121. കാണാതായ കഴുത
ഒരു കൃഷിക്കാരനു തന്റെ കഴുതയെ നഷ്ടപ്പെട്ടു. അയാൾ ഒരു കയറുമായി അതിനെ അന്വേഷിച്ചു പുറപ്പെട്ടു; വഴിക്ക് അയാൾ നസ്രുദീനെ കണ്ടുമുട്ടി. നമുക്കൊരുമിച്ചന്വേഷിക്കാമെന്നു പറഞ്ഞ് നസ്രുദീനും കൂട്ടത്തിൽക്കൂടി. പോകുന്ന വഴി അവർ ഒരു സത്രത്തിൽ കയറി. അവിടെ കൂടിയിരുന്നവരോട് നസ്രുദീൻ വിളിച്ചുചോദിച്ചു:
'നിങ്ങളിൽ പുകവലിക്കാത്തവനും ചായ,കാപ്പികൾ കുടിക്കാത്തവനുമായി ആരെങ്കിലുമുണ്ടോ?'
ഒരാൾ കൈപൊക്കി. നസ്രുദീൻ കൃഷിക്കാരനോടു പറഞ്ഞു:
' കയർ ആ ചങ്ങാതിയുടെ കഴുത്തിലേക്കിട്ടേക്ക്; അവനാണൊന്നാന്തരം കഴുത!'
122. പല്ലുവേദന
നസ്രുദീൻ പല്ലുവേദനയുമായി തെരുവിലൂടെ നടക്കുകയാണ്. പെട്ടെന്നൊരു നിലവിളി കേട്ടു. 'എന്തുപറ്റി ചങ്ങാതീ?' നസ്രുദീൻ വിളിച്ചു ചോദിച്ചു. 'എന്നെയൊരു പാമ്പു കടിച്ചു!' 'അത്രേയുള്ളോ? ഞാൻ കരുതി പല്ലുവേദനയായിരിക്കുമെന്ന്!'
123. നസ്രുദീൻ കുലുക്കമില്ലാത്തയാളാണ്!
നസ്രുദീന്റെ വീടിനു തീപ്പിടിച്ചു. 'നസ്രുദീനേ, തന്റെ വീടിനു തീപ്പിടിച്ചു! ഓടിച്ചെന്ന് അതണയ്ക്കാൻ നോക്ക്!' അയൽക്കാർ ബഹളം കൂട്ടി. 'തീ പിടിച്ചോട്ടെന്നേ,' നസ്രുദീൻ അക്ഷോഭ്യനായിരുന്നു. 'താക്കോൽ എന്റെ കൈയിലല്ലേ!'
124. അല്ലാഹുവിന്റെ ഭവനം
ഒരു ഭിക്ഷക്കാരൻ നസ്രുദീന്റെ വീടിന്റെ വാതിൽക്കൽ മുട്ടിയിട്ടു പറഞ്ഞു: 'ഇവിടെ വന്നാൽ ഭക്ഷണം കിട്ടുമെന്നു പറഞ്ഞ് അല്ലാഹു എന്നെ വിട്ടതാണ്.' 'തനിക്കു വീടു തെറ്റിയെന്നു തോന്നുന്നു; അല്ലാഹുവിന്റെ താമസം അവിടെയാണ്!' അടുത്ത പള്ളി ചൂണ്ടിക്കാണിച്ചുകൊണ്ട് നസ്രുദീൻ പറഞ്ഞു.
125. അവസാനത്തെ ചിരി
നസ്രുദീൻ മരണക്കിടക്കയിലാണ്. ഭാര്യമാർ രണ്ടുപേരും കറുത്ത പർദ്ദയും ധരിച്ച് വിഷാദിച്ചിരിക്കുമ്പോൾ നസ്രുദീൻ അവരോടു പറഞ്ഞു: 'ഇതെന്താണിങ്ങനെ? ആ പർദ്ദയൊക്കെ ഊരിക്കളയൂ. മുഖം കഴുകി, മുടി കോതി, നല്ല വേഷവും ധരിച്ച് സുന്ദരികളായിട്ടിരിക്കൂ.' 'ഭർത്താവു മരിക്കാൻ കിടക്കുമ്പോൾ ഞങ്ങളെങ്ങനെ സന്തോഷിക്കും?' ഒരു ഭാര്യ ചോദിച്ചു. ഒരു വരണ്ട ചിരിയോടെ നസ്രുദീൻ തന്നോടെന്നപോലെ ഇങ്ങനെ പറഞ്ഞു: 'മരണത്തിന്റെ മാലാഖ കടന്നുവരുമ്പോൾ നവവധുക്കളെപ്പോലെ അണീഞ്ഞൊരുങ്ങിയിരിക്കുന്ന നിങ്ങളെക്കണ്ട് എനിക്കു പകരം നിങ്ങളിലൊരാളെ കൊണ്ടുപോയാലോ!'
എന്നിട്ടു മുല്ലാ നസ്രുദീൻ കണ്ണുകളടച്ചു.
*
2 comments:
ആദ്യമായി ഈ ബ്ലോഗിൽ എത്തിയതാണ്.വായിക്കുന്നു. ആശംസകൾ!
124
is one of the best!!
Post a Comment