; കാരണം, രൂപത്തിന്മേലേ ആശയത്തിനു നിലനില്പുള്ളു. രൂപമില്ലാത്ത ഒരാശയത്തെ ഒന്നു സങ്കല്പിച്ചുനോക്കൂ- ഒരാശയവും പ്രകാശിപ്പിക്കാത്ത ഒരു രൂപം പോലെ അസാദ്ധ്യമായതൊന്നാണ്‌ അതും. ഇമ്മാതിരി മൂഢതകളിലാണ്‌ വിമർശനം വേരിറക്കി വളരുന്നത്. നല്ല ശൈലീകാരന്മാർക്കു ശകാരമാണ്‌, അവർ ആശയത്തെ, ധാർമ്മികലക്ഷ്യത്തെ അവഗണിക്കുന്നുവെന്ന്; അതു കേട്ടാൽ തോന്നും ഡോക്ടറുടെ ലക്ഷ്യം സുഖപ്പെടുത്തലല്ലെന്ന്, ചിത്രകാരന്റെ ലക്ഷ്യം ചിത്രം വരയ്ക്കലല്ലെന്ന്, രാപ്പാടിയുടെ ലക്ഷ്യം പാടുകയല്ലെന്ന്, കലയുടെ ലക്ഷ്യം, പ്രഥമവും പ്രധാനവുമായി, സൌന്ദര്യമല്ലെന്ന്!

1846 സെപ്തംബർ 18 രാത്രി 10 മണി.

ഗുസ്താവ് ഫ്ലാബേർ ലൂയിസ് കോലെറ്റിനെഴുതിയത്

No comments: