Tuesday, March 31, 2009
അന്റോണിയോ മച്ചാഡോ
നിങ്ങളെക്കാണുന്ന കണ്ണു കണ്ണായിരിക്കുന്നത്
നിങ്ങൾ അതിനെക്കാണുന്നതുകൊണ്ടല്ല,
അതു നിങ്ങളെക്കാണുന്നതുകൊണ്ടാണ്.
***
കണ്ണാടിയിൽ നോക്കുമ്പോൾ
മറ്റേയാളെക്കൂടി നോക്കുക-
നിങ്ങളോടൊപ്പം നടക്കുന്ന
മറ്റേയാളെ.
***
ജീവിതത്തിനും സ്വപ്നംകാണലിനുമിടയിൽ
മൂന്നാമതൊന്നുകൂടിയുണ്ട്;
അതെന്താണെന്നൂഹിക്കൂ.
***
നിങ്ങളിലെ നാഴ്സിസസ്
കണ്ണാടിയിൽ തന്നെ കാണുന്നില്ല;
അതെങ്ങനെ ,
കണ്ണാടിയും അയാൾ തന്നെയല്ലേ.
***
ശ്രദ്ധിക്കൂ,
ഒരു ഹൃദയം മാത്രമായി
ഹൃദയമാവുന്നില്ല.
***
ജീവിതം കേമം
സ്വപ്നംകാണൽ അതിലും കേമം
അതിനെക്കാളൊക്കെക്കേമമമ്മേ
ഉറക്കം വിട്ടെഴുന്നേൽക്കൽ.
***
ഏകാന്തത്തിലിരിക്കുമ്പോൾ
ഒപ്പമുണ്ടു ചങ്ങാതിമാർ,
അവരോടൊപ്പമിരിക്കുമ്പോൾ
അവരെത്രയകലെ.
***
എന്റെ തീ കെട്ടെന്നു ഞാൻ കരുതി,
ചാമ്പലിളക്കി നോക്കി ഞാൻ;
കൈ പൊള്ളിയതങ്ങനെ.
***
പാതിനേരേ നിങ്ങൾ പറഞ്ഞുള്ളൂ?
മറ്റേപ്പാതി കൂടി പറഞ്ഞാൽ
നിങ്ങൾ രണ്ടുതവണ കള്ളം പറഞ്ഞുവെന്നേ
ആൾക്കാർ പറയൂ.
***
യേശു പഠിപ്പിച്ചത്:
നിന്നെപ്പോലെ നിന്റെ
അയൽക്കാരനെയും സ്നേഹിക്കുക;
അന്യനാണയാളെന്നതു
മറക്കുകയും വേണ്ട.
***
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട;
ശരിതന്നെ,
അതുപക്ഷേ നിങ്ങൾക്കു താടി വടിക്കാനല്ല,
മുടി കറുപ്പിക്കാനുമല്ല.
Labels:
കവിത,
മച്ചാദോ,
വിവര്‍ത്തനം,
സ്പാനിഷ്,
സ്പെയിന്
Subscribe to:
Post Comments (Atom)
2 comments:
great. thanks
കൊള്ളാം. ഇഷ്ടപ്പെട്ടു
Post a Comment