ഓടയുടെ ഓരം ചേർന്നോടിപ്പോവുകയായിരുന്നു വിശന്നുപൊരിഞ്ഞ ഒരെലി. വെണ്ണക്കട്ടിയ്ക്കു പകരം അതിന്റെ മുന്നിൽ വച്ചുകൊടുത്തത് ഒരു പള്ളിയായിരുന്നു. ഉള്ളിലേക്കതു കയറിച്ചെന്നത് എളിമയും ഭക്തിയും കൊണ്ടൊന്നുമല്ല, യാദൃച്ഛികമായിട്ടായിരുന്നു.
ചെയ്യേണ്ടതൊക്കെ അതു ചെയ്തു: കുരിശ്ശിനു മുന്നിലേക്കതിഴഞ്ഞുചെന്നു, അൾത്താരകൾക്കു മുന്നിൽ മുട്ടുകുത്തി, ഒരു ചാരുബഞ്ചിൽ ചെന്നിരുന്നു മയങ്ങി. ഒരു മണി മന്നാ പോലും അതിന്റെ മുന്നിലേക്കിറങ്ങിച്ചെന്നില്ല. കടലുകളുടെ ക്ഷോഭം ശമിപ്പിക്കുന്ന തിരക്കിലായിരുന്നു ദൈവമപ്പോൾ.
പള്ളിയ്ക്കു പുറത്തു കടക്കാൻ എലിയ്ക്കു വഴിയും കണ്ടില്ല. അതൊരു പള്ളിയെലിയായി. മൗലികമായ ഒരു വ്യത്യാസം. പാടത്തു ജീവിക്കുന്ന തന്റെ സഹോദരിമാരെക്കാൾ മനസ്സുറപ്പു കുറഞ്ഞവളായിരുന്നു ഈ എലി; അവൾക്കു ഭക്ഷണം വെറും പൊടി; അവളുടെ മണം കുന്തിരിക്കത്തിന്റേതും; അതിനാൽ അവൾ എവിടെയുണ്ടെന്നറിയുക എളുപ്പവുമായിരുന്നു.
എന്നു പറഞ്ഞാൽ, ഒരു പരിധി വരെ.
പൊന്നു കൊണ്ടുള്ള വിശുദ്ധചഷകത്തിന്റെ അടിയിൽ ദാഹത്തിന്റെ ഒരു കറുത്ത തുള്ളി കിടക്കുന്നത് ആളുകൾ ഒരിക്കൽ കണ്ടു.
link to image
1 comment:
A brilliant poem by one of the great poets of late 20th century. Good trans too. Thanks.
AnvarAli
Post a Comment