Friday, November 1, 2013

പുഷ്കിൻ - പ്രവാചകൻ

America_a_Prophecy_copy_A_1795_Morgan_Library_and_Museum_object_10

ഒരന്തർദ്ദാഹത്താലുള്ളുപൊരിഞ്ഞും വലഞ്ഞും
ഒരു മരുപ്പറമ്പിന്റെ മ്ളാനതയിലൂടെ ഞാനലഞ്ഞു.
പാതകൾ കൂടിപ്പിരിയുന്നിടത്തു പിന്നെ ഞാൻ കണ്ടു,
ആറു ചിറകുള്ളവൻ, അഗ്നിമാനൊരു മാലാഖയെ.
ഒരു സ്വപ്നനിദ്ര പോലെ ലോലമായ വിരലുകളാൽ
തൂവൽ പോലെന്റെ കണ്ണുകളിലവനൊന്നു തൊട്ടു;
ഒരു ഗരുഢന്റെ വിസ്മിതനേത്രങ്ങൾ പോലെ
ദീർഘദർശനങ്ങൾക്കായവ മലർക്കെത്തുറന്നു.
കാതിലവന്റെ കൈ തൊടുമ്പോൾ ഞാൻ കേട്ടു,
ഒരു പെരുംകടലലയ്ക്കുന്ന പ്രചണ്ഡാരവങ്ങൾ,
ഭ്രമണപഥങ്ങളിൽ ഗ്രഹങ്ങളുടെ പ്രകമ്പനങ്ങൾ,
മാലാഖമാർ ചിറകെടുക്കുന്ന ഇടിമുഴക്കങ്ങൾ,
അടിക്കടലിളക്കിമറിയ്ക്കുന്ന കടലുരുവങ്ങൾ,
മരച്ചാറിരച്ചുകേറുന്ന വിദൂരവൃക്ഷനിരകൾ.
പിന്നെയെന്റെ മുഖത്തേക്കവൻ കുനിഞ്ഞുനിന്നു,
എന്റെ പാപിഷ്ഠമായ നാവവൻ പിഴുതെടുത്തു,
അതിന്റെ പെരുംനുണകളെ, അലസവാചാലതയെ.
ചോരക്കൈ കൊണ്ടെന്റെ വായവൻ വലിച്ചുകീറി,
ഒരു സർപ്പത്തിന്റെ പിളർനാവുള്ളിലവൻ തിരുകിക്കേറ്റി.
പാളുന്ന വാളെടുത്തെന്റെ നെഞ്ചവൻ വെട്ടിപ്പിളർന്നു,
എന്റെ പിടയ്ക്കുന്ന ഹൃദയമവൻ പറിച്ചെടുത്തു,
എരിയുന്നൊരു കനല്ക്കട്ടയവൻ പകരം വച്ചു.
ആ മരുപ്പറമ്പിലസ്തപ്രജ്ഞനായി ഞാൻ കിടക്കെ
ദൈവകല്പന വിളിച്ചുപറയുന്നതിങ്ങനെ ഞാൻ കേട്ടു:
“എഴുന്നേല്ക്ക, പ്രവാചകാ! കണ്ണും കാതും തുറക്കുക.
എന്റെ ഹിതം നടത്തുക, എനിക്കു സാക്ഷ്യം നില്ക്കുക.
ഇരുളുന്ന കടലും മങ്ങുന്ന കരകളുമലയുക,
ജീവിക്കുന്ന വചനം കൊണ്ടു ഹൃദയങ്ങളെരിക്കുക!“

(1826)

No comments: