Friday, March 13, 2009

മുല്ലാനസ്രുദീൻകഥകൾ-7

71. മുല്ലാ രാജാവിനെ കണ്ടവിധം

നസ്രുദീൻ രാജാധാനിയിൽ പോയി തിരിച്ചെത്തിയപ്പോൾ നാട്ടുകാർ ചുറ്റും കൂടി വിശേഷങ്ങൾ തിരക്കി. 'രാജാവെന്നോടു സംസാരിച്ചുവെന്നേ ഞാനിപ്പോൾ പറയുന്നുള്ളു,' മുല്ലാ ഒന്നും വിട്ടുപറയാൻ തയാറായില്ല. രാജാവു മുല്ലായോടു സംസാരിച്ചുവെന്ന അത്ഭുതവാർത്ത പരത്താനായി നാട്ടുകാർ പാഞ്ഞു. ഒരാൾ മാത്രം പോയില്ല; അയാൾക്കു കൂടുതൽ വിശേഷങ്ങൾ അറിയണം. 'അല്ല മുല്ലാ, രാജാവു തന്നോടെന്താ പറഞ്ഞത്‌?' 'ഓ അതോ, രാജാവു പറഞ്ഞതിതാണ്‌-'വഴിയിൽ നിന്നു മാറെടോ!'
*


72. രണ്ടും ശരി, മൂന്നാമതൊന്നുണ്ടെങ്കിൽ അതും ശരി

അന്നത്തേക്ക്‌ നസ്രുദീനാണു ന്യായാധിപൻ. മുല്ലാ ഗൗരവത്തോടെ ആദ്യത്തെ കേസു വിളിച്ചു.

'താൻ പറഞ്ഞതു ശരി,' വാദിഭാഗത്തിനു പറയാനുള്ളതു കേട്ടിട്ടു മുല്ലാ പറഞ്ഞു.

'താൻ പറഞ്ഞതു ശരി,' മറുഭാഗത്തിന്റെ വാദവും മുല്ലാ ശരിവച്ചു.

'അതെങ്ങനെ, ഇരുപക്ഷവും ഒരേപോലെ ശരിയാവുന്നതെങ്ങനെ?' കേട്ടിരുന്നവരിൽ ഒരാൾ ചോദിച്ചു.

'താൻ പറഞ്ഞതും ശരി,' മുല്ലാ അതും ശരിവച്ചു.
*


73. മരിച്ചതാര്‌?

ശവഘോഷയാത്ര കടന്നുപോവുമ്പോൾ മരിച്ചതാരെന്ന് ആരോ നസ്രുദീനോടന്വേഷിച്ചു. 'ആരാണെന്നത്ര പിടിയില്ല,' നസ്രുദീൻ പറഞ്ഞു. 'എന്തായാലും ആ പെട്ടിയിൽ കിടക്കുന്നായാളായിരിക്കണം.'
*


74. കള്ളൻ കട്ട ഒട്ടകം

'കള്ളൻ! കള്ളൻ! എന്റെ ഒട്ടകത്തെ ആരോ മോഷ്ടിച്ചു!' നസ്രുദീൻ വിളിച്ചുകൂവി. ബഹളം ഒന്നടങ്ങിയപ്പോൾ ആരോ ചോദിച്ചു, 'നസ്രുദീനേ, തനിക്കെവിടെയാ ഒട്ടകം?' 'ശ്‌ മിണ്ടാതിരിക്ക്‌! കള്ളൻ അതറിയാതെ ഒട്ടകത്തെ തിരിച്ചുകൊണ്ടുവന്നാലോ!'
*


75. ഇരുകരകൾ

നസ്രുദീൻ പുഴക്കരെ നിൽക്കുമ്പോൾ ആരോ അക്കരെനിന്നു വിളിച്ചുചോദിച്ചു, 'ഹേയ്‌, ഞാനെങ്ങനെയാ അക്കരെയെത്തുന്നത്‌?'

'താൻ അക്കരെത്തന്നെയാണല്ലോ!' നസ്രുദീൻ പറഞ്ഞു.
*


76. സത്യം

'ദൈവം സത്യമാണോ?'

'എല്ലാം സത്യമാണ്‌' നസ്രുദീൻ പറഞ്ഞു.

'ശരിയല്ലാത്തവയും?'

'അവയും.'

'അതെങ്ങനെ ശരിയാവാൻ?'

'അതൊന്നുമെനിക്കറിയില്ല; ഞാനല്ല അങ്ങനെയാക്കിയത്‌.'
*


77. പറഞ്ഞതു നുണയാണെങ്കിലു,

നസ്രുദീനും കൂട്ടുകാരും കൂടി നാട്ടുകാരെ ഒന്നു കളിയാക്കാൻ തീരുമാനിച്ചു. അവർ അങ്ങാടിയിൽച്ചെന്ന് ഇന്ന സ്ഥലത്ത്‌ ഒരു സ്വർണ്ണഖനിയുണ്ടെന്ന് വിളിച്ചുപറഞ്ഞു. അതു കേൾക്കേണ്ട താമസം, നാട്ടുകാർ ഒന്നൊഴിയാതെ അങ്ങോട്ടു പാഞ്ഞു. ഇതുകണ്ട്‌ നസ്രുദീനും പിന്നാലെ പാഞ്ഞു. താനെന്താണീ ചെയ്യുന്നതെന്ന് കൂട്ടുകാർ ചോദിച്ചപ്പോൾ അയാൾ പറഞ്ഞതിതാണ്‌: 'ഇത്രയധികം ആൾക്കാർക്കു വിശ്വാസമായ സ്ഥിതിക്ക്‌ അതെങ്ങാനും സത്യമായാലോ!'
*


78. അന്തിമാഭിലാഷം

നസ്രുദീനും ചങ്ങാതിമാരും മരണത്തെക്കുറിച്ചു ചർച്ചചെയ്യുകയായിരുന്നു: 'നിങ്ങൾ ചത്തു പെട്ടിയിൽക്കിടക്കുകയാണ്‌; കൂട്ടുകാരും ബന്ധുക്കളും ചുറ്റും കൂടിനിന്നു വിലപിക്കുകന്നു; അവരെന്തു പറയുന്നതു കേൾക്കണമെന്നാണ്‌ തന്റെ ആഗ്രഹം?'

'അദ്ദേഹം എത്ര വലിയൊരു വൈദ്യരായിരുന്നുവെന്ന് അവർ പറഞ്ഞുകേൾക്കാനാണ്‌ എനിക്കാഗ്രഹം,' ഒരാൾ പറഞ്ഞു.

'എത്രയോ പേരുടെ കണ്ണുതെളിയിച്ച ഒരു ഗുരുവാണീ കിടക്കുന്നതെന്ന് എന്നെക്കുറിച്ചു പറയണമെന്നാണെനിക്ക്‌,' മറ്റൊരാൾ പറഞ്ഞു.

'നോക്ക്‌, അയാളനങ്ങുന്നു! എന്നു കേൾക്കാനാണ്‌ എന്റെയാഗ്രഹം,' നസ്രുദീൻ തന്റെ അഭിലാഷവും വ്യക്തമാക്കി.
*


79. വിശ്വാസം മലയെ ഇളക്കും

തന്റെ വിശ്വാസത്തിന്റെ ശക്തിയെക്കുറിച്ച്‌ വീമ്പുപറയുകയായിരുന്നു മുല്ലാ.

'എങ്കിൽ തന്റെ പ്രാർത്ഥന കൊണ്ട്‌ ആ മലയെ ഒന്നിളക്കാമോ?' ഒരവിശ്വാസി ചോദിച്ചു.

മുല്ലാ മുട്ടുകാലിൽ വീണ്‌ പ്രാർത്ഥിച്ചു, ഉൽക്കടമായി പ്രാർത്ഥിച്ചു; പക്ഷേ മല ഇളകിയില്ല. വീണ്ടും പ്രാർത്ഥിച്ചു, മല അനങ്ങിയില്ല.

ഒടുവിൽ മുല്ലാ എഴുന്നേറ്റ്‌ മലയ്ക്കടുത്തേക്കു നടന്നു. 'ഞാൻ അഹംഭാവമൊന്നുമില്ലാത്ത ഒരു മനുഷ്യനാണ്‌; മല എന്റെയടുത്തേക്കു വന്നില്ലെങ്കിൽ ഞാൻ മലയുടെയടുത്തേക്കു ചെല്ലും.'
*


80. കടം

നസ്രുദീൻ അങ്ങാടിയിലൂടെ പോകുമ്പോൾ ഒരു കടക്കാരൻ അയാളെ പിടിച്ചുനിർത്തി തനിക്കു കിട്ടാനുള്ള കാശിന്റെ കാര്യവും പറഞ്ഞു വഴക്കിട്ടു.

'എന്റെ ചങ്ങാതീ, ഞാൻ തനിക്ക്‌ എന്തു തരാനുണ്ട്‌?' നസ്രുദീൻ ചോദിച്ചു.

'എഴുപത്തഞ്ചു രൂപ.'

'അതു ശരി,' നസ്രുദീൻ പറഞ്ഞു. 'മുപ്പത്തഞ്ചു രൂപ തനിക്കു ഞാൻ അടുത്ത മാസം തരാമെന്നു വിചാരിക്കുന്നുണ്ട്‌; അതിനടുത്ത മാസം മുപ്പത്തഞ്ചു രൂപയും തരുന്നുണ്ട്‌. എന്നുവച്ചാൽ അഞ്ചു രൂപയേ തനിക്കു ഞാൻ കടമുള്ളു. വെറും അഞ്ചു രൂപയ്ക്ക്‌ ഇത്രയും ആൾക്കാരുടെ മുന്നിൽ വച്ച്‌ എന്നെ അപമാനിക്കാൻ തനിക്കൊരു നാണവുമുണ്ടായില്ലല്ലോ!'
*

No comments: