ഈ തറിയിലിനി നെയ്യുക വയ്യമ്മേ.
അവനോടുള്ള പ്രേമമെന്റെ കണ്ണു മൂടുമ്പോൾ
കാണുന്നില്ല ഞാനൂടും പാവും.
*
യൗവനമേ, യൗവനമേ,
എന്നെ വിട്ടെങ്ങു പോയി നീ?
ഒരുനാളു,മൊരുനാളുമിനി
എന്നിലേക്കു മടങ്ങില്ല നീ.
*
മാനമിറങ്ങി വരുന്നു കാമൻ,
ചെമ്പട്ടിന്റെ കഞ്ചുകമൂരിയെറിഞ്ഞും...
*
ആപ്പിൾമരത്തിന്നുയരച്ചില്ലയിൽ
വിളഞ്ഞു തുടുത്തൊരാപ്പിൾപ്പഴം-
കാണാതെപോയതോ?
അല്ല, കൈയെത്താതെപോയത്.
*
എന്തിനോടുപമിയ്ക്കും,
നിന്നെ ഞാൻ പ്രിയനേ?
മുളംകൂമ്പു പോലെ നീ,
നേർത്തും വിളർത്തും.
*
മാനത്തു വെള്ളി വിതറി
മോഹനചന്ദ്രനെത്തുമ്പോൾ
നാണിച്ചു കണ്ണുപൊത്തുന്നു
നക്ഷത്രങ്ങൾ.
*
ദേവോപമനവൻ,
നിനക്കെതിരെയിരിക്കുന്നവൻ,
നിന്റെ ചുണ്ടിന്റെ മാധുര്യത്തിനു
കാതോർത്തിരിക്കുന്നവൻ.
അവന്റെ ചിരി കേൾക്കുമ്പോൾ
എന്റെ നെഞ്ചു പിടയ്ക്കുന്നു,
അവൻ മുന്നിലെത്തുമ്പോൾ
എന്റെ നാവിറങ്ങുന്നു,
കാളുന്ന തീയെന്റെയുടലെരിയ്ക്കുന്നു,
എന്റെ കണ്ണുകളിരുട്ടടയ്ക്കുന്നു,
എന്റെ കാതുകൾ കൊട്ടിയടയ്ക്കുന്നു,
ഞാൻ വിയർത്തുകുളിയ്ക്കുന്നു,
ഒരു വിറയെന്നിലൂടെപ്പായുന്നു,
വേനലിൽ പുല്ലു പോലെ ഞാൻ വിളറുന്നു.
മരണമടുത്തവളെപ്പോലെയാകുന്നു ഞാൻ.
*
വസന്തകാലസന്ധ്യയ്ക്ക്
പൂർണ്ണചന്ദ്രനുദിയ്ക്കുമ്പോൾ
ബാലികമാർ വട്ടമിരിയ്ക്കുന്നു
ബലിപീഠത്തിനു ചുറ്റുമെന്നപോലെ.
*
വെറും നിശ്വാസങ്ങളെങ്കിലും
അനശ്വരങ്ങളവ,
എന്റെ ഹിതാനുവർത്തികൾ,
എന്റെ വാക്കുകൾ.
*
നീ മറന്നാലും ഞാനൊന്നു പറയട്ടെ:
നമ്മെയോർമ്മിക്കാനുണ്ടാവും
വരുംകാലത്തൊരാളെങ്കിലും.
*
No comments:
Post a Comment