Monday, March 2, 2009

മുല്ലാ നസ്രുദീൻ കഥകൾ -2

15. അറിയേണ്ടതേത്‌


നസ്രുദീൻ ഒരിക്കൽ വലിയൊരു പണ്ഡിതനെയും വഞ്ചിയിലിരുത്തി പുഴ കടക്കുകയായിരുന്നു. വർത്തമാനത്തിനിടയിൽ നസ്രുദീൻ എന്തോ വ്യാകരണപ്പിഴ വരുത്തി.

'താൻ വ്യാകരണം പഠിച്ചിട്ടില്ലേ?' പണ്ഡിതൻ ചോദിച്ചു.

'ഇല്ല.'

'അപ്പോൾ തന്റെ പാതിജീവിതം തുലഞ്ഞു.'

അൽപനേരം കഴിഞ്ഞ്‌ നസ്രുദീൻ പണ്ഡിതനെ നോക്കി ചോദിച്ചു, 'അങ്ങെക്കു നീന്തലറിയുമോ?'

'ഇല്ല. എന്താ കാര്യം?'

'അപ്പോൾ അങ്ങയുടെ മുഴുവൻ ജീവിതവും തുലഞ്ഞു-നമ്മുടെ വഞ്ചിയിൽ വെള്ളം കേറുകയാണ്‌!'
*



16. കാര്യവും കാരണവും

മുല്ലാ നസ്രുദീൻ ഒരിക്കൽ ഒരിടവഴിയിലൂടെ നടന്നുപോകുമ്പോൾ അടുത്ത വീടിന്റെ മേൽക്കൂരയിൽ നിന്ന് ഒരാൾ നേരെ നസ്രുദീന്റെ മേൽ ചെന്നുവീണു. വീണയാൾക്ക്‌ ഒന്നും പറ്റിയില്ല; പക്ഷേ മുല്ലായെ ആശുപത്രിയിലേക്കെടുക്കേണ്ടിവന്നു.

'ഇതിൽനിന്ന് എന്തു പാഠമാണു പഠിക്കാനുള്ളതു ഗുരോ?' ഒരു ശിഷ്യൻ ചോദിച്ചു.

'ഇന്നതിന്റെ തുടർച്ചയായി ഇന്നതു സംഭവിക്കും എന്നു വാശിപിടിക്കരുത്‌; ഒരാൾ മേൽക്കൂരയിൽ നിന്നു വീണാൽ അയാളുടെ കഴുത്തൊടിയില്ലേ എന്നുള്ള സൈദ്ധാന്തികവിചാരം വേണ്ടേ വേണ്ട; വീണതയാൾ, കഴുത്തൊടിഞ്ഞത്‌ എന്റേതും!'
*


17. മാറ്റിവച്ച മുഖം

നസ്രുദീൻ ഒരിക്കൽ ഒരു ധനികന്റെ വീട്ടിൽ ധർമ്മം ചോദിച്ചുചെന്നു. യജമാനൻ പുറത്തുപോയിരിക്കുകയാണെന്ന് വേലക്കാരൻ വന്നറിയിച്ചു.

'അതായിക്കോട്ടെ,' നസ്രുദീൻ പറഞ്ഞു; 'അദ്ദേഹം ഒന്നും തന്നില്ലെങ്കിലും എന്റെവക ഈ ഉപദേശം നീ അദ്ദേഹത്തിനു കൊടുക്കാൻ മറക്കരുത്‌: "ഇനി പുറത്തുപോകുമ്പോൾ മുഖം ജനാലപ്പടിയിൽ വച്ചിട്ടുപോകരുത്‌-ആരെങ്കിലും മോഷ്ടിച്ചുകൊണ്ടുപോകും."'
*


18. അയക്കോലിലും മാവുണക്കാം

ഒരയൽക്കാരൻ നസ്രുദീന്റെ വീട്ടിൽ അയക്കോൽ വായ്പവാങ്ങാൻ ചെന്നു.

'അയ്യോ, ഇപ്പോഴത്‌ ഒഴിവില്ലല്ലോ; ഞാനതിൽ ഗോതമ്പുമാവുണക്കാനിട്ടിരിക്കുകയാണ്‌.'

'അതെങ്ങനെ മുല്ലാ, ചരടിന്മേൽ മാവുണക്കാൻ പറ്റുമോ?'

'അതു വായ്പ കൊടുക്കാൻ ഒരാൾക്കിഷ്ടമില്ലെങ്കിൽ താൻ വിചാരിക്കും പോലെ അത്ര പ്രയാസമുള്ള കാര്യമൊന്നുമല്ല അത്‌!'
*


19. വേള്ളത്തിൽ വീണ മുല്ലാ

നസ്രുദീൻ ഒരിക്കൽ കുളത്തിൽ വീഴാൻപോയി. വഴിയേപോയ ഒരാൾ തക്കസമയത്തു കേറിപ്പിടിച്ചതുകൊണ്ട്‌ മുല്ലാ നനയാതെ രക്ഷ്പ്പെട്ടു. പക്ഷേ പിന്നീടെപ്പോൾ കണ്ടാലും താനുണ്ടായതുകൊണ്ട്‌ മുല്ലാ നനഞ്ഞില്ല എന്ന് മറ്റേയാൾ പറഞ്ഞുനടക്കാൻ തുടങ്ങി. ഒടുവിൽ സഹികെട്ട മുല്ലാ അയാളെ കുളത്തിനടുത്തേക്കു പിടിച്ചുകൊണ്ടുപോയി നിർത്തിയിട്ട്‌ താൻ കഴുത്തറ്റം വെള്ളത്തിൽ മുങ്ങിക്കിടന്നു; എന്നിട്ട്‌ ഇങ്ങനെ വിളിച്ചുപറഞ്ഞു: 'താൻ എന്നെ കണ്ടില്ലായിരുന്നെങ്കിൽ ഞാൻ ഇത്രയും നനഞ്ഞേനേ; ഇനി തനിക്കെന്നെയൊന്നു വെറുതേവിടാമോ!'
*


20. ഭയമുണ്ടായാൽ മതി

'താൻ വലിയ സിദ്ധനാണെന്നല്ലേ ആളുകൾ പറയുന്നത്‌? മറഞ്ഞുകിടക്കുന്നതു കാണാനുള്ള തന്റെ കഴിവ്‌ എനിക്കിപ്പോൾ കാണണം; ഇല്ലെങ്കിൽ ഞാൻ തന്നെ തൂക്കിലേറ്റാൻ പോവുകയാണ്‌!' ക്രൂരനായ ഒരു രാജാവ്‌ നസ്രുദീനെ ഭീഷണിപ്പെടുത്തി. താൻ ആകാശത്തൊരു സ്വർണ്ണപ്പക്ഷിയേയും ഭൂമിക്കടിയിൽ പിശാചുക്കളേയും കാണുന്നുവെന്ന് നസ്രുദീൻ ഉടനേ ചാടിക്കയറിപ്പറഞ്ഞു. 'തനിക്കിതെങ്ങനെ സാധിക്കുന്നു?' രാജാവു ചോദിച്ചു. 'ഭയമുണ്ടായാൽ എന്തും സാധിക്കും തമ്പുരാനേ!' നസ്രുദീൻ പറഞ്ഞു.


21. ചെവി കടിച്ച ഒരാൾ

ഒരിക്കൽ നസ്രുദീൻ ന്യായാധിപനായിരിക്കുമ്പോൾ രണ്ടുപേർ കോടതിയിലെത്തി. 'ഈയാൾ എന്റെ ചെവി കടിച്ചുപറിച്ചു-എനിക്കതിനു നഷ്ടപരിഹാരം കിട്ടണം,' ഒരാൾ പറഞ്ഞു.

'ഞാനൊന്നും ചെയ്തില്ല, അയാൾ തന്നെ സ്വന്തം ചെവി കടിച്ചുമുറിച്ചതാണ്‌' എന്നാണു മറ്റേയാളുടെ വാദം.

നസ്രുദീൻ കോടതി പിരിച്ചുവിട്ടിട്ട്‌ സ്വന്തം മുറിയിലേക്കു പോയി; എന്നിട്ട്‌ ഒരര മണിക്കൂർ സ്വന്തം ചെവിയിൽ കടിക്കാൻ പറ്റുമോയെന്ന് ശ്രമിച്ചുനോക്കി. അതിനിടയിൽ താഴെവീണ്‌ നെറ്റിയിൽ ഒരു പാടുമായി.

കോടതി വീണ്ടും കൂടിയപ്പോൾ ചെവി മുറിഞ്ഞയാളെ പരിശോധിക്കാൻ നസ്രുദീൻ ഉത്തരവിട്ടു: 'അയാളുടെ നെറ്റിയിൽ പാടുണ്ടെങ്കിൽ അയാൾ തന്നെ സ്വന്തം ചെവി കടിച്ചുമുറിച്ചതാണ്‌; അയാളുടെ കേസ്‌ നിലനിൽക്കില്ല. നെറ്റിയിൽ പാടില്ലെങ്കിൽ കൃത്യം ചെയ്തതു മറ്റേയാൾ തന്നെ; അയാൾക്കു മൂന്നു വെള്ളിനാണയം പിഴയും വിധിക്കുന്നു.'
*


22. വസ്തുതയും സൂചനയും

തന്റെ കൈയ്യിൽ എന്താണുള്ളതെന്നറിയാമോയെന്ന് ഒരിക്കൽ ഒരാൾ മുല്ലായോടു ചോദിച്ചു.

'ഒരു സൂചന തരൂ,' മുല്ലാ പറഞ്ഞു.

'ഒന്നല്ല, എത്രയെങ്കിലും തരാം,' എന്നായി മറ്റേയാൾ. 'അതിനൊരു മുട്ടയുടെ ആകൃതിയാണ്‌, മുട്ടയുടെ വലിപ്പമാണ്‌, രുചിയും മണവും മുട്ടയുടേതു തന്നെയാണ്‌. വേവിക്കുന്നതിനു മുമ്പ്‌ അതിനുള്ളിൽ ദ്രാവകരൂപത്തിലുള്ള ഒരു വസ്തുവാണുള്ളത്‌; പക്ഷേ വേവിച്ചുകഴിഞ്ഞാൽ അത്‌ ഉറഞ്ഞുകൂടുകയും ചെയ്യും. അതിനൊക്കെപ്പുറമേ ഒരു പിടക്കോഴിയാണതിടുന്നത്‌...'

'ഇപ്പോഴെനിക്കു മനസ്സിലായി!' മുല്ലാ ഇടയ്ക്ക് കയറി പറഞ്ഞു . 'അതൊരുതരം അപ്പമാണ്‌!'
*


23. മരിച്ചൊരാൾ

നസ്രുദീന്റെ ആത്മഗതം അൽപം ഉച്ചത്തിലായിപ്പോയി: 'എനിക്കു ജീവനുണ്ടോ ഇല്ലയോയെന്ന് എനിക്കെങ്ങനെയറിയാം?'

'അതേതു വിഡ്ഢിക്കും അറിയാവുന്നതല്ലേ?' ഭാര്യ പറഞ്ഞു. 'മരിച്ചുപോയാൽ നിങ്ങളുടെ കൈയും കാലും മരവിച്ചിരിക്കും.'

അൽപനേരം കഴിഞ്ഞ്‌ മുല്ലാ കാട്ടിൽ മരം വെട്ടാൻ പോയി. നല്ല മഞ്ഞുകാലമായിരുന്നു. തന്റെ കൈയും കാലും തണുത്തുമരവിച്ചിരിക്കുന്നതായി പെട്ടെന്നു മുല്ലായ്ക്കു തോന്നി.

'ഞാൻ മരിച്ചുപോയി എന്നതിൽ ഒരു സംശയവുമില്ല,' അയാൾ മനസ്സിൽ പറഞ്ഞു; 'ഞാനിനി പണിയും നിർത്തണം, ശവങ്ങൾ പണിയെടുക്കാറില്ലല്ലോ.'

ശവങ്ങൾ നടക്കുക പതിവില്ലാത്തതുകൊണ്ട്‌ അയാൾ നിലത്തു മലർന്നുകിടക്കുകയും ചെയ്തു.

ഈ സമയത്ത്‌ കുറേ ചെന്നായ്ക്കൾ വന്ന് മുല്ലായുടെ കഴുതയെ ആക്രമിച്ചു.

'ആയിക്കോ,ആയിക്കോ; ചത്തയൊരാളെ വച്ച്‌ നീയൊക്കെ മുതലെടുത്തോ!' കിടന്നകിടപ്പിൽ കിടന്നുകൊണ്ട്‌ മുല്ലാ വിളിച്ചുപറഞ്ഞു. 'എനിക്കു ജീവനുണ്ടായിരുന്നെങ്കിൽ ഞാനിതു സമ്മതിക്കുമായിരുന്നില്ല.'
*


24. ഒന്നും പലതും

അതുമിതുമൊക്കെ വിൽക്കുന്ന ഒരു കടയിൽക്കയറി നസ്രുദീൻ ഇങ്ങനെ ചോദിച്ചു:

'ഇവിടെ തോലുണ്ടോ?'

'ഉണ്ട്‌.'

'ആണിയുണ്ടോ?'

'ഉണ്ട്‌.'

'ചായമുണ്ടോ?'

'അതുമുണ്ട്‌.'

'എന്നാൽ തനിക്കൊരു ചെരുപ്പുണ്ടാക്കിക്കൂടേ!'
*


25.ഞാനാര്‌

നസ്രുദീൻ ഒരു കടയിൽ കയറിച്ചെന്നു.

എന്തുവേണമെന്നു ചോദിച്ചുകൊണ്ട്‌ കടക്കാരൻ പുറത്തേക്കുവന്നു.

'ഓരോന്നും വഴിക്കുവഴിയേ ആവട്ടെ,' നസ്രുദീൻ പറഞ്ഞു. 'ഞാൻ കടയിലേക്കു കയറിവരുന്നതു നിങ്ങൾ കണ്ടോ?'

'തീർച്ചയായും.'

'നിങ്ങൾ എന്നെ മുമ്പു കണ്ടിട്ടുണ്ടോ?'

'അതില്ല, ഞാൻ നിങ്ങളെ ജീവിതത്തിൽ ആദ്യമായിട്ടാണു കാണുന്നത്‌.'

'അപ്പോൾപ്പിന്നെ ഇതു ഞാനാണെന്ന് നിങ്ങൾക്കെങ്ങനെ മനസ്സിലായി?'
*


26. ചന്ദ്രനും നക്ഷത്രങ്ങളും

'ചന്ദ്രനു പ്രായമാകുമ്പോൾ അതിനെ എന്തു ചെയ്യും?' ഒരു വിവരദോഷി മുല്ലായോടു ചോദിച്ചു.

'അതിനെ കഷണങ്ങളാക്കി മുറിച്ച്‌ നാൽപതു നക്ഷത്രങ്ങളാക്കും.'
*


27. ഇരുട്ടത്തു കാണാൻ

തനിക്ക്‌ ഇരുട്ടത്തും കണ്ണുകാണാമെന്ന് മുല്ലാ പറഞ്ഞുനടന്നു.

'എങ്കിൽപ്പിന്നെ മുല്ലാ, നിങ്ങളെന്തിനാണു രാത്രിയിൽ ചിലപ്പോൾ മെഴുകുതിരിയും പിടിച്ചുനടക്കുന്നത്‌?'

'അതു മറ്റുള്ളവർ എന്നെ വന്നു മുട്ടാതിരിക്കാനല്ലേ.'
*


28. ഒരു സൗൻദര്യപ്പിശക്‌

നസ്രുദീനെ ഒരിക്കൽ ഒരു ശിഷ്യൻ മനോഹരമായ ഒരു തടാകം കാണിക്കാൻ കൊണ്ടുപോയി.

'ഹാ, എന്തു ഭംഗി!' നസ്രുദീൻ ആശ്ചര്യംകൊണ്ടു. 'പക്ഷേ...'

'എന്തു പക്ഷേ?'

'അവരിതിൽ വെള്ളം കോരിയൊഴിക്കാതിരുന്നെങ്കിൽ എന്തു ഭംഗിയായിരുന്നേനേ!'
*


29. ആരെ വിശ്വസിക്കണം

ഒരയൽക്കാരൻ ചന്തയ്ക്കുപോകാനായി നസ്രുദീന്റെ കഴുതയെ വായ്പ ചോദിച്ചു. അതിനെ മറ്റൊരാൾ കൊണ്ടുപോയിരിക്കുകയാണെന്ന് നസ്രുദീൻ പറഞ്ഞു. ഈ സമയത്ത്‌ തൊഴുത്തിൽ നിന്ന് കഴുത കരയുന്നതു കേട്ടു. 'ഇവിടെ എവിടെയോ കഴുത കരയുന്നതു കേട്ടല്ലോ' എന്നായി അയൽക്കാരൻ. 'നിങ്ങൾക്കാരെയാണു വിശ്വാസം?' നസ്രുദീൻ ചോദിച്ചു. 'എന്നെയോ എന്റെ കഴുതയേയോ?'

1 comment:

VINAYA N.A said...

nannakunnundu.ella divasavum oro kadha ettirunnenkil nannayirunnu