Thursday, March 5, 2009

താരോ യമാമോട്ടോ - ഒരു ശസ്ത്രക്രിയാമുറിയിൽ

കുഞ്ഞിന്റെ ആമാശയം നിറയെ പൂവിതളുകളായിരുന്നു,
ഒരാകാശവെളിച്ചത്തിന്റെ രശ്മികൾ
അതിനെ സുതാര്യമാക്കി.
ഒരു പൂത്തകിടിയിലെന്നപോലെ
അവ കാറ്റിലിളകുകയായിരുന്നു.
ഒരു പൂമ്പാറ്റയുടെ ജഡം പോലെയുള്ള വസ്തുക്കളും
മങ്ങിക്കാണപ്പെട്ടു.
ശാന്തമായൊരു പൂവനം തന്നെയായിരുന്നു അത്‌.
ആമാശയം തുറന്നപ്പോൾ
പൂവിതളുകൾ സ്വർണ്ണമത്സ്യങ്ങളായി നീന്തി;
കുഞ്ഞിന്റെ തുറിച്ചകണ്ണുകൾക്കു മുന്നിൽ
ഡോക്ടറുടെ മുഖാവരണമായിരുന്നു.

വെളിയിൽ
മഞ്ഞുകാലത്തെ ശീതക്കാറ്റു വീശുകയായിരുന്നു,
കുഞ്ഞിന്റെ കണ്ണുകളിൽ
ഒരു വെളിച്ചം തവിഞ്ഞപോലെ കണ്ടു.
ജീവന്റെ മധുരനിശ്വാസം
കേട്ടപോലെ തോന്നി;
കുഞ്ഞുറങ്ങുകയാവണം.
അല്ല, അതൊരു
തിരശ്ശീലയുലഞ്ഞ ശബ്ദമായിരുന്നു;
അതിലൂടെ ചെറിയൊരു നീലപ്പൂപ്പാത്രം പോലെ
കുഞ്ഞിന്റെയാത്മാവ്‌ നൂണിറങ്ങിപ്പോയി,
വിദൂരമായൊരു നാട്ടിലേക്കു
മടങ്ങിപ്പോയി.
*

No comments: