Monday, October 18, 2010

അന്നാ ആഹ് മാത്തോവ - 1


File:Modigliani78.jpg


ഇഷ്ടങ്ങളയാൾക്കു മൂന്നായിരുന്നു…

ഇഷ്ടങ്ങളയാൾക്കു മൂന്നായിരുന്നു:
സന്ധ്യയ്ക്കു പള്ളിയിൽ പ്രാർത്ഥന,
വെള്ളനിറമുള്ള മയിലുകൾ,
അമേരിക്കയുടെ ഭൂപടങ്ങൾ,
പഴകിക്കീറിയെങ്കിലവയും.
അയാൾക്കു വെറുപ്പായിരുന്നു
കരയുന്ന കുഞ്ഞുങ്ങളെ,
ചായയ്ക്കു പഴങ്ങളെ,
ബാധ കൂടിയ സ്ത്രീകളെ.
...അയാൾക്കു ഭാര്യ ഞാനായിരുന്നു.

 


അവസാനത്തെ പാനോപചാരം


ഞാനുപചാരം ചൊല്ലുന്നു
മുടിഞ്ഞുപോയ നമ്മുടെ വീടിന്‌,
അത്രയ്ക്കു കയ്ക്കുന്ന ജീവിതത്തിന്‌,
നിനക്ക്,
ഒരുമിച്ചു നാം സഹിക്കുന്ന ഏകാന്തതയ്ക്ക്;
ഞാനുപചാരം ചൊല്ലുന്നു
തണുത്തു മരച്ച  കണ്ണുകൾക്ക്,
നമ്മെ ഒറ്റുകൊടുത്ത ചുണ്ടുകൾക്ക്,
ക്രൂരവും പരുക്കനുമായ ലോകത്തിന്‌,
നമുക്കു തുണയാവാത്ത ദൈവത്തിനും.

 


നാം നിസ്വരെന്നു നാം കരുതി…

നാം നിസ്വരെന്നു നാം കരുതി:
നമുക്കെന്നു പറയാൻ നമുക്കൊന്നുമില്ലെന്നും.
പിന്നെയൊന്നൊന്നായോരോന്നു നമുക്കു നഷ്ടമായപ്പോൾ,
ഓരോ നാളുമോർമ്മപ്പെരുന്നാളുകളായപ്പോൾ,
കവിതയെഴുത്തു തുടങ്ങി നാം-
ദൈവത്തിന്റെ മഹത്വത്തെപ്പറ്റി,
സമ്പന്നമായ ഭൂതകാലത്തെപ്പറ്റി.


ഭീതി…


ഭീതി
ഇരുട്ടിൽ വിരലുകളിളക്കുന്നു,
നിലാവിനെ മഴുത്തലപ്പിലേക്കു നയിക്കുന്നു,
ചുമരിനപ്പുറം
അപശകുനം പോലാരോ തട്ടുന്നു...


ചിത്രം -ആഹ് മാത്തോവ-മോഡി ഗ്ലിയാനി വരച്ചത്


No comments: