Friday, October 5, 2012

കറ്റലൻ പ്രണയഗാനങ്ങൾ


ജഡം സൂക്ഷിച്ചവൾ


ഏഴു കൊല്ലമെന്റെ പ്രിയന്റെ ജഡം ഞാൻ കാത്തുവച്ചു,
എന്റെ മുറിക്കുള്ളിലവനെ ഞാനൊളിപ്പിച്ചു.
ആണ്ടിലോരോ പെരുന്നാളിനും
ഞാനവന്റെ കുപ്പായം മാറ്റിയിരുന്നു,
പനിനീരും വെള്ളവീഞ്ഞും കൊണ്ടു
ഞാനവന്റെ മുഖം കഴുകിയിരുന്നു.
വെളുവെളുത്ത മാംസമിളകി
അവന്റെ അസ്ഥികൾ വിളറുന്നതു ഞാൻ കണ്ടു.
കഷ്ടമേ, ഞാനെന്തു ചെയ്യാൻ,
സ്വന്തമവമാനവും കൊണ്ടീ ഭാഗ്യഹീന?
അച്ഛനോടു ഞാൻ പറഞ്ഞാൽ
അതെന്റെ കാമുകനെന്നദ്ദേഹം കോപിക്കും.
ഞാനെന്റെ അമ്മയോടു പറഞ്ഞാൽ
എനിക്കു പിന്നെ മനശ്ശാന്തിയുണ്ടാവില്ല.
ഞാനെന്റെ അനുജത്തിയോടു പറഞ്ഞാൽ
അവൾക്കു പ്രണയത്തെക്കുറിച്ചൊന്നുമറിയില്ല.
ഞാനെന്റെ സഹോദരനോടു പറഞ്ഞാൽ
അവനെന്റെ കൊലപാതകിയാവും.
ഞാനൊരു പട്ടാളക്കാരനോടു പറഞ്ഞാൽ
അയാളെന്നെ കോടതിയ്ക്കു മുന്നിലെത്തിക്കും.
അതിലും ഭേദം മിണ്ടാതിരിക്കുക തന്നെ,
നാവിറങ്ങിയപോലെ സഹിച്ചിരിക്കുക തന്നെ.
ഒരിക്കലെന്റെ മട്ടുപ്പാവിൽ നിൽക്കെ
ജനാലയിലൂടൊരു നായാട്ടുകാരനെ ഞാൻ കണ്ടു.
-നായാട്ടുകാരാ, നല്ലവനായ നായാട്ടുകാരാ,
ഞാനൊന്നു പറഞ്ഞാൽ നീയതു കേൾക്കുമോ?
മരണപ്പെട്ടൊരു യുവാവിനെ നീയൊന്നടക്കുമോ?
നിനക്കതിനുള്ള പ്രതിഫലം ഞാൻ നൽകാം,
വെറും  ചെമ്പുതുട്ടല്ല, സ്വർണ്ണവും വെള്ളിയും ഞാൻ തരാം-
ഞാൻ പടവുകളിറങ്ങിച്ചെന്നു,
രണ്ടായിരം ചുംബനങ്ങൾ ഞാനവനു കൊടുത്തു:
-വിട, എന്റെ ജീവിതാനന്ദമേ,
വിട, എന്റെ ആത്മാവിനാനന്ദമേ;
ഇനിയേറെ വൈകില്ല,
നിന്നെ ഞാൻ വന്നുകാണാം.



രണ്ടുപഹാരങ്ങൾ


ഞാനൊരു പെൺകുട്ടിയായിരുന്നപ്പോൾ
എനിക്കൊരുപാടു കാമുകരുണ്ടായിരുന്നു;
ഇന്നു ഞാനതിലും മുതിർന്നിരിയ്ക്കെ,
എനിക്കുള്ളതു രണ്ടുപേർ മാത്രം:
ഒന്നൊരു ചിത്രത്തുന്നലുകാരൻ,
മറ്റേതൊരു നെയ്ത്തുകാരനും.
ഞാനിതെന്തു ചെയ്യാൻ?
ഇരുവർക്കും വേണ്ടെതെന്റെ പ്രണയം.
വസന്തം വരികയായി,
ഒരുപാടു പൂക്കളുമായി,
ജമന്തികളും പനിനീർപ്പൂക്കളുമായി,
നാനാനിറത്തിൽ വയലറ്റുകളുമായി.
ഞാനെന്റെ തോട്ടത്തിലേക്കു ചെല്ലും,
ഒരു പിടി പൂക്കളിറുക്കും,
തുന്നൽക്കാരനു ഞാൻ പൂക്കൾ കൊടുക്കും,
നെയ്ത്തുകാരനെന്റെ പ്രണയവും.
രണ്ടു പേർക്കുമവ വേണ്ടെന്നാണെങ്കിൽ
ദൈവം രണ്ടിന്റെയും ശല്യം തീർക്കട്ടെ.


സ്പെയിനിൽ ബാഴ്സിലോണയിലും കാറ്റലോണിയായിലും സംസാരിച്ചുവരുന്ന ഭാഷയാണ്‌ കറ്റലൻ. പതിനാറാം നൂറ്റാണ്ടിൽ പ്രചാരത്തിലുണ്ടായിരുന്ന കഥാഗാനങ്ങളാണിവ.



link to image


1 comment:

aanu said...

beautifulll ..