Sunday, October 31, 2010

ഉപസംഹാരം-1

കണ്ടിരിക്കുന്നു ഞാൻ മെലിഞ്ഞുതേയുന്ന മുഖങ്ങളെ,
കൺപോളകൾക്കടിയിൽ നിന്നൊളിഞ്ഞുനോക്കുന്ന ഭീതിയെ,
കുഴിഞ്ഞ കവിളുകളുടെ നരച്ച പനയോലകളിൽ
യാതനയുടെ നാരായം വരയുന്ന കോണെഴുത്തുകളെ.
കണ്ടിരിക്കുന്നു ഞാൻ കാക്കക്കറുപ്പിന്റെ മുടിയിഴകൾ
ഒറ്റരാത്രി പുലരുമ്പോളാകെ നരയ്ക്കുന്നതും.
കണ്ടു ഞാൻ കീഴടങ്ങുന്ന ചുണ്ടുകളിൽ പുഞ്ചിരി മായുന്നതും ,
പൊള്ളയായ പൊട്ടിച്ചിരിയിൽ പേടിയുടെ വിറ പടരുന്നതും.
പ്രാർത്ഥിക്കട്ടെ ഞാൻ- ഏകാകിനിയെനിക്കായി മാത്രമല്ല,
മജ്ജ മരയ്ക്കുന്ന തണുപ്പിൽ, വേനലിന്റെ കൊടുംചൂടിൽ,
ചോരനിറത്തിലുയർന്ന തടവറയുടെ അന്ധമായ ചുമരിനരികിൽ
എന്നോടൊരുമിച്ചന്നാളിൽ വരിയിട്ടു നിന്ന സകലർക്കുമായി.


ചരമഗീതത്തില്‍ നിന്ന്‍


1 comment:

Reenu said...

വളരെ നല്ലത് .ഞാന്‍ അടുത്ത കാലത്ത്‌ ആണ് ബ്ലോഗ്‌ ശ്രേധിക്കാന്‍ തുടങ്ങിയത്..എല്ലാ പോസ്റ്റുകളും വായിച്ചു വരുന്നേ ഉള്ളൂ.വയിച്ചവയെല്ലാം വളരെ ഇഷ്ടമായി.താങ്കളുടെ ഈ ശ്രമത്തിനു എല്ലാ ആശംസകളും..നെരൂദയെ മാത്രമേ കുറച് വായിച്ചിരുന്നുള്ളൂ മുന്‍പ്‌.അതുപോലുള്ള അതിപ്രശസ്തരായ മറ്റു കവികളുടെ ശ്രിഷ്ടികള്‍ വായിക്കനായത്തില്‍ സന്തോഷം.