Sunday, March 22, 2009
കാഫ്കയുടെ വിചാരണ
ഈ വാതിൽക്കലെത്തി തിരിച്ചുപോകുന്നവനു ഹാ, കഷ്ടം;
മറ്റൊരു വാതിൽ അയാൾക്കു കണ്ടെത്താനുമില്ല.
(സാ-ദി)
ബാങ്ക് ഓഫീസറായ ജോസഫ്.കെ ഒരു ദിവസം കാലത്ത് സ്വന്തം കിടക്കയിൽ വച്ച് അറസ്റ്റിലാവുന്നു. താനെന്തു കുറ്റമാണു ചെയ്തതെന്ന് അയാൾക്കറിയില്ല; അറസ്റ്റു ചെയ്യാൻ വന്നവർക്കു പോലും അതിനെകുറിച്ച് കൃത്യമായ ഒരു വിവരമില്ല. അയാൾ അറസ്റ്റിലാണ്, അത്ര തന്നെ; തന്റെ നിത്യജീവിതം നയിക്കുന്നതിന് അയാൾക്കതൊരു തടസ്സവുമല്ല. പക്ഷേ അതിനെ ഗൗരവത്തിലെടുക്കാൻ പോയി എന്നതാണ് അയാൾ പിന്നീടു ചെയ്ത തെറ്റ്; തന്റെ ദൈനന്ദിനജീവിതത്തിലെ സാധാരണമായ ഒരു പ്രവൃത്തിയോ ചേഷ്ടയോ കൊണ്ട് അയാൾക്കതു മറികടക്കാവുന്നതേയുണ്ടായിരുന്നുള്ളു. പകരം അയാൾ വിചാരണയ്ക്കു സ്വയം വിട്ടുകൊടുക്കുകയാണ്. വിപുലവും അടഞ്ഞതും തലതിരിക്കുന്നതും അന്തമറ്റതുമായ ഒരു പ്രക്രിയക്ക് അയാൾ സ്വയം വഴങ്ങികൊടുക്കുകയാണ്. തന്നെ സഹായിക്കാൻ അയാൾ കൂട്ടുപിടിക്കുന്നതോ സംശയിക്കേണ്ട സ്വഭാവമുള്ള സ്ത്രീകളെ; സ്വന്തം പ്രാധാന്യത്തെ പെരുപ്പിച്ചുകാട്ടുന്ന, അനാരോഗ്യക്കാരായ വക്കീലന്മാരെ; മൂന്നാംകിട പെയ്ന്റർമാരെ. പക്ഷേ അയാളുടെ കേസ് മുന്നോട്ടുപോവുന്നതേയില്ല; വിചാരണയ്ക്കായി അയാൾ ഒരു ജഡ്ജിയുടെ മുന്നിലേക്കെത്തുന്നതുമില്ല. നിയമവ്യവസ്ഥയുടെ പരിസരങ്ങളിൽ ചുറ്റിക്കറങ്ങുകയാണയാൾ. ഒരു ഭദ്രാസനപ്പള്ളിയിൽ വച്ച് ഒരു വൈദികനുമായി നടത്തുന്ന സംഭാഷണം പോലും അയാൾക്കാശ്വാസം നൽകുന്നില്ല. അയാൾക്കൊന്നും വെളിപ്പെട്ടുകിട്ടുന്നില്ല. ഒടുവിൽ തന്റെ മുപ്പത്തൊന്നാം പിറന്നാളിന്റെ തലേന്നാൾ രണ്ടുപേർ അയാളെ വിളിച്ചിറക്കിക്കൊണ്ടുപോകുന്നു; നഗരത്തിനു പുറത്ത് ഒരു കന്മടയിൽ വച്ച് അവർ തന്നെ കുത്തിക്കൊല്ലുന്നതിന് അയാൾ വഴങ്ങിക്കൊടുക്കുന്നു. ഒരു പട്ടിയെപ്പോലെയാണു താൻ ചത്തതെന്ന നാണക്കേടു മാത്രമേ അയാൾക്കു ബാക്കിവയ്ക്കാനുള്ളു.
എഴുതിത്തീർക്കാത്തതോ എഴുതി ഉപേക്ഷിച്ചതോ ആയ (അന്ത്യരംഗം അരങ്ങേറുന്ന ആ കന്മട പോലെ) ഒരു കൃതിയായതുകൊണ്ടു തന്നെ ഈ നോവൽ സുഖമായി വായിച്ചുപോകാവുന്ന ഒന്നല്ല. ചുറ്റിച്ചുഴലുന്നപോലുള്ള വാക്യഘടന, നിയതമല്ലാത്ത ചിഹ്നനം ഇവയ്ക്കിടയിലൂടെ കാലുറയ്ക്കാതെ കടന്നുപോകുന്ന വായനക്കാരനു തന്റെ വഴി തെളിക്കുന്നതു പലപ്പോഴും കഥാപാത്രങ്ങളുടെ ചേഷ്ടകളാണ്; സജീവവും പ്രവചനാത്മകവും മിക്കപ്പോഴും രസകരവുമാണവ. പക്ഷേ അതിലും ജോസഫ് കെ ഒരു പരാജയമാണെന്നതാണു വാസ്തവം. ഒരു ജഡപ്രകൃതിയാണയാൾ. അതുകൊണ്ടു തന്നെ സ്വന്തം മരണമെന്ന അന്ത്യകർമ്മം പോലും മറ്റുള്ളവർ ചെയ്തുതരാൻ കാത്തുകിടക്കുകയാണയാൾ. സ്വന്തം മോചനത്തിനു വഴിതുറക്കുന്ന ഒരു ചുവടുവയ്പ്പിനു പോലും ത്രാണിയില്ലാതെ ശരീരം മരവിച്ച ഒരാളാണെങ്കിൽപ്പോലും, ആ പരാജയമല്ല, വിലക്ഷണവും വിഫലവുമായ തന്റെ ജീവിതം അന്യർ കണ്ടുനിൽക്കുന്നു എന്നതാണ് അയാൾക്കുണ്ഠയുണ്ടാക്കുന്നത്: അത്രയ്ക്കും അഭിമാനിയാണയാൾ.
എന്തിന്റെ പ്രതീകമാണു വിചാരണ? നിത്യവും നടക്കുന്ന ഒന്നായതിനാൽ അത് ഒന്നിന്റെയും പ്രതീകമല്ല.
*
Labels:
കാഫ്ക,
വിവര്ത്തനം
Subscribe to:
Post Comments (Atom)
No comments:
Post a Comment