Saturday, October 6, 2012

എഡ്നാ സെയിന്റ് വിൻസെന്റ് മിലെയ് - എന്റെ ചുണ്ടുകൾ ചുംബിച്ച ചുണ്ടുകളേതെന്നു ഞാൻ മറന്നു...

edna st vincent millay

എന്റെ ചുണ്ടുകൾ ചുംബിച്ച ചുണ്ടുകളേതെന്നു ഞാൻ മറന്നു,
എവിടെ വച്ചെന്തിനെന്നു ഞാൻ മറന്നു; ഞാന്‍ മറന്നു,

പുലരും വരെ ഞാന്‍ തല ചായ്ച കൈത്തണ്ടയേതെന്നും.
ഇന്നത്തെ രാത്രിയിലെന്നാല്‍, പ്രേതങ്ങള്‍ മഴ നനയുന്നു,
ജനാലച്ചില്ലുകളിൽ തട്ടിക്കൊണ്ടവര്‍ നെടുവീർപ്പിടുന്നു,
എന്നിൽ നിന്നൊരു വാക്കിനായവര്‍ കാതോർക്കുന്നു.
എന്റെ നെഞ്ചിനുള്ളിലിന്നൊരു മൌനവേദന കുതറുന്നു,
ഓർമ്മയിൽ നിന്നു ഞാൻ മായ്ചുകളഞ്ഞ മുഖങ്ങൾക്കായി,
കരഞ്ഞും കൊണ്ടെന്നോടു പറ്റിക്കിടന്ന ബാലന്മാര്‍ക്കായി.
മഞ്ഞും മഴയുമേറ്റൊരൊറ്റമരം നിൽക്കുന്നതുമങ്ങനെ-
ഒന്നൊന്നായി പറന്നുമറഞ്ഞ കിളികളേതെന്നതിനറിയില്ല,
എന്നാലതിനറിയാം, തന്റെ ചില്ലകൾ നിശ്ശബ്ദമാണെന്ന്;
വന്നുപോയ പ്രണയങ്ങളേതൊക്കെയെന്നെനിക്കറിയില്ല,
എന്നാലെനിക്കറിയാം, വേനലെന്നിലിരുന്നു പാടിയിരുന്നുവെന്ന്,
ഇന്നതു പാട്ടുകളുമായെന്നിലേക്കു പറന്നെത്താറില്ലെന്നും.




What lips my lips have kissed, and where, and why, 
I have forgotten, and what arms have lain 
Under my head till morning; but the rain 
Is full of ghosts tonight, that tap and sigh 
Upon the glass and listen for reply, 
And in my heart there stirs a quiet pain 
For unremembered lads that not again 
Will turn to me at midnight with a cry. 
Thus in winter stands the lonely tree, 
Nor knows what birds have vanished one by one, 
Yet knows its boughs more silent than before: 
I cannot say what loves have come and gone, 
I only know that summer sang in me 
A little while, that in me sings no more.

എഡ്ന സെയിന്റ് വിൻസെന്റ് മിലേയ് (1892-1950) അമേരിക്കയിലെ റോക്ക്‌ലാന്റിൽ ഫെബ്രുവരി 22നു ജനിച്ചു. വളരെ ചെറുപ്പത്തിലേ സാഹിത്യരംഗത്തെത്തി; 1923ൽ കവിതയ്ക്കുള്ള പുലിറ്റ്സർ സമ്മാനവും ലഭിച്ചു. 1920കളിൽ ഗ്രീൻവിച് വിലേജിൽ അവർ നയിച്ച ബൊഹീമിയൻ ജീവിതം കുപ്രസിദ്ധി നേടിക്കൊടുത്തുവെങ്കിലും തീവ്രവൈകാരികത നിറഞ്ഞുനില്ക്കുന്ന ഭാവഗീതങ്ങളും വടിവൊത്ത ഗീതകങ്ങളും ഇന്നും വായനക്കാരുടെ തലമുറകളെ ആകർഷിച്ചുകൊണ്ടിരിക്കുന്നു.



link to Millay



No comments: