പകച്ചും മനം ഭ്രമിച്ചും
അവനെച്ചൂഴ്ന്നിരിക്കുകയാണവർ,
അവനോ, ധ്യാനലീനൻ,
തന്നിൽത്തന്നെയടങ്ങിയവൻ.
ഒരുകാലം തന്നെ സ്വന്തമാക്കിയവർ,
അവർക്കു മുന്നിലൂടൊഴുകിമാറുകയാണവൻ.
പ്രാചീനമായൊരേകാന്തത നിറയുകയാണവനിൽ;
അതിൽ നിന്നത്രേ,
സ്നേഹത്തിന്റെ മഹിതാനുഷ്ഠാനങ്ങൾ അവൻ പഠിച്ചതും.
ഒലീവുമരങ്ങൾക്കിടയിൽ പിന്നെ നടക്കാനിറങ്ങുമവൻ,
അവനെ സ്നേഹിച്ചിരുന്നവരോ,
അവനെ വിട്ടു പായും.
അവസാനത്തെ അത്താഴത്തിനായി
അവരെ വരുത്തിയതാണവൻ;
അവന്റെ വചനം കേട്ടു ഞെട്ടിപ്പിന്മാറുകയാണു പക്ഷേ,
അപ്പത്തളികയിലേക്കു നീളുന്ന കൈകൾ;
വെടിമുഴക്കം കേൾക്കുമ്പോൾ
മരത്തലപ്പിൽ നിന്നു കിളികൾ ചിതറുന്നതുമതുപോലെ.
അവന്റെ നേർക്കു പാഞ്ഞെത്തുകയാണവർ;
അത്താഴമേശയ്ക്കു ചുറ്റും വിരണ്ടുപറക്കുകയാണവർ,
രക്ഷപ്പെടാനൊരു പഴുതു നോക്കുകയാണവർ.
എന്നാലെവിടെയുമുണ്ടവൻ,
അസ്തമയം പോലെ സര്‍വ്വവ്യാപി.
(മിലാൻ-1904- ദാ വിഞ്ചിയുടെ “അവസാനത്തെ അത്താഴം” കണ്ടതിനു ശേഷം)
No comments:
Post a Comment