Sunday, October 31, 2010

സാഫോ-3

File:Pompei - Sappho - MAN.jpg


***

ഉയർന്നിട്ടാകട്ടെ പന്തൽ,
പണിക്കാരേ!
ആരിലുമുയരമുള്ളവൻ,
വരാനുള്ളവൻ,
വരൻ!


***


സ്വപ്നത്തിലെന്റെ കവിളുരുമ്മിയല്ലോ
ഒരു പട്ടുതൂവാലയുടെ മടക്കുകൾ:
ദൂരേ, ദൂരേ നിന്നും
എനിക്കു കിട്ടിയ കാതരോപഹാരം.


***


അമ്മമാരുടെ മടിയിലേക്കു കുതിയ്ക്കുന്നു
കാടു കാട്ടിനടന്ന കുട്ടികൾ,
ആടുകളാലയിലേക്കു മടങ്ങുന്നു,
അന്തിച്ചുവപ്പിലൂടെ ചിറകുകൾ കൂടണയുന്നു:
പ്രഭാതം ചിതറിച്ചതൊക്കെയും
അന്തിനക്ഷത്രമേ, നീ തടുത്തുകൂട്ടുന്നു.


***


മൃദുലേ,യകലെനിന്നു
നോക്കിനിന്നു ഞാൻ നിന്നെ,
പാടിയും പൂവു നുള്ളിയും
പൂക്കളിൽ വ്യാപരിക്കുന്ന നിന്നെ.

പൊന്നിലും പൊന്നാണു
നിന്റെ മുടിയിഴകൾ,
നിന്റെ ഗാനത്തിനെതിരല്ല
കിന്നരത്തിന്റെ സ്വരവും.


***


തിന്മ തന്നെ മരണം,
ദേവകളതിനു പ്രമാണം.
മരിക്കുക നന്നെങ്കിൽ
ദേവകളിരിക്കുമോ?


***


എന്റെയീ രണ്ടു കൈകൾ കൊണ്ട്
മാനത്തെയെത്തിപ്പിടിക്കാനായില്ല ഞാൻ.

***


ഇനിയും നിന്നോടു പറയണോ, ക്ളെയ്സ്,
വിലാപത്തിന്റെ ശബ്ദങ്ങളുചിതമല്ല
കവിയായിട്ടൊരാൾ ജീവിച്ച വീട്ടിലെന്ന്?
നമ്മുടെ നിലയ്ക്കതു ചേരില്ലെന്നും?

(മരണക്കിടക്കയിൽ കിടന്നുകൊണ്ട് മകളെ വിളിച്ചു പറഞ്ഞത്)


സാഫോയുടെ ചിത്രം പോമ്പിയുടെ ചുമരില്‍ നിന്ന്‍


No comments: