Friday, October 22, 2010

അന്നാ ആഹ് മാത്തോവാ -അനശ്വരപ്രണയങ്ങള്‍



***


ആഘോഷമാക്കി നാം
നടക്കാതെപോയ സമാഗമങ്ങൾ,
പറയാതെവിട്ട വിശേഷങ്ങൾ,
ശബ്ദമില്ലാത്ത വാക്കുകൾ.
എവിടെത്തങ്ങണമെന്നറിയാതെ പരുങ്ങുന്നു
തമ്മിലിടയാത്ത നോട്ടങ്ങൾ.
തടവില്ലാതിനിയൊഴുകാമെന്നു
കണ്ണീരിനു മാത്രമാഹ്ളാദം.
മോസ്ക്കോവിലൊരിടത്തൊരു
കാട്ടുപനിനീർപ്പൂപ്പൊന്ത-
അതിനുമുണ്ടൊരു ഭാഗമെടുക്കാൻ...
ഇതിനൊക്കെപ്പിന്നെ നാം പേരുമിടും,
‘അനശ്വരപ്രണയ’മെന്നും.


***


ആഴ്ചകളല്ല, മാസങ്ങളല്ല,
വർഷങ്ങളെടുത്തു നാം പിരിയാൻ.
ഇന്നൊടുവിലിതാ, നമ്മുടെ കവിളുരുമ്മുന്നു
സ്വാതന്ത്ര്യത്തിന്റെ ഇളംതെന്നൽ.
നരച്ചതാണു നാമണിഞ്ഞ
പുഷ്പകിരീടങ്ങൾക്കു നിറവും.

ഇനിമേലില്ല ഒറ്റുകൾ, ചതികൾ,
രാത്രി മുഴുവൻ നീ കേട്ടുകിടക്കുകയും വേണ്ട
എന്റെ ഭാഗം ശരിയെന്നു സമർത്ഥിക്കുന്ന
യുക്തികളുടെ നിലയ്ക്കാത്ത പ്രവാഹവും.


2 comments:

സോണ ജി said...

നന്ദി ! ഹൃദയത്തിന്റെ ഭാഷയില്‍

the man to walk with said...

Nice thanks