അവർ നുണയന്മാർ, എനിക്കു ചന്ദ്രൻ നഷ്ടമായെന്നു പറയുന്നവർ,
എനിക്കു ഭാവി പൂഴിമണ്ണെന്നു വിധിച്ചവർ,
അത്രയും തണുത്ത നാവുകൾ കൊണ്ടു വാദിച്ചുജയിച്ചവർ.
അവർ തള്ളിപ്പറയും പ്രപഞ്ചമെന്ന പുഷ്പത്തെയും.
“ആ മോഹിനിക്കിനിയില്ല കലാപത്തിന്റെ നാവുകൾ,
അയാൾക്കു ശേഷിച്ചതു ജനങ്ങൾ മാത്രം.”
ഒടുങ്ങാത്ത താളുകളവർ ചവച്ചുതുപ്പി,
എന്റെ ഗിത്താറിനവർ വിസ്മൃതിയും പ്രവചിച്ചു.
അവരുടെ കണ്ണുകളിലേക്കു ഞാനെടുത്തെറിഞ്ഞു,,
എന്റെയും നിന്റെയും ഹൃദയം പിളർന്ന പ്രണയത്തിന്റെ ചാട്ടുളികൾ.
നിന്റെ കാലടികൾ പതിപ്പിച്ച മുല്ലപ്പൂക്കൾ ഞാൻ പെറുക്കിയെടുത്തു.
രാത്രിയിൽ നിന്റെ കണ്ണിമകൾക്കടിയിൽ ഞാനഭയം കണ്ടു,
പിന്നെ പുലർവെളിച്ചമെന്നെപ്പൊതിഞ്ഞപ്പോൾ
വീണ്ടും പിറവിയെടുത്തു ഞാൻ, സ്വന്തം ഇരുട്ടിനവകാശിയായി.
പ്രണയഗീതകം-57
No comments:
Post a Comment