Wednesday, March 11, 2009

മുല്ലാനസ്രുദീൻകഥകൾ-6

63. വിപണിയുടെ തന്ത്രങ്ങൾ

നസ്രുദീൻ പുതുവസ്ത്രങ്ങൾ വാങ്ങാൻ കടയിൽ ചെന്നു. ആദ്യം ഒരു കാലുറയെടുത്തു നോക്കി; അതിഷ്ടപ്പെടാത്തതുകൊണ്ട്‌ സംഗതി തിരിച്ചുകൊടുത്തു. പിന്നെ ഒരു കുപ്പായമെടുത്തു നോക്കി. അതു ശരിക്കു ബോധിച്ചു. കുപ്പായവുമെടുത്തുകൊണ്ട്‌ ആൾ പുറത്തേക്കിറങ്ങി. കടക്കാരൻ പിന്നാലെ ചെന്നു:

'കുപ്പായത്തിന്റെ കാശു തന്നില്ലല്ലോ, മുല്ലാ!'

'അതിനു ഞാനൊരു കാലുറ തന്നില്ലേ?' നസ്രുദീൻ ചോദിച്ചു.

'ശരി, പക്ഷേ അതിന്റെ വിലയും തന്നിട്ടില്ല!'

'ഹ, അതെങ്ങനെ! വാങ്ങാത്ത ഒന്നിനു വില തരാൻ ഞാനെന്താ അത്ര വിഡ്ഡിയാണോ!'
*


64. വിട്ടുപഠിക്കൽ

നസ്രുദീൻ ഒരിക്കൽ ഒരു ഓടക്കുഴൽവായനക്കാരനെ കാണാൻ പോയി;ഓടക്കുഴൽ പഠിക്കാൻ ഒരു പൂതി.

'ഓടക്കുഴൽ പഠിക്കാൻ എന്തു ചെലവു വരും?' നസ്രുദീൻ അന്വേഷിച്ചു.

'ആദ്യപാഠത്തിന്‌ മുന്നൂറു വെള്ളി; രണ്ടാമത്തതിന്‌ നൂറു വെള്ളിയും,' ഓടക്കുഴൽവായനക്കാരൻ പറഞ്ഞു.

'അതു നന്നായി,' നസ്രുദീൻ പറഞ്ഞു. 'നമുക്കു രണ്ടാമത്തെ പാഠം തൊട്ടു തുടങ്ങാം; 'പണ്ടു ഞാൻ ആടുമേച്ചിലുകാരനായിരുന്നപ്പോൾ പീപ്പി വിളിച്ചു കുറച്ചു പരിചയമൊക്കെയുണ്ട്‌; അതൊക്കെ മതിയല്ലോ, പോരേ?'
*



65. എന്റെ ലോകാവസാനം

ലോകാവസാനം എന്നാണുണ്ടാവുകയെന്നന്വേഷിച്ച്‌ കുറേ പണ്ഡിതന്മാർ അങ്ങുമിങ്ങും നടന്നു; എങ്ങുനിന്നും കൃത്യമായ ഒരുത്തരം ലഭിക്കാത്തതുകൊണ്ട്‌ അവർ ഒടുവിൽ നസ്രുദീനെ ചെന്നുകണ്ടു.

'ലോകവസാനം എന്നാണുണ്ടാവുകയെന്ന് തനിക്കെന്തെങ്കിലും ഊഹമുണ്ടോ?'

'അതിനെന്താ സംശയം?' നസ്രുദീൻ പറഞ്ഞു. 'ഞാൻ മരിക്കുന്ന ദിവസം ലോകവും അവസാനിക്കും.'

'താൻ മരിക്കുന്നന്നോ? തനിക്കത്ര തീർച്ചയാണോ?'

'എല്ലാവർക്കുമില്ലെങ്കിലും എനിക്കെങ്കിലും അന്നു ലോകാവസാനമായിരിക്കുമല്ലോ!'
*


66. ജീവനും മരണവും നിങ്ങളുടെ കൈയിൽ

രണ്ടു കുട്ടികൾ ഒരു കിളിയെപ്പിടിച്ചു കൈയ്ക്കുള്ളിൽ വച്ചുകൊണ്ട്‌ നസ്രുദീനെ ചെന്നുകണ്ടു. അതിനു ജീവനുണ്ടോ ഇല്ലയോ എന്ന് അയാളോടു ചോദിക്കണം; ജീവനുണ്ടെന്നു പറഞ്ഞാൽ അവർ അതിനെ കൈക്കുള്ളിലിട്ടു ഞെരിച്ചുകൊല്ലും; നസ്രുദിൻ പറഞ്ഞതു തെറ്റാവും; ഇനിയല്ല, ചത്തതാണെന്നാണ്‌ അയാൾ പറയുന്നതെങ്കിൽ അവർ അതിനെ കൈക്കുള്ളിൽ നിന്നു പറത്തിവിടൂകയും ചെയ്യും. അപ്പോഴും നസ്രുദീൻ തോറ്റു.

'മുല്ലാ, ഞങ്ങളുടെ കൈയിലുള്ളതിനു ജീവനുണ്ടോ ഇല്ലയോ?'

മുല്ലാ ഒന്നാലോചിച്ചു.

'അതു നിങ്ങളുടെ കൈകളിലാണെന്റെ കുഞ്ഞുങ്ങളേ!'
*


67. വിധിയുടെ ന്യായം


നസ്രുദീൻ ഒരിക്കൽ തന്റെ ഗ്രാമത്തിലെ ന്യായാധിപനായിരിക്കുമ്പോൾ ഒരാൾ മുഷിഞ്ഞ വേഷത്തിൽ ഓടിക്കിതച്ചെത്തി'

'ഈ ഗ്രാമത്തിനു തൊട്ടുപുറത്തുവച്ച്‌ ഒരുത്തനെന്നെ പിടിച്ചുപറിച്ചു,' അയാൾ വിളിച്ചുകൂവി. 'ഈ ഗ്രാമത്തിലെ ഏതോ ഒരുത്തനണതു ചെയ്തത്‌. എന്റെ കുപ്പായവും വാളും ചെരുപ്പും വരെ അവൻ കൊണ്ടുപോയി. അവനെ കണ്ടുപിടിച്ചു ശിക്ഷിക്കണം.'

'അതൊക്കെ ശരി,' മുല്ലാ പറഞ്ഞു. 'അവൻ നിങ്ങളുടെ അടിയുടുപ്പ്‌ കൊണ്ടുപോയില്ലേ? അതിപ്പോഴും ദേഹത്തുണ്ടല്ലോ. '

'ഇല്ല, അതവനെടുത്തില്ല.'

'അങ്ങനെയാണെങ്കിൽ നിങ്ങളെ പിടിച്ചുപറിച്ചവൻ ഈ നാട്ടിലുള്ളവനാവാൻ വഴിയില്ല,' നസ്രുദീൻ തന്റെ വിധി പ്രഖ്യാപിച്ചു. 'ഇവിടുള്ളവർ എന്തു ചെയ്താലും അതു വെടിപ്പായിട്ടു ചെയ്യും. നിങ്ങളുടെ കേസ്‌ തള്ളിയിരിക്കുന്നു!'
*



68. വാളു കൊണ്ടുള്ള ഉപയോഗം

'താനെങ്ങോട്ടു പോകുന്നു, മുല്ലാ?'

'പട്ടണത്തിലേക്കൊന്നു പോകണം.'

'എന്നാൽ കഴുതയെ വീട്ടിൽ നിർത്തിയിട്ടു പോ; വഴി നിറയെ കവർച്ചക്കാരാണ്‌; തന്റെ കഴുത പോകും.'

മുല്ലാ ആലോചിച്ചപ്പോൾ കഴുതയെ വീട്ടിൽ നിന്നു വേണമെങ്കിലും കട്ടുകൊണ്ടുപോകാവുന്നതേയുള്ളു. അതിലും ഭേദം പട്ടണത്തിലേക്കു കഴുതപ്പുറത്തു പോവുക തന്നെ.

മുല്ലാ പോകാൻ തന്നെ തീരുമാനിച്ച സ്ഥിതിക്ക്‌ ആവശ്യം വന്നാൽ ഉപയോഗിക്കാനായി ഒരു ചങ്ങാതി ഒരു വാളും അയാൾക്കു കൊടുത്തു.

അങ്ങനെ പോകുമ്പോൾ വിജനമായ ഒരു സ്ഥലത്തു വച്ച്‌ എതിരെ ഒരാളു വരുന്നതു മുല്ലാ കണ്ടു. 'ഇതു കവർച്ചക്കാർ ആയിരിക്കും,' മുല്ലാ മനസ്സിൽ പറഞ്ഞു.

പറഞ്ഞാൽ കേൾക്കാവുന്ന ദൂരത്തിലെത്തിയപ്പോൾ അയാൾ ഇങ്ങനെ വിളിച്ചുപറഞ്ഞു:

'ഇതാ, ഈ വാളെടുത്തോ, കഴുതയെ കൊണ്ടുപോകരുത്‌.'

വന്നയാൾ ഒരു വെറും യാത്രക്കാരനായിരുന്നു. മുല്ലായുടെ വാഗ്ദാനം കേട്ട്‌ അയാൾ ഒന്നമ്പരന്നുപോയെങ്കിലും കിട്ടിയ ഭാഗ്യം അയാൾ നിരസിക്കാൻ പോയില്ല.

തിരിച്ചു വീട്ടിലെത്തി മുല്ലാ തന്റെ ചങ്ങാതിയോട്‌ യാത്രയിലെ വിശേഷങ്ങൾ പറയുകയായിരുന്നു:

'താൻ പറഞ്ഞതു ശരിയായിരുന്നു. വാളെടുത്തതു കാര്യമായി. അതു കാരണം എന്റെ കഴുത നഷ്ടമായില്ല.'
*


69. മനസ്സാന്നിധ്യമെന്നാൽ

നസ്രുദീനും ഒരു ചങ്ങാതിയും കൂടി ഒരു ഭക്ഷണശാലയിൽ കയറി; കൈയിൽ കാശു കുറവായതു കൊണ്ട്‌ ഒരു പാത്രം വഴുതനങ്ങ വാങ്ങി പങ്കു വയ്ക്കാമെന്നായിരുന്നു തീരുമാനം.

പക്ഷേ വഴുതനങ്ങ പുഴുങ്ങണോ അതോ വാട്ടണോ എന്ന കാര്യത്തിൽ രണ്ടു പേർഉം തമ്മിൽ തർക്കമായി. ഒടുവിൽ വിശന്നു വശം കെട്ട നസ്രുദീൻ തന്നെ വഴങ്ങിക്കൊടുത്തു: വാട്ടിയതായിക്കോട്ടെ.

ഇതിനിടയിൽ കൂട്ടുകാരനെന്തോ അസ്വാസഥ്യം തോന്നി കുഴഞ്ഞുവീണു; ആൾ മരിച്ചുപോകുമെന്നു കണ്ടിട്ടു തോന്നിപ്പോയി. നസ്രുദീൻ ചാടിയെണീറ്റു.

'താനെങ്ങോട്ടു പോകുന്നു? വൈദ്യരെ വിളിക്കാനോ?' ആരോ ചോദിച്ചു.

'എവിടെ!' നസ്രുദീൻ പറഞ്ഞു. 'വഴുതനങ്ങ പുഴുങ്ങിയാൽ മതിയെന്നു പറയാൻ പോവുകയായിരുന്നു ഞാൻ.'
*


70. തൈരുകുളം

മുല്ലാ കുളത്തിനരികിൽ മുട്ടുകുത്തിയിരിക്കുന്നത്‌ ആരോ കണ്ടു.

'മുല്ലാ, താനവിടെ എന്തെടുക്കുന്നു?'

'തൈരുണ്ടാക്കുകയാണ്‌.'

'അതു ശരി, കുളത്തിൽ ഉറയൊഴിച്ചാൽ തൈരുണ്ടാകുമോ?'

'ഇല്ലെന്ന് എനിക്കുമറിയാം. എന്നാലും ഒന്നു ശ്രമിച്ചുനോക്കാമല്ലോ? ഒരുവേള ഫലിച്ചാലോ. ഒരു കുളം തൈര്‌: എങ്ങനെയുണ്ടാവും!'
*

No comments: