Thursday, March 5, 2009

മുല്ലാനസ്രുദീൻകഥകൾ-3

30. നാം ഇവിടെ എങ്ങനെയെത്തി?

ഒരുദിവസം രാത്രിയിൽ ആളൊഴിഞ്ഞ വഴിയിലൂടെ ഒറ്റയ്ക്കു നടക്കുമ്പോൾ കുതിരപ്പുറത്തു കുറേപ്പേർ തനിക്കെതിരേ വരുന്നത്‌ നസ്രുദീൻ കണ്ടു. അയാളുടെ ഭാവന ഉണർന്നുപ്രവർത്തിച്ചു; തന്നെ അവർ ആട്ടിപ്പിടിക്കുന്നതായും അടിമയാക്കിക്കൊണ്ടുപോയി വിൽക്കുന്നതായുമൊക്കെ അയാൾ സങ്കൽപ്പിച്ചു.

പിന്നെന്താണു ചെയ്യാനുള്ളത്‌? അയാൾ ഒറ്റയോട്ടത്തിന്‌ ഒരു ശവപ്പറമ്പിന്റെ മതിലു ചാടി മൂടിയിട്ടില്ലാത്ത ഒരു ശവക്കുഴിയിൽ ചെന്നു കിടന്നു.

നസ്രുദീന്റെ ഈ വിചിത്രമായ പെരുമാറ്റം കണ്ടമ്പരന്നുപോയ യാത്രക്കാർ- അവർ വെറും യാത്രക്കാർ മാത്രമായിരുന്നു, നസ്രുദീൻ ഭാവനയിൽക്കണ്ട ദുഷ്ടന്മാരൊന്നുമായിരുന്നില്ല-അയാളുടെ പിന്നാലെ ചെന്നു.

ശവക്കുഴിയിൽ പേടിച്ചുവിറച്ചുകിടക്കുകയാണയാൾ.

'താൻ ഇതിനകത്തെന്തെടുക്കുകയാണ്‌? താൻ ഓടുന്നത്‌ ഞങ്ങൾ കണ്ടു. എന്തെങ്കിലും സഹായം ആവശ്യമുണ്ടോ?'

'ഒരു ചോദ്യം ചോദിച്ചതുകൊണ്ടുമാത്രം കൃത്യമായ ഒരു മറുപടി കിട്ടുമെന്നു പ്രതീക്ഷിക്കരുത്‌,' തനിക്കു പറ്റിയ അമളി മനസ്സിലായ മുല്ലാ പറഞ്ഞു. 'നിങ്ങൾ എവിടെനിന്നു നോക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അത്‌. അറിഞ്ഞേ പറ്റൂ എന്നുണ്ടെങ്കിൽ ഞാൻ പറയാം: നിങ്ങൾ കാരണമാണ്‌ ഞാൻ ഇവിടെയെത്തിയത്‌, ഞാൻ കാരണം നിങ്ങളും ഇവിടെയെത്തി.'
*


31. കള്ളക്കടത്തുകാരൻ

നസ്രുദീൻ ഇടയ്ക്കിടെ കഴുതയുമായി പേഴ്സ്യ കടന്ന് ഗ്രീസിലേക്കു പോകും. പോകുമ്പോൾ കഴുതപ്പുറത്ത്‌ രണ്ടു വൈക്കോൽക്കൂടകൾ കാണും; തിരിയെ വരുമ്പോൾ ഒന്നുമുണ്ടാവില്ല. ഓരോ തവണയും അതിർത്തികാവൽക്കാർ കള്ളക്കടത്തെന്തെങ്കിലും നടത്തുന്നുണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കും; പക്ഷേ ഒരിക്കലും അങ്ങനെയെന്തെങ്കിലും കണ്ടുപിടിക്കാൻ അവർക്കു കഴിഞ്ഞതുമില്ല.

'താനെന്താ കൊണ്ടുപോകുന്നത്‌ നസ്രുദീനേ? '

'ഞാനൊരു കള്ളക്കടത്തുകാരനാണേ!'

വർഷങ്ങൾക്കു ശേഷം നസ്രുദീൻ ഈജിപ്തിലേക്കു താമസം മാറ്റി; അപ്പോഴേക്കും അയാൾ വലിയൊരു ധനികനായിക്കഴിഞ്ഞിരുന്നു. അങ്ങനെയിരിക്കെ മുമ്പ്‌ അതിർത്തിയിൽ കാവൽക്കാരനായിരുന്ന ഒരാൾ നസ്രുദീനെ കണ്ടുമുട്ടി.

'ഇപ്പോഴെന്തായാലും ഗ്രീസിന്റെയും പേഴ്സ്യയുടെയുമൊന്നും നിയമങ്ങളെ തനിക്കു പേടിക്കാനില്ലാത്തതുകൊണ്ടു ചോദിക്കുകയാണ്‌, താനന്ന് എന്താണു കടത്തിക്കൊണ്ടുപോയിരുന്നത്‌?'

'കഴുതകളെ.'
*


32. പുതിയ രാശി

ജ്യോതിഷത്തിൽ താനൊരു വിജ്ഞാനിയാണെന്ന് നസ്രുദീൻ പറഞ്ഞുനടന്നു.

'താനേതു രാശിയിലാണു ജനിച്ചതു മുല്ലാ?' ആരോ ചോദിച്ചു.

'കഴുതരാശിയിൽ.'

'കഴുതരാശിയോ! അങ്ങനെയൊന്ന് എന്റെ ഓർമ്മയിലില്ലല്ലോ.'

'അതു നിങ്ങൾക്ക്‌ എന്നെക്കാൾ പ്രായമുള്ളതുകൊണ്ടാവും; പുതിയതു കുറേ പിന്നീടുണ്ടായിട്ടുണ്ട്‌.'
*


33. അന്യനാട്ടിലെ പറവ

നസ്രുദീൻ ഒരിക്കൽ ഒരു പഴത്തോട്ടത്തിൽക്കയറി ആപ്പിൾ പറിച്ചുതിന്നു. ഈ സമയത്താണ്‌ തോട്ടക്കാരൻ അതുവഴി വന്നത്‌. നസ്രുദീൻ ഉടനേ ഒരു മരത്തിനു മുകളിൽ കയറി ഇരുന്നു.

'താനവിടെ എന്തെടുക്കുകയാ?' തോട്ടക്കാരൻ ചോദിച്ചു.

'പാടുകയാണ്‌. ഞാനൊരു വാനമ്പാടിയാണേ!'

'അതുശരി, വാനമ്പാടിയാണല്ലേ. എന്നാലൊന്നു പാടിയാട്ടെ.'

നസ്രുദീൻ എന്തോ ചില സ്വരങ്ങളൊക്കെ തട്ടിവിട്ടു. തോട്ടക്കാരനു ചിരിവന്നു.

'ഇങ്ങനെയൊരു വാനമ്പാടിയുടെ പാട്ടു ഞാൻ കേട്ടിട്ടേയില്ല,' അയാൾ പറഞ്ഞു.

'അതു നിങ്ങൾ യാത്ര ചെയ്യാത്തതുകൊണ്ടാണ്‌,' നസ്രുദീൻ പറഞ്ഞു. 'വിദേശത്തുള്ള ഒരു വാനമ്പാടിയുടെ പാട്ടാണു ഞാൻ പാടിയത്‌.'


34. കഴുതയ്ക്കൊരു സഹായം

നസ്രുദീൻ കഴുതപ്പുറത്തു വിറകുകെട്ടു കേറ്റിയിട്ട്‌ ജീനിയിന്മേലിരിക്കാതെ വിറകിനു മുകളിൽ കയറിയിരുന്നു. 'തനിക്കെന്താ ജീനിയിലിരുന്നൂടേ?' ആരോ ചോദിച്ചു.

;അതുകൊള്ളാം,' നസ്രുദീൻ പറഞ്ഞു,'ആ പാവത്തെക്കൊണ്ട്‌ എന്നെക്കൂടി ചുമപ്പിക്കാനോ!'
*


35. വിലയെങ്ങനെ?

നസ്രുദീൻ ഒരിക്കൽ അങ്ങാടിയിൽ നിൽക്കുമ്പോൾ കിളികളെ വിൽക്കാൻ വച്ചിരിക്കുന്നതു കണ്ടു; ഒന്നിനു പത്തു മോഹർ. 'ഇതിനെക്കാൾ വലിപ്പമുള്ള എന്റെ കിളിക്ക്‌ ഇതിനെക്കാൾ വിലകിട്ടണമല്ലോ,' അയാൾ മനസ്സിൽ പറഞ്ഞു.

അടുത്ത ദിവസം അയാൾ തന്റെ പിടക്കോഴിയെയുമെടുത്ത്‌ അങ്ങാടിയിൽ ചെന്നു. പക്ഷേ ഒരാളും കോഴിക്ക്‌ ചില്ലറക്കാശല്ലാതെ കൊടുക്കാൻ തയാറായില്ല. മുല്ലാ ഒച്ചയെടുത്തു:

'ഇതെന്താ കളി! ഇന്നലെ ഇതിന്റെ പത്തിലൊന്നു വലിപ്പമുള്ള കിളികൾക്ക്‌ നിങ്ങൾ നൂറിരട്ടി വില കൊടുത്തല്ലോ.'

'അതു തത്തകളായിരുന്നില്ലേ മുല്ലാ, സംസാരിക്കുന്ന പക്ഷികൾ-അവയ്ക്കു വില കൂടും' ആരോ പറഞ്ഞു.

'നന്നായി!' മുല്ലാ ക്ഷോഭിച്ചു. 'സംസാരിക്കുമെന്നുള്ളതുകൊണ്ട്‌ നിങ്ങൾക്കവയെയാണു കാര്യം, അല്ലേ? മനസ്സിൽ ഉന്നതചിന്തകളും വച്ചുകൊണ്ട്‌ മിണ്ടാതിരിക്കുന്ന ഈ പക്ഷിയെ നിങ്ങൾക്കു വിലയുമില്ല!'
*


36. കള്ളനു വഴി പറഞ്ഞുകൊടുക്കുക!

തന്റെ ചാക്കുകെട്ടെടുത്ത്‌ വീട്ടിലെത്തിക്കാൻ അങ്ങാടിയിൽ വച്ച്‌ മുല്ലാ ഒരു കൂലിക്കാരനോടു പറഞ്ഞു. വീട്ടിലേക്കുള്ള വഴി കൂടി പറഞ്ഞുകൊടുക്കാൻ അയാൾ അപേക്ഷിച്ചപ്പോൾ മുല്ലാ തറപ്പിച്ചുൻഓക്കിക്കൊണ്ടു പറഞ്ഞതിതാണ്‌:

'നീയൊരു കവർച്ചക്കാരനല്ലെന്നാരു കണ്ടു? നിനക്കു ഞാൻ വീട്ടിലേക്കുള്ള വഴിയും പറഞ്ഞുതരണം, അല്ലേ!'
*


37. തന്നെത്താൻ കാണുക

നടുപ്പാതിരയ്ക്ക്‌ മുല്ലാ തന്റെ കിടപ്പുമുറിയുടെ ജനാലയിലൂടെ ഒളിഞ്ഞുനോക്കുന്നത്‌ വഴിയേ പോയ ഒരാൾ കണ്ടു.

'എന്താ നസ്രുദീനേ, പുറത്തുപെട്ടുപോയോ?' അയാൾ ചോദിച്ചു.

'മിണ്ടല്ലേ, ഞാൻ ഉറക്കത്തിൽ ഇറങ്ങിനടക്കുന്നുവെന്നാണ്‌ ആളുകൾ പറയുന്നത്‌. എങ്കിൽ എനിക്കതൊന്നു കണ്ടുപിടിക്കണമല്ലോ!'
*


38. വലയുടെ ഉപയോഗം

ഗ്രാമത്തിലെ ന്യായാധിപനാകാൻ യോഗ്യതയുള്ള ഒരാളെ അന്വേഷിച്ച്‌ രാജാവ്‌ ദൂതന്മാരെ അയച്ചു; എളിമയുള്ള ഒരാളെയാണ്‌ വേണ്ടത്‌. നസ്രുദീൻ ഇതെങ്ങനെയോ മണത്തറിഞ്ഞു.

സഞ്ചാരികളുടെ വേഷത്തിൽ വന്ന ദൂതന്മാർ ഒരു മീൻവലയും ചുമലിലിട്ടു നിൽക്കുന്ന നസ്രുദീനെയാണു കണ്ടത്‌.

'അല്ല, ഇതെന്തായിങ്ങനെ മീൻവലയും തോളത്തിട്ടു നിൽക്കുന്നത്‌?' ഒരു ദൂതൻ ചോദിച്ചു.

'ഓ, അതെന്റെ പഴയകാലം മറന്നുപോകാതിരിക്കാൻ വേണ്ടിയല്ലേ; ഞാനൊരു മുക്കുവനായിരുന്നു.'

ഇത്ര വിശിഷ്ടമായ ഒരു സ്വഭാവഗുണത്തിന്റെ പേരിൽ നസ്രുദീനെ രാജാവ്‌ ഗ്രാമത്തിലെ ന്യായാധിപനായി നിയമിക്കുകയും ചെയ്തു.

കുറേ നാളുകൾക്കു ശേഷം ആ പഴയ ദൂതന്മാരിൽ ഒരാൾ കോടതിയിൽ വച്ച്‌ നസ്രുദീനെ കണ്ടു. അന്നു പക്ഷേ ചുമലിൽ വലയുമൊന്നുമില്ല.

'വലയ്ക്കെന്തു പറ്റി, നസ്രുദീനേ?' അയാൾ ചോദിച്ചു.

'മീൻ വലയിലായിക്കഴിഞ്ഞാൽപ്പിന്നെ വലയുടെ ആവശ്യമെന്താ?' നസ്രുദീൻ ചോദിച്ചു.
*


39. മറിച്ചായിരുന്നെങ്കിൽ

അരണ്ട വെളിച്ചത്തിൽ മുറ്റത്തൊരു വെളുത്ത രൂപം നിൽക്കുന്നതു കണ്ട്‌ മുല്ലാ ഭാര്യയോട്‌ അമ്പും വില്ലും എടുത്തുകൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഉന്നം തെറ്റിയില്ല; വീണുകിടക്കുന്ന രൂപത്തെ നോക്കാൻപോയ മുല്ലാ തിരിച്ചുവന്നത്‌ ആകെ മനസ്സുലഞ്ഞിട്ടാണ്‌.

'ഹൊ, കഷ്ടിച്ചു രക്ഷപ്പെട്ടു! ഉണങ്ങാനിട്ട ആ കുപ്പായത്തിനുള്ളിൽ ഞാനെങ്ങാനുമുണ്ടായിരുന്നെങ്കിൽ അക്ഷണം എന്റെ കഥ കഴിഞ്ഞേനേ. അമ്പുകൊണ്ടത്‌ ചങ്കിൽത്തന്നെയാണ്‌.'
*


40. ചെയ്തു പഠിക്കുക

നസ്രുദീൻ തന്റെ വീടിന്റെ മേൽക്കൂരയിലിരുന്ന് എന്തോ പണി ചെയ്യുമ്പോൾ ഒരു ഫക്കീർ താഴെ നിന്നുകൊണ്ടു വിളിച്ചു. നസ്രുദീൻ താഴെയിറങ്ങിവന്നപ്പോൾ തനിക്കെന്തെങ്കിലും ധർമം തരണമെന്ന് ഫക്കീർ ആവശ്യപ്പെട്ടു.

'അതു താഴെ നിന്നങ്ങു വിളിച്ചുപറഞ്ഞാൽപ്പോയായിരുന്നോ?' മുല്ലായ്ക്കു നീരസം തോന്നി. മാനക്കേടു തോന്നിയിട്ടാണെന്നു ഫക്കീർ പറഞ്ഞപ്പോൾ മുല്ലാ അയാളെ വീടിന്റെ മേൽക്കൂരയിലേക്കു ക്ഷണിച്ചു. ഇരുവരും മേൽക്കൂരയിലെത്തി. മുല്ലാ തന്റെ പണി വീണ്ടും തുടങ്ങിക്കൊണ്ട്‌ ഫക്കീറിനോടു പറഞ്ഞു: 'ധർമം തരാൻ എന്റെ കൈയിൽ ഒന്നുമില്ല.'
*


41. ലോകാവസാനം

നസ്രുദീന്റെ വീട്ടിൽ കൊഴുത്തൊരാട്ടിൻകുട്ടിയുണ്ടായിരുന്നു. അതിനെ കറിയാക്കാൻ അയൽക്കാർ പലപാടു ശ്രമിച്ചിട്ടും കാര്യമുണ്ടായില്ല. ഒടുവിൽ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ലോകം അവസാനിക്കാൻ പോവുകയാണെന്ന് അവർ മുല്ലായെ പറഞ്ഞുവിശ്വസിപ്പിച്ചു.

'ആ സ്ഥിതിക്ക്‌ നമുക്കതിനെ തട്ടാം,' മുല്ലാ സമ്മതിച്ചു.

സദ്യ കഴിഞ്ഞ്‌ എല്ലാവരും കുപ്പായങ്ങൾ ഊരിമാറ്റിയിട്ട്‌ ഉറങ്ങാൻ കിടന്നു. ഉറക്കം കഴിഞ്ഞുവന്നപ്പോൾ ആരുടെയും കുപ്പായം കാണാനുണ്ടായിരുന്നില്ല; നസ്രുദീൻ അതൊക്കെ വാരിയിട്ട്‌ തീയിട്ടുകളഞ്ഞു.

അതിഥികൾ ഒച്ചയും ബഹളവുമായപ്പോൾ നസ്രുദീൻ അക്ഷോഭ്യനായി ഇങ്ങനെ പറഞ്ഞു: 'എന്റെ ചങ്ങാതികളേ, നാളെ ലോകം അവസാനിക്കാൻ പോവുകയല്ലേ? പിന്നെ നമുക്കീ കുപ്പായവുമൊക്കെക്കൊണ്ട്‌ എന്തു കാര്യം!'
*


42. പക്ഷിയായാൽ ഇങ്ങനെയിരിക്കണം

പറന്നുതളർന്ന ഒരു പ്രാപ്പിടിയൻ നസ്രുദീന്റെ ജനാലപ്പടിയിൽ വന്നിരുന്നു. ഇങ്ങനെയൊരു പക്ഷിയെ നസ്രുദീൻ മുമ്പു കണ്ടിട്ടില്ല.

'പാവം!' നസ്രുദീന്‌ ദയ തോന്നി.'നീയെങ്ങനെ ഈ പടുതിയിലെത്തി?'

അയാൾ അതിന്റെ കൊക്കും നഖങ്ങളും ചിറകും വെട്ടിച്ചെറുതാക്കി.

'ഇപ്പോൾ നിനക്കൊരു പക്ഷിയുടെ ലക്ഷണമൊക്കെയുണ്ട്‌,' നസ്രുദീൻ പറഞ്ഞു.
*


43. അമാന്തക്കാരൻ

'നിയിങ്ങനെ അമാന്തമായാലെങ്ങനെയാ, നസ്രുദീനേ,' നസ്രുദീനെ വേലയ്ക്കു നിർത്തിയിരുന്ന ഒരാൾ ഒരിക്കൽ അയാളെ വിളിച്ചുശാസിച്ചു.'ഒരുകാര്യം ചെയ്യാൻ പറഞ്ഞാൽ ഒരുമിച്ചതങ്ങു ചെയ്തുകൂടേ? മൂന്നു മുട്ട വാങ്ങാൻ മൂന്നു തവണ ചന്തയിൽപ്പോകണമെന്നുണ്ടോ?' ഇനിമേലിൽ അങ്ങനെയായിക്കോളാമെന്ന് നസ്രുദീൻ സമ്മതിച്ചു. ഒരുദിവസം യജമാനന്‌ സുഖമില്ലാതായി. വൈദ്യരെ വിളിച്ചുകൊണ്ടുവരാൻ നസ്രുദീനെ ഏൽപ്പിച്ചു. വൈദ്യരെ വിളിക്കാൻ പോയ ആൾ തിരിച്ചുവരുന്നത്‌ ഒരുപറ്റം ആൾക്കാരോടൊപ്പമാണ്‌. 'വൈദ്യരെ കൊണ്ടുവന്നിട്ടുണ്ട്‌ യജമാനനേ,' നസ്രുദീൻ പറഞ്ഞു. 'കൂടെ മറ്റുള്ളവരുമുണ്ട്‌.' 'ആരാ ഈ മറ്റുള്ളവർ?' 'വൈദ്യർ കഷായമുണ്ടാക്കാൻ പറഞ്ഞാൽ അതിനൊരാളു വേണ്ടേ?കഷായം വയ്ക്കാനുള്ള മരുന്നു വേണമെങ്കിൽ അതു വിൽക്കുന്നവരു വേണ്ടേ? മരുന്നരിഞ്ഞുകൂട്ടാൻ ഒരാളു വേണമല്ലോ? കഷായം തിളപ്പിക്കാനുള്ള വിറകു കീറാനും ആളു വേണം. ഇനിയഥവാ അങ്ങു മരിച്ചുപോവുകയാണെങ്കിൽ കുഴിവെട്ടാനുള്ളയാളെക്കൂട്‌ഇ ഞാൻ വിളിച്ചുകൊണ്ടുവന്നിട്ടുണ്ട്‌.'
*

No comments: