റോസാപ്പൂവിന്-1
ഈ മുള്ളുകൾ നീ വേണമെന്നു വച്ച-
താർക്കെതിരെയാണു, റോസാപ്പൂവേ?
നിന്റെയാനന്ദമതിലോലമെന്നോർത്തിട്ടാണോ
ഈവിധം നീയൊരു സായുധസൗന്ദര്യമായി?
ആരിൽ നിന്നാണീയമിതായുധങ്ങൾ
നിന്നെ രക്ഷിക്കുന്നു?
ഞാൻ തന്നെ തടുത്തിരിക്കുന്നുവല്ലോ
അവയിൽ പേടിയില്ലാത്ത ശത്രുക്കൾ പലരെയും.
വേനൽ തുടങ്ങി ശരത്കാലം വരെ
നിന്നെ സ്വമേധയാ സേവിക്കുന്ന മൃദുലതകളെയാണു
പകരം നീ മുറിപ്പെടുത്തുന്നതും.
റോസാപ്പൂവിന്-2
ഞങ്ങളുടെ ദൈനന്ദിനപ്രഹർഷങ്ങളിൽ
ഉത്സുകസഹചാരിയാവാനോ
നിനക്കിഷ്ടം, റോസാപ്പൂവേ?
നിന്റെ മനസ്സിനെ കീഴ്പ്പെടുത്തിയതു
ക്ഷണികാനന്ദങ്ങളുടെ ഓർമ്മയോ?
എത്രതവണ നിന്നെ ഞാൻ കണ്ടിരിക്കുന്നു
സന്തുഷ്ടയും നിർജ്ജീവയുമായി
-ഓരോയിതളും ഓരോ ശവക്കച്ചയായി-
ഒരു വാസനച്ചെപ്പിനുള്ളിൽ,
ഒരു മുടിക്കുത്തിനരികിൽ,
ഒറ്റയ്ക്കിരുന്നു വീണ്ടും വായിക്കാൻ
മാറ്റിവച്ച പുസ്തകത്തിനുള്ളിൽ.
റോസാപ്പൂവിന്-3
നിന്നെക്കുറിച്ചു മിണ്ടാതിരിക്കട്ടെ ഞങ്ങൾ,
അനിർവചനീയ നീ.
മറ്റു പൂക്കൾ മേശപ്പുറമലങ്കരിക്കുന്നു,
നീയതിനെ മാറ്റിത്തീർക്കുന്നു.
നിന്നെ ഞാനൊരു പൂത്താലത്തിൽ വച്ചു-
എല്ലാമതാ, രൂപാന്തരപ്പെടുകയായി.
ഗാനമതു തന്നെയാവാം,
പാടുന്നതൊരു മാലാഖ, പക്ഷേ.
റില്‍ക്കെ ഈ കവിതകളെഴുതിയത് ഫ്രഞ്ചിലാണ്
No comments:
Post a Comment