എന്റെ ചോരയ്ക്കു പക വീട്ടാനാരേ വിളിച്ചു ഞാൻ കരയും,
എന്റെ സ്വന്തം കൈകളാണെന്റെ ചോര വീഴ്ത്തിയതെന്നിരിക്കെ?
എന്നെ വെറുത്തവരുടെ ഹൃദയങ്ങൾ ഞാൻ തുറന്നുകണ്ടു,
എന്റെ ഹൃദയത്തോളമെന്നെ വെറുത്തവരാരുമില്ലെന്നും ഞാൻ കണ്ടു.
ശത്രുവിന്റെ വെട്ടും കുത്തും കഠിനങ്ങൾ തന്നെയായിരുന്നു,
എന്റെ ആത്മാവേല്പിച്ച പ്രഹരം പക്ഷേ, അതിലും പ്രബലമായിരുന്നു.
ദുഷ്ടാത്മാക്കളെന്നെ നാശത്തിലേക്കു വശീകരിച്ചിരുന്നു,
അതിലുമേറെയായിരുന്നില്ലേ, സ്വന്തം കണ്ണുകളുടെ വശീകരണങ്ങൾ?
അഗ്നിപരീക്ഷണങ്ങളായിരുന്നു ജീവിച്ച ജീവിതമൊക്കെയും,
സ്വന്തം തൃഷ്ണ പോലെന്നാലൊന്നുമെന്നെ എരിയിച്ചുമില്ല.
കെണികളിലും വലകളിലും ഞാൻ കുടുങ്ങിപ്പോയിരുന്നു,
എന്നാലെന്റെ നാവു പോലൊന്നുമെന്നെ കുടുക്കിയതുമില്ല.
പാമ്പുകളെന്നെ കടിച്ചിരുന്നു, തേളുകൾ കുത്തിയിരുന്നു,
ഉടലിലാഴ്ന്നിറങ്ങിയതു പക്ഷേ, എന്റെ സ്വന്തം പല്ലുകളായിരുന്നു.
പടയാളികളതിവേഗത്തിലെന്നെ അനുധാവനം ചെയ്തിരുന്നു,
സ്വന്തം കാലടികൾ പോലാരുമെന്റെ പിന്നാലെ പാഞ്ഞിരുന്നില്ല.
ഉത്കണ്ഠകൾ വളർന്നുവളർന്നു ഞാനതിലാണ്ടുമുങ്ങിയിരുന്നു,
അതിലുമേറെ ശോകം സ്ഥൈര്യം കൊണ്ടു ഞാനനുഭവിച്ചിരുന്നു.
ഏറെയാണെന്റെ ഹൃദയത്തിന്റെ കദനങ്ങൾ,
അതിലുമധികമാണു ഞാൻ ചെയ്ത പാപങ്ങൾ...
എങ്കിലാരെ നോക്കി ഞാൻ കരയും - ആരെ ഞാൻ പഴിക്കും?
എന്നെ സംഹരിക്കാനുള്ളവർ പുറത്തുവരുന്നതെന്നിൽ നിന്നുതന്നെ.
ജീവിതത്തിൽ ഞാൻ കണ്ടതൊന്നിനുമാവില്ല,
നിന്റെ കാരുണ്യമെന്ന അഭയത്തിൽ നിന്നെന്നെത്തടയാൻ.
ക്ഷീണിച്ച ഹൃദയങ്ങൾക്കു മേൽ നിന്റെ ദാക്ഷിണ്യമെറിയൂ,
തമ്പുരാനേ, കൃപയുടെ സിംഹാസനമേറിയവനേ.
(പതിമൂന്നാം നൂറ്റാണ്ടിൽ സ്പെയിനിൽ ജീവിച്ചിരുന്ന ഈ ഹീബ്രു കവിയെക്കുറിച്ച് അധികമൊന്നും അറിയില്ല.)
No comments:
Post a Comment