![]()
ഒരുനാളുമെന്റെ കൈകളിൽ വന്നുചേരാത്തവളേ, പ്രിയേ,    
ആദിയിലേയെന്റെ കൈവിട്ടുപോയവളേ,     
എനിക്കറിയില്ലല്ലോ     
ഏതു പാട്ടുകൾ ബോധിക്കും നിനക്കെന്നുപോലും.     
ഉരുണ്ടുകൂടുന്ന വരുംനിമിഷത്തിന്റെ തിരയിൽ     
നിന്റെ മുഖം കണ്ടെടുക്കാൻ തുനിയാറില്ല ഞാനിപ്പോൾ.     
എന്റെയുള്ളു നിറയ്ക്കുന്ന പരിധിയറ്റ പ്രതീകങ്ങൾ-     
എന്റെ മനസ്സു തൊട്ട വിദൂരപ്രകൃതികൾ,     
നഗരങ്ങൾ, ഗോപുരങ്ങൾ, പാലങ്ങൾ,     
ഒരുകാലം ദൈവങ്ങളുടെ പ്രാണൻ സ്പന്ദിച്ചിരുന്ന പ്രബലദേശങ്ങൾ-     
ഒക്കെയുമെന്നിലുണരുമ്പോള്‍     
അവയൊക്കെയുമർത്ഥമാക്കുന്നതു നിന്നെ,     
എന്നെന്നുമെന്നില്‍ നിന്നു തെന്നിമാറുന്ന നിന്നെ. 
ഞാൻ മോഹിച്ചു നോക്കിനിന്ന പൂന്തോപ്പുകൾ, നീ പ്രിയേ,    
ഏതോ ഗ്രാമ്യഭവനത്തിന്റെ തുറന്നിട്ട ജാലകം-     
എന്നെക്കാണാൻ ചിന്താകുലയായി പടി തുറന്നതുമാണന്നു നീ.     
അറിയാതെ ഞാൻ ചെന്നുപെട്ട തെരുവുകൾ-     
ഞാനെത്തും മുമ്പേ പക്ഷേ,     
അവ നടന്നു മറയുകയുമാണു നീ.     
ചിലനേരം തെരുവിൽ ഒരു ജനാലച്ചില്ലിൽ ഞാന്‍ കാണുന്നു     
നിന്റെ സാന്നിദ്ധ്യത്തിന്റെ വിഭ്രമം,     
പിന്നെയെന്നെ കുലുക്കിയുണർത്തുന്നു     
എന്റെതന്നെ ആകസ്മികച്ഛായ.     
ആരറിഞ്ഞു?     
ഒരേയൊരു കിളിയാവാം     
ഇന്നലെ സന്ധ്യയ്ക്കു നാമിരുവരിൽ     
വെവ്വേറെയായി മാറ്റൊലിക്കൊണ്ടതും... 
മാനേ-ഉദ്യാനത്തില്‍ ഉലാത്തുന്ന സ്ത്രീ
1 comment:
ദൈവത്തിന്റെ പ്രാണൻ സ്പന്ദിക്കുന്ന കവിത, ആ മാനേചിത്രവും നന്നായി
Post a Comment