Wednesday, October 13, 2010

നെരൂദ-പാടുന്നു നീ, ഒത്തു പാടുന്നു മാനവും സൂര്യനും...



പാടുന്നു നീ, കൂടെപ്പാടുന്നു മാനവും സൂര്യനും,
പകലിന്റെ ഗോതമ്പു ചേറുന്നു നിന്റെ ശബ്ദം.
പച്ചിലനാവുകൾ കൊണ്ടു പറഞ്ഞുകൂട്ടുന്നു പൈൻമരങ്ങൾ,
ഹേമന്തഗീതം പരിശീലിയ്ക്കുന്നു കിളിയായ കിളിയെല്ലാം.

കടലതിന്റെ പത്തായത്തിൽ നിറയ്ക്കുന്നു കാൽച്ചുവടുകൾ,
മണികൾ, രോദനങ്ങൾ, ചങ്ങലകൾ.
വർത്തകസംഘങ്ങളുടെ ചക്രങ്ങൾ കരയുമ്പോൾ
ഓട്ടുപാത്രങ്ങൾ കിലുങ്ങുന്നു, പിത്തളത്താമ്പാളങ്ങളും.

ഞാൻ കേട്ടതു പക്ഷേ, നിന്റെ ശബ്ദം മാത്രം,
ശരവേഗത്തിന്റെ കണിശത്തിലതുയരുന്നു,
മഴയുടെ ഘനപാതത്തിലതു താഴുന്നു.

ഉയരങ്ങളിൽ നിന്റെ ശബ്ദം വാളുകളെ ചിതറിയ്ക്കുന്നു ,
വയലറ്റുപൂക്കളും പേറിയതു മടങ്ങിയെത്തുന്നു,
പിന്നെ മാനത്തതെന്നെയും കൊണ്ടു പായുന്നു.

നൂറു പ്രണയഗീതകങ്ങള്‍ - 52

No comments: