Friday, October 19, 2012

അന്ന ആഹ്‌മറ്റോവ - മഞ്ഞക്കിളികളുടെ തീരാശോകങ്ങളെനിയ്ക്കു കേൾക്കാം…



മഞ്ഞക്കിളികളുടെ തീരാശോകങ്ങളെനിയ്ക്കു കേൾക്കാം,
പുഷ്കലമായൊരു ഗ്രീഷ്മത്തിനു വിട പറയുകയാണവ;
കാതടക്കം കതിർക്കറ്റകളടുക്കിയരിഞ്ഞുതള്ളുമ്പോൾ
അരിവാളുകളുടെ സർപ്പശീൽക്കാരങ്ങളുമെനിയ്ക്കു കേൾക്കാം.


മെലിഞ്ഞ കൊയ്ത്തുകാരികളുടെ കുറുകിയ പാവാടകൾ
പെരുന്നാൾപ്പകലിൽ കാറ്റത്തു പാറുന്ന പതാക
ൾ പോലെ;
കുടമണികളും പള്ളിമണികളുമിടയുന്നതിന്റെ ആഹ്ളാദാരവം,
പൊടി പാറിയ കണ്ണിമകൾക്കടിയിൽ നിന്നുമൊരൊളിഞ്ഞുനോട്ടം.


ഒരു സ്നേഹാലിംഗനവും ഞാനാശിക്കില്ല, ഒരു പുന്നാരവും;
ആസന്നമായൊരന്ധകാരത്തിന്റെ വിപൽസൂചനകളാണവ.
എന്നാലുമെന്നോടൊപ്പം ഈ പറുദീസയൊന്നുവന്നു കാണൂ,
ധന്യരും നിർമ്മലരുമായി നാമൊരുകാലമിവിടെക്കഴിഞ്ഞതല്ലേ!.

(1917 ജൂലൈ 27)


No comments: