
ഉഗ്രൻ, ദീപ്തിമാനൊരു മാലാഖയുടെ പിന്നാലെ   
നിഴലടഞ്ഞ വീഥിയിലൂടെ നീതിമാൻ നടന്നു.    
അവന്റെ ഭാര്യയുടെ നെഞ്ചിലൊരു ശോകം കുതറി:    
“വൈകിയിട്ടില്ലിനിയും നേരം,    
തിരിഞ്ഞൊന്നു നോക്കിയാൽ നിനക്കു കാണാം,    
നിന്റെ സോദോമിന്റെ ചുവന്ന മട്ടുപ്പാവുകൾ,    
നീ പാടിനടന്ന പൂന്തോട്ടം,    
നിന്റെ നെയ്ത്തോടമോടിയ നടുമുറ്റം,    
നീ ഭർത്താവിനെ സ്നേഹിച്ച,    
നിനക്കരുമക്കുട്ടികൾ പിറന്ന വീടിന്റെ     
ശൂന്യമായ ജനാലകളും.” 
ഒരേയൊരു നോട്ടം:    
ഒരു വേദനയുടെ ചാട്ടുളി പാഞ്ഞവളുടെ കണ്ണുകൾ തുന്നിക്കൂടി,    
അവളുടെയുടലുപ്പിന്റെ ശല്ക്കങ്ങളായി,    
അവളുടെ കാലുകൾ മണ്ണിൽ വേരുറച്ചു. 
ആരു കണ്ണീരൊഴുക്കാനുണ്ടിവളെച്ചൊല്ലി?   
നമ്മുടെ നഷ്ടങ്ങളിൽ വച്ചത്രയ്ക്കുമഗണ്യമായോ,    
ഈയൊരു നഷ്ടം?    
എന്നാലുമെന്റെ ഹൃദയം കൊണ്ടു മറക്കില്ല ഞാനിവളെ,    
ഒരേയൊരു നോട്ടത്തിനായി ഒരു ജീവിതം ഹോമിച്ചവളെ.
ചിത്രം- ലോത്തിന്റെ പലായനം –വെരോനീസ് (1585)
No comments:
Post a Comment