Friday, October 29, 2010

അന്നാ ആഹ് മാത്തോവാ - രണ്ടു കവിതകള്‍



***


മുമ്പേ പറയട്ടെ ഞാന്‍ -
ഇതെനിക്കന്ത്യജീവിതം.
കുരുവിയായി, മേപ്പിൾമരമായി,
ഈറത്തണ്ടായി, നക്ഷത്രമായി,
ഉറവനീരായി, മണിമേടയിലെ മുഴക്കമായി-
നിങ്ങൾക്കൊരു ശല്യമായി മടങ്ങില്ല ഞാൻ,
വിലാപവും കൊണ്ടന്യരുടെ സ്വപ്നങ്ങളിൽ
കാലെടുത്തുവയ്ക്കുകയുമില്ല ഞാൻ.


***


ആളുകൾ മരിക്കുമ്പോൾ
അവരുടെ ചിത്രങ്ങളും മാറുന്നു,
കണ്ണുകളിലെ നോട്ടം വേറൊന്ന്,
ചുണ്ടുകളിലെ പുഞ്ചിരിയും വേറൊന്ന്.
ഞാനിതാദ്യമറിയുന്നത്
ഒരു കവിയുടെ മരണം കഴിഞ്ഞു വീട്ടിലെത്തുമ്പോൾ.
പിന്നെ പലപ്പോഴും ഞാനിതു ശ്രദ്ധിച്ചിരിക്കുന്നു,
എന്റെ ഊഹം ശരിയുമായിരുന്നു.


1 comment:

സോണ ജി said...

നന്ദിയുടെ പൂച്ചെണ്ട്.