Thursday, October 21, 2010

നെരൂദ-വീട്


എന്റെ വീട്,
പച്ചമരത്തിന്റെ മണം മാറാത്ത ചുമരുകൾ:
ഓരോ കാൽവയ്പ്പിലും അതിന്റെ ജീർണ്ണത ഞരങ്ങുന്നു,
പടയാളിക്കാറ്റിനൊത്തതു ചൂളം കുത്തുന്നു,
എന്റെ പാട്ടു വളർന്നത്
ആ വിചിത്രപക്ഷിയുടെ തണുത്ത ചിറകൊതുക്കിൽ.
നിഴലുകൾ കണ്ടു ഞാൻ,
എന്റെ വേരുകൾക്കു ചുറ്റും
ചെടികൾ പോലെ വളർന്നുകേറിയ
മുഖങ്ങൾ കണ്ടു ഞാൻ,
മരത്തണലിൽ പാട്ടും പാടിയിരിക്കുന്ന,
നനഞ്ഞ കുതിരകൾക്കിടയിൽ കുതിയ്ക്കുന്ന
സ്വന്തക്കാരെ കണ്ടു ഞാൻ,
പുരുഷഗോപുരങ്ങളുടെ നിഴൽ വീണു മറഞ്ഞ
സ്ത്രീകളെ കണ്ടു ഞാൻ,
വെളിച്ചം ചവിട്ടിമെതിച്ചു കുതിച്ചുപാഞ്ഞ
കുളമ്പടികൾ കണ്ടു ഞാൻ,
പകയും കുരയ്ക്കുന്ന നായ്ക്കളും കുടിയേറിയ
ശ്വാസം മുട്ടുന്ന രാത്രികളും കണ്ടു ഞാൻ.
എന്റെയച്ഛൻ വാതിൽ ചാരിയിറങ്ങിപ്പോയ-
തേതു നഷ്ടദ്വീപുകളിലേക്ക്?
നാട്ടിലെ അവസാനത്തെ പ്രഭാതത്തിൽ,
മോങ്ങുന്ന തീവണ്ടികളെയും കൂട്ടി?
പിൽക്കാലം സ്നേഹിക്കാൻ പഠിച്ചു ഞാൻ
പുകയുന്ന കൽക്കരിയുടെ മണത്തെ,
എണ്ണകളെ, ഉറഞ്ഞ കൃത്യതയുടെ അക്ഷകീലങ്ങളെ,
മഞ്ഞുകാലം പരന്ന മണ്ണിനു മുകളിലൂടെ
ഗർവിതനായ ശലഭപ്പുഴുവിനെപ്പോലെ നീങ്ങുന്ന
ഘനഗംഭീരമായ തീവണ്ടിയെ.
പെട്ടെന്നതാ, വാതിൽ വിറക്കൊള്ളുന്നു.
എന്റെ അച്ഛൻ.
ഒപ്പമുണ്ട് കൂട്ടുകാർ:
നനഞ്ഞ മേല്ക്കുപ്പായം വാരിച്ചുറ്റിയ റയീൽവേപ്പണിക്കാർ;
ആവിയും മഴയും വീടു വന്നു മൂടുന്നു,
ഭക്ഷണമുറിയിൽ തൊണ്ട വരണ്ട കഥകൾ നിറയുന്നു,
ഗ്ളാസ്സുകളൊഴിയുന്നു,
ആ ജന്മങ്ങളിൽ നിന്നും എന്നിലേക്കെത്തുന്നു
നീറ്റുന്ന വേദന, മുറിപ്പാടുകൾ,
പണമില്ലാത്ത മനുഷ്യർ,
ദാരിദ്ര്യത്തിന്റെ ഖനിജനഖരങ്ങൾ.