Wednesday, October 24, 2012

ബോദ്‌ലേർ - യാത്ര പോകാനൊരു ക്ഷണം

donnet_gustave-_l_invitation_au_voyage_~OM528300~10094_20100208_123_74

എന്റെ പ്രിയേ, എന്റെ കുഞ്ഞേ,
നാമൊരുമിച്ചവിടെക്കഴിയുന്നതിന്റെ
പ്രഹർഷമൊന്നോർത്തുനോക്കൂ!
ഹിതം പോലെ നമുക്കു ചുംബിക്കാം,
മരിക്കും വരെ നമുക്കു പ്രണയിക്കാം,
നിന്നെയോർമ്മിപ്പിക്കുന്നൊരു ദേശമുണ്ടു, പ്രിയേ!
മേഘച്ഛന്നമായൊരാകാശത്തുദിച്ചസ്തമിക്കും,
മഴയുടെ നനവു തട്ടിയ സൂര്യന്മാർ;
എന്റെ ഹൃദയത്തിനവ പ്രിയമല്ലോ,
കണ്ണിരിന്റെ പടുതയ്ക്കു പിന്നിൽ
തെന്നുന്ന നിന്റെ കണ്ണുകൾ പോലെ.

സർവതുമനുപാതത്തിലും ചിട്ടയിലുമാണവിടെ പ്രിയേ,
സുന്ദരവും സമൃദ്ധവുമലസവുമാണവിടെയെല്ലാം!

നമ്മുടെ കിടപ്പറയെ അലങ്കരിക്കും,
വർഷങ്ങൾ തേച്ചുമിനുക്കിയ ദിവാനുകൾ;
അംബരക്കല്ലിന്റെ അവ്യക്തഗന്ധത്തിൽ
അനർഘപുഷ്പങ്ങൾ പരിമളം കലർത്തും;
അലംകൃതമായ മച്ചുകൾ,
ധ്യാനസ്ഥരായ കണ്ണാടികൾ,
കിഴക്കിന്റെ സമൃദ്ധികൾ,
പരിചിതഭാഷയിലവ മന്ത്രിക്കും,
ആത്മാവിനോടവയുടെ രഹസ്യങ്ങൾ.

സർവതുമനുപാതത്തിലും ചിട്ടയിലുമാണവിടെ പ്രിയേ,
സുന്ദരവും സമൃദ്ധവുമലസവുമാണവിടെയെല്ലാം!

കനാലുകളിൽ നീ കാണുന്നില്ലേ,
സ്വപ്നം കണ്ടു മയങ്ങുന്ന യാനങ്ങളെ?
(ഏതു ദൌത്യത്തിനുമേതുനേരവും തയാറുമാണവ.)
നിന്റെ ഏതു ഹിതവും നിവർത്തിക്കാൻ
കടലുകളോടിവന്നവയാണവ.
പോക്കുവെയിൽ പൊന്നും ലില്ലിയുമണിയിക്കുന്നു,
കനാലുകളെ, പാടങ്ങളെ, നഗരങ്ങളെ.
വെളിച്ചത്തിന്റെ ഊഷ്മളജ്വാലയിൽ
ലോകം മയക്കത്തിലാഴുന്നു.

സർവതുമനുപാതത്തിലും ചിട്ടയിലുമാണവിടെ പ്രിയേ,
സുന്ദരവും സമൃദ്ധവുമലസവുമാണവിടെയെല്ലാം!


പാപത്തിന്റെ പൂക്കൾ’



ഇതേ പ്രമേയം തന്നെ അദ്ദേഹത്തിന്റെ ഗദ്യകവിതകളിലൊന്നിൽ ആവർത്തിക്കുന്നുണ്ട്:

യാത്ര പോകാനൊരു ക്ഷണം

കൊക്കെയ്ൻ (1)എന്നൊരു നാടുണ്ടത്രെ; ഒരാത്മമിത്രവുമൊരുമിച്ച്‌ ആ വിശിഷ്ടദേശം കാണാൻ പോകുന്നതും സ്വപ്നം കണ്ടിരിക്കുകയാണു ഞാൻ. നമുക്കു വടക്കുള്ള മൂടൽമഞ്ഞിൽ മുങ്ങിക്കിടക്കുകയാണ്‌ അത്ഭുതങ്ങളുടെ ആ നാട്‌; പടിഞ്ഞാറത്തെ കിഴക്കെന്നോ,യൂറോപ്പിലെ ചൈനയെന്നോ അതിനെ വിശേഷിപ്പിക്കാം. അത്രയ്ക്കാണ്‌ ഉഷ്ണിക്കുന്ന ചപലഭാവനയുടെ തഴപ്പവിടെ; അത്ര ക്ഷമയോടെ,അത്ര ദാർഢ്യത്തോടെയാണ്‌ ഭാവന അതിൽ നിഗൂഢവും വിലോലവുമായ സസ്യസമൃദ്ധി ആലേഖനം ചെയ്തിരിക്കുന്നതും.

കൊക്കെയിന്റെ തനിനാട്‌; സുന്ദരവും സമൃദ്ധവും പ്രശാന്തവും യുക്തവുമാണവിടെ സർവ്വതും;ആഡംബരം ചിട്ടയുമായി സന്തുഷ്ടമായ വേഴ്ചയിലാണവിടെ; ജീവിതം സാന്ദ്രവും സുഗന്ധിയുമാണ്‌; ആ നാട്ടിലില്ല അവ്യവസ്ഥ,പ്രക്ഷുബ്ധത,ആകസ്മികതകളും; ആഹ്ലാദമവിടെ നിശ്ശബ്ദതയെ പരിണയിച്ചിരിക്കുന്നു; പാചകം പോലും കവിതാത്മകമാണവിടെ,ഹൃദ്യമെന്നപോൽ സമൃദ്ധവും; എന്തെല്ലാമുണ്ടവിടെ,അതെല്ലാം നിന്നെയോർമ്മിപ്പിക്കുന്നു പ്രിയേ.

കെടുതികളുടെ കൊടുംശൈത്യകാലത്ത്‌ നമ്മെക്കടന്നുപിടിക്കുന്ന ജ്വരബാധയെ നിനക്കറിയുമല്ലോ; അറിയാത്തൊരു ദേശത്തെച്ചൊല്ലിയുള്ള നഷ്ടബോധം,ജിജ്ഞാസയിൽ നിന്നുടലെടുക്കുന്ന ആകാംക്ഷ? നിന്നെയോർമ്മിപ്പിക്കുന്ന ഒരു നാടുണ്ടു പ്രിയേ,സർവ്വതും സുന്ദരവും സമൃദ്ധവും പ്രശാന്തവും യുക്തവുമായ ഒരിടം; ഭാവന താൻതന്നെ പടുക്കുകയും വിതാനിക്കുകയും ചെയ്ത ഒരു പടിഞ്ഞാറൻചീന; ജിവിതം സുഗന്ധിയാണവിടെ,ആഹ്ലാദം നിശബ്ദതയുമായി വേഴ്ചയിലാണവിടെ. നാം പോയി ജീവിക്കേണ്ടതവിടെയത്രെ, നാം പോയി മരിക്കേണ്ടതും അവിടെയാണ്‌!

അതെ,ശ്വസിക്കാൻ,സ്വപ്നം കാണാൻ,അനന്തമായ ഐന്ദ്രികാനുഭൂതികളാൽ നാഴികകളെ ദീർഘിപ്പിക്കാൻ നാം പോകേണ്ടതവിടെയാണ്‌. നൃത്തം ചെയ്യാനൊരു ക്ഷണം (2)രചിക്കാൻ ഒരു സംഗീതജ്ഞനുണ്ടായി; യാത്ര പോകാനൊരു ക്ഷണം രചിക്കാൻ എവിടെ ഒരു സംഗീതജ്ഞൻ? അങ്ങനെയൊന്നുണ്ടായിരുന്നെങ്കിൽ എനിക്കതു സമർപ്പിക്കാമായിരുന്നു എന്റെ പ്രിയപ്പെട്ടവൾക്ക്‌,എന്റെ ഇഷ്ടസോദരിക്ക്‌.

അതെ, ആ അന്തരീക്ഷത്തിലാണു ജീവിതം ഹിതകരമാവുക-അവിടെ മന്ദഗാമികളായ മണിക്കൂറുകൾ അധികം ചിന്തകൾ വഹിക്കുന്നവയാണ്‌, അവിടെ ഘടികാരങ്ങൾ യാമങ്ങൾ ഘോഷിക്കുന്നത്‌ ഘനഗംഭീരമായ മണിനാദത്തോടെയാണ്‌.

തിളങ്ങുന്ന ഫലകങ്ങളിൽ,പൊന്നുപൂശിയതും ഇരുണ്ടുമിനുങ്ങുന്നതുമായ തുകൽപ്പായകളിൽ ഗഹനവും പ്രശാന്തവും ധന്യവുമായ ചിത്രങ്ങൾ അവയ്ക്കു ജീവൻ കൊടുത്ത കലാകാരന്മാരുടെ ആത്മാക്കൾ പോലെ രഹസ്യജീവിതം നയിക്കുന്നു. തീൻമുറികളുടെയും ഇരുപ്പുമുറികളുടെയും ചുമരുകൾക്ക്‌ അത്രമേൽ നിറക്കൊഴുപ്പേകുന്ന സൂര്യാസ്തമയങ്ങൾ മനോജ്ഞമായ യവനികകളിലൂടെ,കളം തിരിച്ച ജനാലച്ചില്ലുകളിലൂടെ അരിച്ചിറങ്ങുന്നു. അകസാമാനങ്ങൾ ബൃഹത്തും അപൂർവ്വവും വിചിത്രവും സംസ്കൃതചിത്തരെപ്പോലെ താഴുകളും രഹസ്യങ്ങളും കൊണ്ടു സജ്ജവുമാണ്‌. ദർപ്പണങ്ങൾ,ലോഹവാർപ്പുകൾ,വെള്ളിയുരുപ്പടികൾ,കവിടിപ്പാത്രങ്ങൾ കണ്ണുകൾക്കു മുന്നിൽ മൂകവും നിഗൂഢവുമായ ഒരു സിംഫണി വായിക്കുന്നു. സർവ്വതിലും നിന്ന്,കോണുകളിൽ നിന്ന്,വലിപ്പുകളുടെ വിടവുകളിൽ നിന്ന്,വിരിപ്പുകളുടെ,തിരശ്ശീലകളുടെ മടക്കുകളിൽ നിന്ന് അനുപമമായ ഒരു പരിമളം പുറത്തേക്കൊഴുകുന്നു; സുമാത്രായുടെ ഒരോർമ്മ, ആ വസതിയുടെ ആത്മാവു പോലെ ഒരു പരിമളം.

കൊക്കെയിന്റെ തനിനാട്‌,എന്നെ വിശ്വസിക്കൂ,സകലതും സമൃദ്ധവും സ്വച്ഛവും ദീപ്തവുമാണവിടെ,കറയറ്റ മനഃസാക്ഷി പോലെ,പ്രൗഢിയുറ്റ പാത്രങ്ങൾ പോലെ,ഉജ്ജ്വലമായ സ്വർണ്ണവേല പോലെ,പലനിറങ്ങളുള്ള ആഭരണങ്ങൾ പോലെ! ലോകത്തെ നിധികളെല്ലാം അവിടെയ്ക്കൊഴുകുകയാണ്‌, സർവ്വലോകത്തിന്റെയും പ്രീതി സമ്പാദിച്ച ഒരധ്വാനിയുടെ ഭവനത്തിലേക്കെന്നപോലെ. താരതമ്യങ്ങളില്ലാത്ത ദേശം; പ്രകൃതിയെ കല എന്നതുപോലെ സകലതിനെയും അതിശയിക്കുന്നു അത്‌; അവിടെ സ്വപ്നങ്ങൾ പ്രകൃതിയെ ഉടച്ചുവാർക്കുന്നു,അതിനെ മെച്ചപ്പെടുത്തുന്നു,മിനുക്കുന്നു,പുനർനിർമ്മിക്കുകയും ചെയ്യുന്നു.

ഉദ്യാനകലയിലെ ആ രാസവിദ്യക്കാർ അന്വേഷിച്ചു നടക്കട്ടെ,നിരന്തരമായ അന്വേഷണത്തിൽ മുഴുകട്ടെ,തങ്ങളുടെ സംതൃപ്തിയുടെ ചക്രവാളം അധികമധികം വിപുലമാക്കിക്കോട്ടെ! ആകാശം മുട്ടുന്ന തങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുന്നവർക്ക്‌ അറുപതോ നൂറോ ആയിരം ഫ്ലോറിനുകൾ വാഗ്ദാനം ചെയ്തോട്ടെ! ഞാനെന്റെ കറുത്ത ട്യൂലിപ്പും നീലഡാലിയായും (3)കണ്ടെത്തിക്കഴിഞ്ഞു!

തുല്യതയില്ലാത്ത പുഷ്പം,മറയത്തു നിന്നു കണ്ടെടുത്ത ട്യൂലിപ്പ്‌,രൂപകമായ ഡാലിയ അതവിടെയുണ്ട്‌; അവിടെ,അത്രമേൽ പ്രശാന്തവും സ്വപ്നാത്മകവുമായ ആ മനോജ്ഞദേശത്ത്‌; നാം പോയി ജീവിക്കേണ്ടതും പുഷ്പിക്കേണ്ടതുമായ ആ ദേശത്ത്‌-അങ്ങനെയല്ലേ? അവിടെ നിന്റെതന്നെ സാദൃശ്യത്തിൽ നീ നിബന്ധിക്കപ്പെടില്ലേ?മിസ്റ്റിക്കുകളുടെ ഭാഷയിൽ നിന്റെതന്നെ പാരസ്പര്യത്തിൽ (4)അവിടെ പ്രതിഫലിപ്പിക്കപ്പെടില്ലേ നീ?

സ്വപ്നങ്ങൾ, അവധിയില്ലാത്ത സ്വപ്നങ്ങൾ! ആത്മാവെത്രയ്ക്കു പേലവവും ഉത്കർഷേച്ഛുവുമാകുന്നു,അത്രയ്ക്കു സ്വപ്നങ്ങൾ സാധ്യതയിൽ നിന്നകലുകയും ചെയ്യുന്നു. ഓരോ മനുഷ്യനും ജന്മം കൊണ്ടു തനിക്കു കിട്ടിയ ഒരു മാത്ര കറുപ്പ്‌ തന്റെയുള്ളിൽ കൊണ്ടുനടക്കുന്നുണ്ട്‌; ഓരോ നിമിഷവും നാമതിനെ ഒളിപ്പിച്ചുവയ്ക്കുന്നു,ഓരോ നിമിഷവും അതു പുറത്തേക്കു വരികയും ചെയ്യുന്നു; ജനനത്തിനും മരണത്തിനുമിടയിൽ യഥാർത്ഥസന്തോഷം നിറഞ്ഞ,മനസ്സിരുത്തിച്ചെയ്തു സഫലമാക്കിയ പ്രവൃത്തികൾ നിറഞ്ഞ മണിക്കൂറുകൾ എത്രയുണ്ടെന്നു കണക്കെടുത്താൽ എത്ര വരുമത്‌? എന്റെ ആത്മാവ്‌ ആലേഖനം ചെയ്ത ഈ ചിത്രത്തിൽ, നിന്നെ ഓർമ്മിപ്പിക്കുന്ന ഈ ചിത്രത്തിൽ എന്നെങ്കിലും ജീവിതം കഴിക്കുമോ നാം,എന്നെങ്കിലും അതിലേക്കു പ്രയാണം ചെയ്യുമോ നാം?

ഈ നിധികൾ,ഈ അകസ്സാമാനങ്ങൾ,ഈ ആഡംബരം,ഈ ക്രമം,ഈ പരിമളങ്ങൾ,ഈ ദിവ്യപുഷ്പങ്ങൾ ഒക്കെയും നീ തന്നെ. മഹാനദികൾ,തെളിഞ്ഞ ചാലുകൾ അവയും നീ തന്നെ. അവയിൽ ഒഴുകിനടക്കുന്നു നിധികൾ പേറുന്ന, നാവികരുടെ ഗാനങ്ങളുയരുന്ന വിപുലനൗകകൾ: നിന്റെ മാറിൽക്കിടന്നു മയങ്ങുകയോ ഉരുണ്ടുമറിയുകയോ ചെയ്യുന്ന എന്റെ ചിന്തകളാണവ. നിന്റെ മനോജ്ഞമായ ആത്മാവിന്റെ സ്വച്ഛതയിൽ ആകാശഗർഭങ്ങളെ പ്രതിഫലിപ്പിക്കെത്തന്നെ നീ എന്റെ ചിന്തകളെ അനന്തത എന്നു പേരുള്ള ആ മഹാസമുദ്രത്തിലേക്ക്‌ സാവധാനം നയിക്കുന്നു-പിന്നെ,കടൽപ്പെരുക്കത്തിൽ ക്ഷീണിച്ച്‌,കിഴക്കിന്റെ നിധികളാൽ പള്ള വീർത്ത്‌ അവ മടങ്ങുമ്പോൾ അപ്പോഴും അവ എന്റെ ചിന്തകൾ തന്നെ: അനന്തതയിൽ നിന്നു നിന്നിലേക്കു മടങ്ങുന്ന സമ്പന്നമായ ചിന്തകൾ.


1. കൊക്കൈൻ ഒരു സാങ്കൽപ്പികസ്വർഗ്ഗം
2. കാൾ മരിയ വൊൺ വെബർ Invitation to th waltz എന്ന പേരിൽ 1819-ൽ ഒരു സംഗീതരചന നടത്തിയിരുന്നു.
3. ദൂമായുടെ നോവൽ Black Tulip 1850ലും ദൂപോണ്ടിന്റെ Blue Dahlia എന്ന ഗാനം 1851ലും പുറത്തുവന്നു.
4. മാന്ത്രികമായ പാരസ്പര്യങ്ങൾ നെയ്തെടുത്തതാണു പ്രപഞ്ചം എന്ന സങ്കൽപ്പം സ്വീഡൻബർഗി(1688-1772)ന്റേതാണ്‌; അതിന്റെ ഏറ്റവും ആധുനികവും മനോഹരവുമായ കാവ്യാവിഷ്കരണമാണ്‌  ബോദ്‌ലെയറുടെ പാപത്തിന്റെ പൂക്കൾ എന്ന സമാഹാരത്തിലെ Correspondences എന്ന കവിത.


L'invitation au voyage

Mon enfant, ma soeur,
Songe à la douceur
D'aller là-bas vivre ensemble!
Aimer à loisir,
Aimer et mourir
Au pays qui te ressemble!
Les soleils mouillés
De ces ciels brouillés
Pour mon esprit ont les charmes
Si mystérieux
De tes traîtres yeux,
Brillant à travers leurs larmes.

Là, tout n'est qu'ordre et beauté,
Luxe, calme et volupté.

Des meubles luisants,
Polis par les ans,
Décoreraient notre chambre;
Les plus rares fleurs
Mêlant leurs odeurs
Aux vagues senteurs de l'ambre,
Les riches plafonds,
Les miroirs profonds,
La splendeur orientale,
Tout y parlerait
À l'âme en secret
Sa douce langue natale.

Là, tout n'est qu'ordre et beauté,
Luxe, calme et volupté.

Vois sur ces canaux
Dormir ces vaisseaux
Dont l'humeur est vagabonde;
C'est pour assouvir
Ton moindre désir
Qu'ils viennent du bout du monde.
— Les soleils couchants
Revêtent les champs,
Les canaux, la ville entière,
D'hyacinthe et d'or;
Le monde s'endort
Dans une chaude lumière.

Là, tout n'est qu'ordre et beauté,
Luxe, calme et volupté.

Charles Baudelaire

Invitation to the Voyage

My child, my sister,
Think of the rapture
Of living together there!
Of loving at will,
Of loving till death,
In the land that is like you!
The misty sunlight
Of those cloudy skies
Has for my spirit the charms,
So mysterious,
Of your treacherous eyes,
Shining brightly through their tears.

There all is order and beauty,
Luxury, peace, and pleasure.

Gleaming furniture,
Polished by the years,
Will ornament our bedroom;
The rarest flowers
Mingling their fragrance
With the faint scent of amber,
The ornate ceilings,
The limpid mirrors,
The oriental splendor,
All would whisper there
Secretly to the soul
In its soft, native language.

There all is order and beauty,
Luxury, peace, and pleasure.

See on the canals
Those vessels sleeping.
Their mood is adventurous;
It's to satisfy
Your slightest desire
That they come from the ends of the earth.
— The setting suns
Adorn the fields,
The canals, the whole city,
With hyacinth and gold;
The world falls asleep
In a warm glow of light.

There all is order and beauty,
Luxury, peace, and pleasure.

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)


No comments: