44. വിലകൂടിയ ചോദ്യങ്ങൾ
നസ്രുദീൻ വീട്ടിനു മുന്നിൽ ഇങ്ങനെയൊരു പരസ്യപ്പലക സ്ഥാപിച്ചു:"ഏതു വിഷയത്തെക്കുറിച്ചും രണ്ടു ചോദ്യം ചോദിക്കാം, വെറും നൂറു വെള്ളിനാണയം മാത്രം!"
അത്യാവശ്യമായി രണ്ടു കാര്യങ്ങൾ അറിയാനുണ്ടായിരുന്ന ഒരാൾ നാണയങ്ങൾ എണ്ണിക്കൊടുത്തുകൊണ്ട് നസ്രുദീനോടു ചോദിച്ചു; 'രണ്ടു ചോദ്യത്തിന് നൂറു നാണയം അൽപം കൂടുതലല്ലേ, നസ്രുദീനേ?'
'അതെ,' നസ്രുദീൻ പറഞ്ഞു. 'അടുത്ത ചോദ്യം?'
*
45. അതിഥി വിശിഷ്ടനാവുന്നതെപ്പോൾ
നസ്രുദീൻ ഒരിക്കൽ വലിയൊരു വീട്ടിൽ വിരുന്നിനു പോയി. ആൾ മുഷിഞ്ഞ വേഷത്തിലായതുകൊണ്ട് പടിക്കൽ വച്ചേ അയാളെ പറഞ്ഞുവിട്ടു. നസ്രുദീൻ നേരേ വീട്ടിലേക്കോടി തന്റെ ഏറ്റവും നല്ല പട്ടുകുപ്പായവുമെടുത്തിട്ട് വീണ്ടും ചെന്നു. ഇത്തവണ പക്ഷേ വീട്ടുകാരൻ തന്നെ ഇറങ്ങിവന്ന് നസ്രുദീനെ സ്വീകരിച്ചാനയിക്കുകയും വിരുന്നുമേശയ്ക്കു മുന്നിൽ പ്രഥമസ്ഥാനം നൽകുകയും ചെയ്തു. വിഭവങ്ങൾ വിളമ്പിക്കഴിഞ്ഞപ്പോൾ നസ്രുദീൻ ഒരു കരണ്ടി കൊണ്ട് അതിൽ അൽപമെടുത്ത് തന്റെ കുപ്പായത്തിനുള്ളിലേക്കിട്ടു: 'ഇതു നിനക്കാണെന്റെ കുപ്പായമേ! ഇന്നത്തെ വിശിഷ്ടാതിഥി ഞാനല്ല, നീയാണ്!'
46. അന്നും ഇന്നും ഒന്നുതന്നെ
യൗവനത്തെയും വാർദ്ധക്യത്തെയും കുറിച്ചു ചർച്ചചെയ്യുകയായിരുന്നു നസ്രുദീൻ ഉൾപ്പെട്ട ഒരു സംഘം. പ്രായമാകുന്നതോടെ മനുഷ്യന്റെ ശക്തി ക്ഷയിക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായില്ല, നസ്രുദീൻ ഒരാൾ ഒഴികെ.
'ഞാൻ വിയോജിക്കുന്നു,'നസ്രുദീൻ പറഞ്ഞു. 'ഈ പ്രായത്തിലും ചെറുപ്പത്തിലെ അതേ ശക്തി എനിക്കുണ്ട്.'
'താനെന്താ നസ്രുദീനേ, പറയുന്നത്?' ആരോ ചോദിച്ചു.
"എന്റെ മുറ്റത്ത് ഒരു വലിയ പാറക്കല്ലു കിടപ്പുണ്ട്,' നസ്രുദീൻ പറഞ്ഞു. 'അതവിടെനിന്ന് ഒന്നു മാറ്റിയിടാൻ എന്റെ ചെറുപ്പകാലത്ത് ഞാൻ കുറേ ശ്രമിച്ചു; നടന്നില്ല. ഇന്നും എന്നെക്കൊണ്ടതു പറ്റില്ല!'
*
47. കല്ലും നായയും
നസ്രുദീൻ ഒരിക്കൽ എന്തോ കാര്യത്തിനായി പട്ടണത്തിലേക്കു പോയി. കൊടിയ മഞ്ഞുകാലം; രാതിയുമായി. ഒരു വീട്ടിലെ നായ കുരച്ചുകൊണ്ടുചെന്നു. നസ്രുദീൻ നായയെ എറിയാൻ ഒരു കല്ലു പെറുക്കിയെടുക്കാൻ നോക്കി; പക്ഷേ കല്ലിളകിയില്ല, അതു മഞ്ഞിൽ ഉറഞ്ഞുകിടക്കുകയാണ്. 'ഇതെന്തു നാടാണപ്പാ!' നസ്രുദീൻ ആശ്ചര്യപ്പെട്ടു. 'കല്ലിനെ കെട്ടിയിടുക, നായയെ അഴിച്ചുംവിടുക!'
*
48. പേടിപ്പെടുത്തുന്ന ഒരു സ്ഥലം
നസ്രുദീനോട് ആരോ ഒരിക്കൽ ഇങ്ങനെ ചോദിച്ചു:
അല്ലാ നസ്രുദീനേ, നമ്മൾ മനുഷ്യന്മാർ വരുന്ന ഒരു സ്ഥലമുണ്ടല്ലോ? നമ്മളൊക്കെ പോകുന്നതും അങ്ങോട്ടുതന്നെ. എങ്ങനെയുണ്ടാ സ്ഥലം?'
'ഹൊ', നസ്രുദീൻ പറഞ്ഞു. 'വല്ലാണ്ടു പേടിയുണ്ടാക്കുന്ന ഒരു സ്ഥലമാണേയത്!'
'അതു തനിക്കെങ്ങനെയറിയാം?' എന്നായി ചോദിച്ചയാൾ.
'നമ്മൾ അവിടുന്നു വരുന്നതേ കുഞ്ഞുങ്ങളായി കരഞ്ഞുകൊണ്ടാണ് . ആരെങ്കിലും അങ്ങോട്ടു പോയാൽ നമ്മളൊക്കെ കരയുകയും ചെയ്യും. ശരിയല്ലേ?'
*
49. യഥാസ്ഥാനം
-മുല്ലാ, ശവമഞ്ചമെടുക്കുമ്പോൾ ഞാനെവിടെ നിൽക്കണം, മുന്നിലോ പിന്നിലോ ഇടത്തോ വലത്തോ?
-ഉള്ളിലല്ലെങ്കിൽപ്പിന്നെ എവിടെയായാലെന്താ?
*
50. ലോകത്തിന്റെ കേന്ദ്രബിന്ദു
ഒരാൾ നസ്രുദീനോട് ഇങ്ങനെ ചോദിച്ചു:
'ലോകത്തിന്റെ കേന്ദ്രബിന്ദു കൃത്യമായിട്ടു പറയാൻ തനിക്കു പറ്റുമോ?'
'പിന്നെന്താ,' നസ്രുദീൻ പറഞ്ഞു. 'അതെന്റെ കഴുതയുടെ ഇടതുപിൻകാലിന്റെ ചുവട്ടിലാണ്.'
"അങ്ങനെയാവാം! പക്ഷേ എന്താ തെളിവ്?'
'സംശയമുണ്ടോ? ഉണ്ടെങ്കിൽ അളന്നുനോക്കിക്കോ!'
*
51. ചോദ്യങ്ങൾ മാത്രം
-മുല്ലാ നസ്രുദീൻ, തനെന്താണിങ്ങനെ? എന്തു ചോദിച്ചാലും ഒരു മറുചോദ്യമാണല്ലോ തന്റെ മറുപടി.
-അങ്ങനെയാണോ?
*
52. നിയമത്തിന്റെ വഴി
നടന്നുപോകുന്ന വഴി നസ്രുദീന് ഒരു വജ്രമോതിരം കളഞ്ഞുകിട്ടി. അതു വിട്ടുകളയാൻ അയാൾക്കു മനസ്സു വന്നില്ല. പക്ഷേ എന്തെങ്കിലും കളഞ്ഞുകിട്ടുന്നയാൾ ആ വിവരം അങ്ങാടിയിൽച്ചെന്ന് മൂന്നുതവണ എല്ലാവരും കേൾക്കെ വിളിച്ചുപറയണമെന്നാണല്ലോ നിയമം.
നസ്രുദീൻ പുലർച്ചെ മൂന്നുമണിക്ക് കവലയിൽച്ചെന്ന് മൂന്നുതവണ ഇങ്ങനെ വിളിച്ചുപറഞ്ഞു: 'എനിക്കൊരു വജ്രമോതിരം കളഞ്ഞുകിട്ടി!'
മൂന്നാമതു തവണയായപ്പോഴേക്കും ആളുകൾ എത്തിത്തുടങ്ങി.
'താനെന്താ പറഞ്ഞത്, നസ്രുദീനേ?' ആളുകൾ ചോദിച്ചു.
'മൂന്നു തവണ പറയണമെന്നാണല്ലോ നിയമത്തിലുള്ളത്,' നസ്രുദീൻ പറഞ്ഞു. 'എന്റെ അറിവു വച്ചു നോക്കുമ്പോൾ ഞാൻ നാലാമതും അതാവർത്തിച്ചാൽ നിയമം തെറ്റിക്കലാവുമത്. പക്ഷേ മറ്റൊരു കാര്യം ഞാൻ പറയാം: ഞാനിപ്പോൾ ഒരു വജ്രമോതിരത്തിന്റെ ഉടമയാണ്.'
*
53. അച്ഛന്റെ മകൻ
നസ്രുദീന്റെ മക്കൾ മുറ്റത്തോടിക്കളിക്കുമ്പോൾ ആരോ ഒരു കുട്ടിയോട് ചോദിച്ചു:
'വഴുതനങ്ങ എന്നു പറഞ്ഞാൽ എന്താടാ?'
'അവൻ എടുത്തവായക്ക് ഇങ്ങനെ പറഞ്ഞു:
'കണ്ണുവിരിയാത്ത പശുക്കുട്ടി, ചാരനിറത്തിലുള്ളത്.'
നസ്രുദീന്റെ സന്തോഷം പറയേണ്ട; അയാൾ അവനെ വാരിയെടുത്ത് ഉമ്മവച്ചുകൊണ്ടു പറഞ്ഞു:
'കേട്ടോ? അവന്റച്ഛനെപ്പോലെ തന്നെ! ഒന്നും അവനോടു പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല; ഒക്കെ അവനായിട്ടുണ്ടാക്കിക്കോളും!'
*
54. കാര്യമൊക്കെ അവനറിയാം
അയൽക്കാരന്റെ കാള വേലി പൊളിച്ച് നസ്രുദീന്റെ പറമ്പിൽ കയറി. അയാൾ അതിനെ അടിച്ചോടിക്കുമ്പോൾ അയൽക്കാരൻ ഭീഷണിയുമായിട്ടെത്തി.
'എന്റെ കാളയെ തല്ലാൻ തനിക്കെങ്ങനെ ധൈര്യം വന്നു!'
'ഇക്കാര്യത്തിൽ താൻ ഇടപെടേണ്ട കാര്യമില്ല,' നസ്രുദീൻ പറഞ്ഞു. 'അതൊക്കെ അവനറിയാം. ഞങ്ങൾ തമ്മിലുള്ള ഒരേർപ്പാടാണിത്.'
*
55. മൂടുപടം
നസ്രുദീന്റെ വിവാഹം അന്നായിരുന്നു. അന്നേവരെ അയാൾ ഭാര്യയുടെ മുഖം കണ്ടിട്ടുമില്ല. ചടങ്ങുകളൊക്കെക്കഴിഞ്ഞ് ഭാര്യ മൂടുപടം മാറ്റിയപ്പോഴാണ് അവൾ എത്ര വിരൂപയാണെന്ന് അയാൾ കാണുന്നത്.
അയാൾ അങ്ങനെ തരിച്ചിരിക്കുമ്പോൾ ഭാര്യ ചോദിക്കുകയാണ്, 'ആർക്കൊക്കെ മുന്നിലാണ് ഞാൻ മൂടുപടം ഇടേണ്ടത്? ആരെയൊക്കെ എന്റെ മുഖം കാണിക്കാം?'
'നീ ആരെ വേണമെങ്കിലും മുഖം കാണിച്ചോ,' നസ്രുദീൻ ഞരങ്ങി. 'എന്നെ മാത്രം കാണിക്കാതിരുന്നാൽ മതി.'
*
56. സന്തോഷം വരുന്ന വഴി
വഴിയരികിൽ ഒരാൾ വിഷാദിച്ചിരിക്കുന്നതുകണ്ട് നസ്രുദീൻ അടുത്തുചെന്ന് വിവരം അന്വേഷിച്ചു.
'ജീവിക്കാനുള്ള താൽപര്യമൊക്കെപ്പോയി, സഹോദരാ,' അയാൾ പറഞ്ഞു. 'പണി ചെയ്യാതെ ജീവിക്കാനുള്ള വകയൊക്കെ എനിക്കുണ്ട്; എന്നിട്ടും ജീവിതത്തിൽ ഒരു സന്തോഷമില്ലാത്തതു കൊണ്ട് വീടു വിട്ടിറങ്ങിയതാണ്; പക്ഷേ ഇത്രകാലമന്വേഷിച്ചിട്ടും അതുമാത്രം കിട്ടിയില്ല.'
നസ്രുദീൻ ഒരക്ഷരം മിണ്ടാതെ അയാളുടെ കൈയിലെ ഭാണ്ഡവും തട്ടിപ്പറിച്ചെടുത്ത് ഒറ്റയോട്ടം വച്ചുകൊടുത്തു. ഊടുവഴികളൊക്കെ അറിയാവുന്നതു കൊണ്ട് അതിലേയും ഇതിലേയുമൊക്കെയോടി ബഹുദൂരം ചെന്നിട്ട് അയാൾ ഭാണ്ഡം വഴിയരികിൽ നിക്ഷേപിച്ച് അടുത്തൊരു പൊന്തയിൽ മറഞ്ഞിരുന്നു.
അൽപനേരം കഴിഞ്ഞപ്പോൾ മറ്റേയാൾ പ്രത്യക്ഷപ്പെട്ടു; ഭാണ്ഡവും കൂടി നഷ്ടപ്പോൾ അയാൾ ആകെ നൈരാശ്യത്തിലായെന്നു പറയേണ്ടല്ലോ. പക്ഷേ തന്റെ ഭാണ്ഡം കണ്ണിൽപ്പെടേണ്ട താമസം, അയാൾ സന്തോഷം കൊണ്ടു കൂവിവിളിച്ചുകൊണ്ട് അതിനടുത്തേക്കോടിച്ചെന്നു.
'സന്തോഷം വരുത്താനുള്ള ഒരു വഴിയാണിത്,' നസ്രുദീൻ പറഞ്ഞു.
*
1 comment:
ആ 47 ഉണ്ടല്ലോ, അത് മുല്ലയുടെ ഏറ്റവും നല്ല ജോക്കാ!
Post a Comment