Sunday, March 15, 2009

മുല്ലാനസ്രുദീൻകഥകൾ-8

81. ഭൂമിക്കു സമനില തെറ്റാതിരിക്കാൻ


ഒരാൾ ചോദിച്ചു:

'മുല്ലാ, രാവിലെയാകുമ്പോൾ ചിലർ ആ വഴിക്കു പോകുന്നു, ചിലർ ഈ വഴിക്കും പോകുന്നു; എന്താണു കാരണം?'

'എല്ലാവരും ഒരേ ദിക്കിലേക്കു പോയാൽ ഭൂമിക്കു നില തെറ്റില്ലേ?' മുല്ലായുടെ മറുപടി അതായിരുന്നു.
*


82. കഴുതയോടൊപ്പം ഞാനും

ഒരിക്കൽ നസ്രുദീന്റെ കഴുതയെ കാണാതെപോയി. അതിനെ നോക്കിനടക്കുന്നതിനിടയിൽ അയാൾ ദൈവത്തിനു നന്ദിയും പറയുന്നുണ്ടായിരുന്നു. 'എന്താ മുല്ലാ, സദാ നേരവും ഇങ്ങനെ ദൈവത്തിനു നന്ദി പറയുന്നത്‌?' ആളുകൾ ചോദിച്ചു. 'കഴുതയെ കാണാതെ പോകുന്ന സമയത്ത്‌ ഞാനെങ്ങാനും അതിന്റെ പുറത്തുണ്ടായിരുന്നെങ്കിൽ എന്നെക്കൂടി കാണാതെ പോകുമായിരുന്നില്ലേ? അങ്ങനെ സംഭവിക്കാത്തതിനു ഞാൻ ദൈവത്തിനു കടപ്പെട്ടവനുമല്ലേ?' മുല്ലാ ചോദിച്ചു.
*


83. അറിവിന്‌ വേണ്ടത്

ഒരിറാൻകാരൻ നാട്ടിൽ നിന്ന് ഒരു ചങ്ങാതി അയച്ച കത്തുമായി നസ്രുദീനെ കാണാനെത്തി; അയാൾക്കതൊന്നു വായിച്ചുകൊടുക്കണം. നസ്രുദീൻ നോക്കുമ്പോൾ കത്തെഴുതിയിരിക്കുന്നത്‌ പാഴ്സിയിലാണ്‌; മോശം കൈപ്പടയും.

'മറ്റാരെകൊണ്ടെങ്കിലും വായിപ്പിക്കൂ,' നസ്രുദീൻ അയാളോടു പറഞ്ഞു.

അയാൾ പക്ഷേ വിട്ടില്ല.

'നോക്ക്‌,' നസ്രുദീൻ വീണ്ടും പറഞ്ഞു 'ഒന്നാമത്‌ എനിക്കു പാഴ്സി അറിയില്ല. ഇനിയിത്‌ തുർക്കിയിലാണ്‌ എഴുതിയിരിക്കുന്നതെങ്കിൽപ്പോലും ഈ കൈപ്പട വച്ച്‌ എനിക്കിതു വായിക്കാൻ പറ്റില്ല.'

മറ്റേയാൾ ക്ഷുഭിതനായി.

'ഹൊ, വലിയ അങ്കിയും തലപ്പാവുമൊക്കെ വച്ചു നിൽക്കുന്നു; എന്നിട്ട്‌ ഒരു സാധാരണ കത്തു വായിക്കാനറിയില്ലത്രേ! നിങ്ങൾക്കു നാണമില്ലേ, ഹേ!'

നസ്രുദീൻ ഒന്നും മിണ്ടാതെ തന്റെ അങ്കിയും തലപ്പാവും അഴിച്ച്‌ മറ്റേയാൾക്കു കൊടുത്തുകൊണ്ടു പറഞ്ഞു:

'ഒരങ്കിയും തലപ്പാവും ധരിച്ചാൽ എന്തും ചെയ്യാൻ പറ്റുമെന്നാണു തന്റെ ധാരണയെങ്കിൽ ഇതാ, ഇതും വച്ചുകൊണ്ട്‌ താനാ കത്തൊന്നു വായിക്കാൻ നോക്കിയാട്ടെ.'
*


84. അതിനു തന്റെ കുട്ടിക്കാലം ഓർമ്മ വന്നു

നസ്രുദീൻ ഒരിക്കൽ അങ്ങാടിയിലൂടെ പോകുമ്പോൾ കുറേ കുട്ടികൾ അയാളുടെ തൊപ്പി തട്ടിയെടുത്തു. അതു തിരിച്ചുപിടിക്കാൻ അയാൾ നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല; ഒടുവിൽ മുല്ലാ തൊപ്പി വേണ്ടെന്നു വച്ച്‌ വീട്ടിലേക്കു പോയി.

വീട്ടിലെത്തിയപ്പോൾ ഭാര്യ ചോദിച്ചു:

'മുല്ലാ, നിങ്ങളുടെ തൊപ്പിയെവിടെ?'

'എന്തു ചെയ്യാൻ, അതിനതിന്റെ കുട്ടിക്കാലം ഓർമ്മ വന്നു; അതിപ്പോൾ കുട്ടികളോടൊപ്പം വിളയാടുകയാണ്‌' മുല്ലാ പറഞ്ഞു.
*


85. അതെടുത്തു കളയൂ

'മുല്ലാ, വെട്ടിപ്പൊളിക്കുന്ന തലവേദന; എന്താ ചെയ്യേണ്ടത്‌?'

'കുറച്ചുദിവസം മുമ്പ്‌ എനിക്കു വല്ലാത്തൊരു പല്ലുവേദന വന്നു; എന്തു ചെയ്തിട്ടും ഫലമുണ്ടായില്ല; ഒടുവിൽ ഞാന്‍ അതെടുത്തുകളഞ്ഞു . ഇപ്പോഴെനിക്ക്‌ യാതൊരസുഖവുമില്ല.'
*


86. ഞാനിറങ്ങുകയായിരുന്നു

നസ്രുദീൻ ഒരിക്കൽ കഴിതപ്പുറത്തുനിന്നു വീണു. കുട്ടികൾ ചുറ്റും കൂടി ആർത്തുവിളിച്ചു:

'മുല്ലാ കഴുതപ്പുറത്തുനിന്നു വീണേ! മുല്ലാ കഴുതപ്പുറത്തുനിന്നു വീണേ!'

മുല്ലാ ഒന്നും സംഭവിക്കാത്തതുപോലെ തട്ടിക്കുടഞ്ഞെഴുന്നേറ്റു നിന്നിട്ട്‌ ഇങ്ങനെ പറഞ്ഞു:

'ഞാനേതായാലും ഇറങ്ങാൻ പോവുകയായിരുന്നല്ലോ!'
*


87. അയാൾക്കു തലയുണ്ടായിരുന്നില്ലേ?

നസ്രുദീൻ ഒരിക്കൽ ചങ്ങാതിയുമൊത്ത്‌ കടുവയെ പിടിക്കാൻ പോയി. കടുവ ഓടിച്ചെന്നു കയറിയത്‌ ഒരു ഗുഹയിൽ. കുറേ നേരം കഴിഞ്ഞിട്ടും കടുവ പുറത്തുവരാതിരുന്നപ്പോൾ ചങ്ങാതി ഗുഹക്കുള്ളിൽ തലയിട്ടു നോക്കി. പക്ഷേ പിന്നെ ചങ്ങാതിക്ക്‌ ഒരനക്കവുമില്ല. നസ്രുദീൻ ക്ഷമകെട്ട്‌ കാലിനു പിടിച്ചുവലിച്ച്‌ അയാളെ പുറത്തേക്കിട്ടു. നോക്കുമ്പോൾ അയാളുടെ തല കാണാനില്ല! നസ്രുദീൻ അയാളെ അവിടെയിട്ടിട്ട്‌ ഓടി അയാളുടെ വീട്ടിൽച്ചെന്ന് ഭാര്യയോടു ചോദിച്ചു:

'ഇന്നു കാലത്തു വീട്ടിൽ നിന്നിറങ്ങുമ്പോൾ നിങ്ങളുടെ ഭർത്താവിനു തലയുണ്ടായിരുന്നോ?'
*



88. വെളിച്ചം കണ്ടു പുറത്തേക്കു വരുന്നവർ

നസ്രുദീന്റെ ഭാര്യക്കു പ്രസവവേദന തുടങ്ങി. അയാൾ അയൽക്കാരെയും പേറ്റിച്ചിയേയും വരുത്തി. അൽപനേരം കഴിഞ്ഞ്‌ പ്രസവമുറിയിൽ നിന്ന് അവർ ഇങ്ങനെ വിളിച്ചുപറഞ്ഞു:

'മുല്ലാ, നിങ്ങൾക്കൊരു മകൻ പിറന്നു!'

മുല്ലായ്ക്കു സന്തോഷമായി.

അൽപസമയം കഴിഞ്ഞപ്പോൾ പേറ്റിച്ചി വീണ്ടും വിളിച്ചു:

'മുല്ലാ, നിങ്ങൾക്കൊരു പെൺകുട്ടിയുമായി!'

ഒരഞ്ചു മിനുട്ടു കഴിഞ്ഞപ്പോൾ അവർ വീണ്ടും വിളിക്കുകയായി:

'മുല്ലാ, ഇതാ ഒരു പെൺകുട്ടി കൂടി!'

മുല്ലാ നേരെ പ്രസവമുറിക്കുള്ളിൽ കടന്ന് മെഴുകുതിരി ഊതിക്കെടുത്തി.

'നിങ്ങളിതെന്താ ചെയ്യുന്നത്‌!' സ്ത്രീകൾ അമ്പരന്നുപോയി.

'അല്ല, വെളിച്ചം കണ്ട്‌ ഓരോരുത്തരിങ്ങനെ പുറത്തേക്കു വരാൻ തുടങ്ങിയാൽപ്പിന്നെ ഞാനെന്തു ചെയ്യാൻ?' മുല്ലാ ചോദിച്ചു.
*


89. മനസ്സു മണക്കുന്നവർ

ഒരുപാടുള്ളിയരിഞ്ഞിട്ട്‌, അതിൽ കുരുമുളകും പുതിനയിലയും ചേർത്തുണ്ടാക്കിയ സൂപ്പിനെക്കുറിച്ചു കിനാവു കാണുകയായിരുന്നു മുല്ലാ. ഈ സമയത്ത്‌ അയൽക്കാരന്റെ മകൻ ഒരു പാത്രവും കൊണ്ട്‌ കടന്നുവന്നിട്ടു പറഞ്ഞു:

'സൂപ്പുണ്ടെങ്കിൽ കുറച്ചു കൊടുക്കാൻ അച്ഛൻ പറഞ്ഞയച്ചു.'

മുല്ലായ്ക്കു ചിരി വന്നു:

'എന്റെ അയൽക്കാർ എന്റെ മനസ്സിലുള്ളതു പോലും മണത്തറിയും!'
*


90. എത്ര ദൂരം?

ഒരു ദിവസം രാത്രി കിടക്കുമ്പോൾ ഭാര്യ മുല്ലായോടു പറഞ്ഞു:

'ഒന്നു ദൂരെമാറിക്കിടന്നൂടേ!'

മുല്ലാ എഴുന്നേറ്റ്‌ ചെരുപ്പും വലിച്ചുകേറ്റി തെരുവിലേക്കിറങ്ങിനടന്നു. ഒരു രണ്ടു മണിക്കൂർ നടന്നപ്പോൾ എതിരെ ഒരു ചങ്ങാതി വരുന്നു.

കുശലപ്രശ്നങ്ങൾക്കു ശേഷം മുല്ലാ അയാളോടു പറഞ്ഞു:

'നാട്ടിൽ ചെല്ലുമ്പോൾ എന്റെ വീട്ടിലും ഒന്നു കയറണം; എന്നിട്ട്‌ എന്റെ ഭാര്യയോടു ചോദിക്കുക, ഞാൻ ഇത്ര ദൂരെപ്പോയാൽ മതിയോയെന്ന്.'
*






'

No comments: