Saturday, March 7, 2009

സാദി (1184-1283)


*
ഈ വാതിൽക്കലെത്തി തിരിച്ചുപോകുന്നവനു ഹാ കഷ്ടം!
മറ്റൊരു വാതിൽ അയാൾക്കു കണ്ടുപിടിക്കാനുമില്ല.


*
ഒരു സൂഫിയുടെ കുടിലിൽ കയറിയ കള്ളന്‌ മോഷ്ടിക്കാൻ ഒന്നും കിട്ടിയില്ല. അവന്റെ മുഖത്തെ നൈരാശ്യം കണ്ട സൂഫി താൻ കിടന്നിരുന്ന വിരിപ്പ്‌ അവനു വലിച്ചെറിഞ്ഞുകൊടുത്തു: അവൻ വെറുംകൈയോടെ പോകരുതല്ലോ.


*
എന്നെത്തന്നെ ഉന്നമാക്കിയവനേ
എന്നിൽനിന്നമ്പെയ്ത്തു പഠിച്ചിട്ടുള്ളു.


*
പച്ചമരത്തെ വളച്ചെടുക്കാം;
ഉണങ്ങിക്കഴിഞ്ഞാൽ അതിനെ നേരേയാക്കാൻ
തീ തന്നെ വേണം.


*
നേരായ വഴിയേ പോയി
വഴിതെറ്റിയ ഒരാളെ
ഞാൻ ഇന്നേവരെ കണ്ടിട്ടില്ല.


*
വെറിപിടിച്ചോടുകയായിരുന്നു ഒരു കുറുക്കൻ. കാര്യമന്വേഷിച്ചവരോട്‌ അവൻ പറഞ്ഞു: 'ഒട്ടകങ്ങളെ പണിചെയ്യാൻ പിടിച്ചുകൊണ്ടുപോവുകയാണ്‌.' 'കഴുതേ! അതിനു നിനക്കെന്താ? നീ ഒട്ടകമല്ലല്ലോ!' 'ശ്‌! മിണ്ടല്ലേ!' കുറുക്കൻ വിറച്ചുകൊണ്ടു പറഞ്ഞു. 'ഞാൻ ഒട്ടകമാണെന്ന് ഏതെങ്കിലുമൊരുത്തൻ ചെന്നുപറഞ്ഞാൽ പിന്നെ എന്റെ ഗതിയെന്താ!'


*
വെറും പൊന്തയെന്നു കരുതിയതിനു പിന്നിൽ
പതുങ്ങിയിരുപ്പുണ്ടാവും
ഒരു പുള്ളിപ്പുലി.


*
പകലു മുഴുവൻ വിളക്കും കത്തിച്ചിരിക്കും വങ്കന്മാർ;
എന്നിട്ടിതെന്തു രാത്രിയിൽ വെട്ടമില്ലാത്തതെന്ന്
ഖേദിച്ചിരിക്കുന്നതുമവർ!


*
രാവു മുഴുവൻ ദീനക്കാരനരികിൽ
വിലാപിച്ചിരുന്നൊരാൾ;
പുലർന്നപ്പോൾ മരിച്ചതായാൾ,
ജീവനോടിരുന്നതു ദീനക്കാരനും.


*
സ്വന്തം മാളത്തിന്റെ ഇരുണ്ട കോണുകളിൽ
കടുവ ഏതിരയെപ്പിടിക്കും?

No comments: