Friday, October 1, 2010

റില്‍ക്കെ-എനിക്കത്ര ഭയമാണു മനുഷ്യരുടെ വാക്കുകളെ...



എനിക്കത്ര ഭയമാണു മനുഷ്യരുടെ വാക്കുകളെ...


എനിക്കത്ര ഭയമാണു മനുഷ്യരുടെ വാക്കുകളെ,
എത്ര വ്യക്തമാണവരുടെ വിവരണങ്ങൾ.
ഇതവർക്കു നായ, അതൊരു വീടും.
ഇവിടെ തുടക്കം, അവിടെയൊടുക്കവും.

എനിയ്ക്കു വേവലാതി,
വാക്കുകൾ കൊണ്ടവർ ഗോഷ്ടി കാട്ടുമ്പോള്‍ ;
എന്തുമേതും അവർക്കറിയാം,
വരാനുള്ളതും വന്നുപോയതും.
ഒരു മലയുമവർക്കത്ഭുതമല്ല;
അവരുടെ വീടും വീട്ടുമുറ്റവും
ദൈവത്തിലേക്കെത്തുന്നുമുണ്ട്.

എനിക്കൊരാക്ഷേപമുണ്ട്, ഒരു താക്കീതും:
വസ്തുക്കൾ വസ്തുക്കളായിരിക്കട്ടെ!
എനിക്കു രസം അവയുടെ മന്ത്രിക്കൽ കേട്ടിരിക്കാൻ.
തൊടാതെ പക്ഷേ, പറ്റില്ല നിങ്ങൾക്ക്;
തൊടുമ്പോളവ നിശ്ശബ്ദമാവുന്നു, നിശ്ചേഷ്ടമാവുന്നു.
നിങ്ങൾ കൊല്ലുന്നതങ്ങനെ.


എന്റെ കണ്ണുകളൂതിക്കെടുത്തുക...


എന്റെ കണ്ണുകളൂതിക്കെടുത്തുക,
എന്നാലുമെനിയ്ക്കു കാണാം നിന്നെ;
എന്റെ കാതുകൾ കൊട്ടിയടയ്ക്കുക,
എന്നാലുമെനിയ്ക്കു കേൾക്കാം നിന്നെ;
എനിയ്ക്കു വേണ്ട കാലടികൾ
നിന്നിലേക്കു നടന്നെത്താൻ;
ഈ നാവിന്റെ തുണ വേണ്ട
എനിക്കു നിന്നെ ജപിച്ചുവരുത്താൻ;
എന്റെ കൈകൾ തല്ലിയൊടിയ്ക്കുക,
എന്റെ ഹൃദയം നിന്നെയെത്തിപ്പിടിയ്ക്കും;
എന്റെ ഹൃദയം സ്തംഭിപ്പിക്കുക,
എന്റെ ശിരസ്സു സ്പന്ദിക്കും പിന്നെ;
എന്റെ ശിരസ്സിനും നീ തീയിട്ടാലോ,
ചോരയിൽ നിന്നെയും കൊണ്ടു പായും ഞാൻ.


5 comments:

the man to walk with said...

Nice..
Thanks

ഉമേഷ്‌ പിലിക്കൊട് said...

good

സോണ ജി said...

ഗംഭീരം !

പി എ അനിഷ്, എളനാട് said...

റില്‍ക്കെയുടെ കവിതകള്‍ വായിക്കാന്‍ കഴിഞ്ഞതില്‍ നന്ദി.കേരളകവിതയില്‍ മുന്‍പ് വായിച്ചതോര്‍ത്തു ഓര്‍ഫ്യൂസിന്റെ ഗീതകങ്ങളും മറ്റും

രാമൊഴി said...

good..