Tuesday, October 26, 2010

റില്‍ക്കെ-ദൈവത്തിനെഴുതിയ പ്രണയലേഖനങ്ങൾ



ദൈവത്തെ പെറുക്കിയെടുക്കൽ


കവികൾ ചിതറിച്ചുകളഞ്ഞു നിന്നെ.
വിക്കുന്ന വാക്കുകൾക്കിടയിലൂടെ
ഒരു കൊടുങ്കാറ്റു ചീറിപ്പോയി.
നിനക്കു ഹിതമാകുന്നൊരു പാത്രത്തിൽ
നിന്നെ പെറുക്കിയിടട്ടെ ഞാൻ.
നീ ചുഴറ്റിവിടുന്ന ഒരായിരം കാറ്റുകൾക്കിടയിലൂടെ
ഞാനലയുന്നു,
കൈയിൽ കിട്ടിയ തുണ്ടും പൊടിയും
ഞാൻ ശേഖരിച്ചുവയ്ക്കുന്നു.
കണ്ണുപൊട്ടനു നീ വേണമായിരുന്നു
ഒരു കോപ്പയായി,
വേലക്കാരൻ നിന്നെയെടുത്തൊളിപ്പിച്ചു.
ഞാൻ കടന്നുപോകുമ്പോൾ
യാചകൻ നിന്നെയെടുത്തെനിക്കു നീട്ടി.

നോക്കൂ, വസ്തുക്കൾ തേടിപ്പിടിക്കുന്നതിൽ
ഉത്സുകനാണു ഞാൻ.

 


നീയധിവസിക്കുന്നു…

നീയധിവസിക്കുന്നു,
മണ്മറഞ്ഞ പൂന്തോപ്പുകളിൽ,
നിലംപതിച്ച ആകാശങ്ങളുടെ നിശ്ചലനീലിമയിൽ,
ഒരായിരം പ്രഭാതങ്ങളുടെ മഞ്ഞുതുള്ളികളിൽ,
സൂര്യന്മാരാലപിച്ച അനന്തഗ്രീഷ്മങ്ങളിൽ,
ഒരു പെൺകുട്ടിയുടെ കത്തുകൾ പോലെ
നിങ്ങളുടെ ഹൃദയം തകർക്കുന്ന വസന്തവേളകളിൽ.
നീയധിവസിക്കുന്നു
കവികളുടെ ഓർമ്മകളിൽ
ഉത്സവവേഷം പോലുലർന്നുവീഴുന്ന
ശരത്ക്കാലങ്ങളിൽ;
ഹേമന്തങ്ങൾ, തരിശ്ശിട്ട പാടങ്ങൾ പോലെ,
നിനക്കു കാഴ്ച വയ്ക്കുന്നു പ്രശാന്തത.
നീയധിവസിക്കുന്നു
വെനീസിൽ, കസാനിൽ, റോമിൽ;
നിന്റേതാണു ഫ്ളോറൻസ്,
പിസായിലെ ഭദ്രാസനപ്പള്ളിയും,
മണികൾ ഓർമ്മകൾ പോലെ മുഴങ്ങുന്ന മോസ്ക്കോയും,
ട്രോയിസ്ക്കായിലെ കന്യാസ്ത്രീമഠവും;
ഉദ്യാനങ്ങൾക്കടിയിൽ തുരങ്കങ്ങളൊളിപ്പിച്ച
കീവിലെ ആശ്രമവും.


No comments: