Wednesday, October 10, 2012

അഡോണിസ് - അഭിലാഷങ്ങൾ


ജലമായിരുന്നു ഞാനെങ്കിൽ, ഖരമായതിനെയൊക്കെയും ഞാൻ തുളച്ചുകയറിയേനേ.
മണ്ണിനടിയിലേക്കു ഞാൻ തിരഞ്ഞുപോയേനേ.
മഞ്ഞുതുള്ളിയുടേയും മേഘങ്ങളുടെയും ജാതകം ഞാൻ ജീവിച്ചേനേ.

ഞാനൊരു മേഘമായിരുന്നെങ്കിൽ,
വസന്തത്തിൽ ആട്ടിടയന്മാർക്കു മേൽ കൂടി ഞാൻ കടന്നുപോയേനേ,
പ്രണയികൾക്കൊരു തമ്പു പോലെയായേനേ.

ഞാനൊരു പാടമായിരുന്നെങ്കിൽ, ഞാനൊരു വിളവെടുപ്പായേനേ.
കുഴിച്ചിട്ട വിത്തു പോലെ ഞാൻ ഗ്രഹിച്ചേനേ,
ഋതുക്കളുടെ തുടക്കവും തുടർച്ചയും.

ഞാനൊരു മെഴുകുതിരിയായിരുന്നെങ്കിൽ,
കാലത്തിന്റെ ഗമനം ഞാനനുഭവിച്ചേനേ,
പുളിച്ചുപൊന്തുന്ന മാവിൽ...ഒരു കണ്ണുനീർത്തുള്ളിയിൽ.

ഞാൻ സ്വയം നിയന്ത്രിച്ചേനേ,
എന്റെ ആകാശത്തു വരച്ചിട്ടേനേ, ചാരമെന്നും കരിയെന്നുമുള്ള വാക്കുകൾ.
ഞാനെന്നാൽ രക്തവും മാംസവുമാണെന്നതിനാൽ,

ഞാനെന്താണോ അതിനെ ഞാൻ സ്നേഹിക്കുന്നു,
അതിനോടുള്ള എന്റെ സ്നേഹത്തെ ഞാൻ വെറുക്കുന്നു.
ഈ ലോകത്തെ സൃഷ്ടിക്കാൻ മറ്റൊരു വഴി എനിക്കില്ലേ?


 

No comments: