Tuesday, March 3, 2009

ടാങ്ങ്‌ കവിതകൾ



വാങ്ങ്‌ ഹാൻ ( എട്ടാം നൂറ്റാണ്ട്‌)

ഒരു ഗാനം

പാടുകയാണവർ,
കോപ്പകൾ മോന്തിക്കമഴ്ത്തുകയാണവർ,
കിന്നരം മീട്ടിയിരിക്കുകയാണവർ...
മണലിൽത്തലചായ്ച്ചവർ വീണുറങ്ങുമ്പോൾ
പുഞ്ചിരിക്കൊള്ളുകയാണു നിങ്ങൾ?
-പോരിനു പോയോരിലെത്രപേർ പിന്നീടു
നാടെത്തി വീടിന്റെ കതകു തട്ടി?
*


ചെൻ ത്‌സു-ആങ്ങ്‌ (656-698)

യൂ ചൗ കവാടത്തിൽ


എവിടെ,യെൻമുന്നിൽ വരാനുള്ള കാലങ്ങൾ?
എവിടെ,യെൻപിന്നിൽ പൊയ്പ്പോയൊരു കാലങ്ങൾ?
ഓർത്തുപോയ്‌ ഞാനപ്പോളൂഴിയെ, വാനിനെ-
ആദിയുമന്ത്യവുമില്ലാത്ത സ്ഥായികൾ:
ഏകനാണീ ഞാനെന്നോർത്തശ്രുവാർത്തു ഞാൻ.
*



ചിൻ ചാങ്ങ്‌-ഹ്‌സു (പത്താം നൂറ്റാണ്ട്‌)

ഒരു വസന്തകാലനിശ്വാസം

മഞ്ഞക്കിളികളെയാട്ടിയോടിക്കുക,
വൃക്ഷനീഡങ്ങളിൽ പാടിപ്പൊലിക്കുമ-
ച്ചാരുകൺഠങ്ങളെയാകേ വിലക്കുക,
ദൂരെപ്പടയ്ക്കുപോയ്‌ തമ്പടിച്ചോൻ തന്റെ-
കാമുകനോടൊത്തുചേരുവാനായ്‌
സ്വപ്നത്തിൽ യാത്രക്കിറങ്ങുമ്പോഴല്ലേയ-
പ്പരിഷകളവളെ വിളിച്ചുണർത്തി!
*

No comments: