Sunday, October 3, 2010

നെരൂദ- ഉപ്പിന്റെ പനിനീർപ്പൂവല്ല, പുഷ്യരാഗമല്ലെനിക്കു നീ...





ഉപ്പിന്റെ പനിനീർപ്പൂവല്ല, പുഷ്യരാഗമല്ലെനിക്കു നീ,
അഗ്നിബാണങ്ങൾ തൊടുക്കുന്ന ലവംഗപുഷ്പവുമല്ല നീ;
നിന്നെ ഞാൻ  സ്നേഹിക്കുന്നതിരുണ്ട ചിലതിനെയെന്നപോലെ,
രാത്രിക്കുമാത്മാവിനുമിടയിലൊളിവായിട്ടെന്നപോലെ.

നിന്നെ ഞാൻ സ്നേഹിക്കുന്നതു പൂവിടാത്ത ചെടിയെപ്പോലെ,
ആ പൂക്കളുടെ വെളിച്ചമെന്നാലുള്ളിലൊളിപ്പിക്കുന്നവളെപ്പോലെ;
നിന്റെ പ്രണയം പ്രസാദിച്ചു മണ്ണിൽ നിന്നു കുതികൊള്ളുന്നു,
എന്റെയുടലിൽ കുടിയേറുന്നു നിശിതമായൊരു പരിമളം.

നിന്നെ ഞാൻ സ്നേഹിക്കുന്നതെങ്ങനെ,യെപ്പോ,ളെവിടെയെന്നറിയാതെ,
എന്റെ പ്രണയം കേവലം, അതിനില്ല സന്ദേഹങ്ങ,ളഭിമാനങ്ങളും,
മറ്റൊരു വിധമറിയില്ലെന്നതിനാൽ എന്റെ പ്രണയമീവിധം.

പ്രണയത്തിന്റെ ഈ പ്രകാരത്തിൽ, നീയില്ല, ഞാനുമില്ല;
അതത്ര ഗാഢം, എന്റെ മാറത്തു നിന്റെ കൈ എന്റെ കൈയാകുമ്പോലെ,
അതത്ര ഗാഢം, ഞാനുറങ്ങുമ്പോൾ നിന്റെ കണ്ണുകളടയുമ്പോലെ.

പ്രണയഗീതകം  - 17