Sunday, October 14, 2012

വീസ്വാവാ സിംബോഴ്സ്ക - ഒരു കല്ലുമായി നടത്തിയ സംഭാഷണം


കല്ലിന്റെ മുൻവാതിൽക്കൽ ഞാൻ ചെന്നു മുട്ടി.
“ഇതു ഞാനാണെന്നേ. എന്നെ ഒന്നു കടത്തിവിടൂ.
എനിക്കു നിന്റെ ഉൾഭാഗത്തേക്കൊന്നു കയറിവരണം,
ചുറ്റുമൊന്നു നോക്കിക്കാണണം,
മതി വരുവോളം നിന്റെ മണമുൾക്കൊള്ളണം.”

“ഒന്നു പോയാട്ടെ,” കല്ലു പറഞ്ഞു.
“ഞാനാകെ കെട്ടിപ്പൂട്ടിയിരിക്കുകയാണ്‌.
നീയെന്നെ തല്ലിയുടച്ചാലും
ഞങ്ങളടഞ്ഞുതന്നെ കിടക്കും.
പൂഴിമിനുസത്തിൽ ഞങ്ങളെ അരച്ചെടുത്തോളൂ,
എന്നാലും ഞങ്ങൾ നിങ്ങളെ അകത്തേക്കു കയറ്റില്ല.”

കല്ലിന്റെ മുൻവാതിൽക്കൽ ഞാൻ ചെന്നു മുട്ടി.
“ഇതു ഞാനാണെന്നേ. എന്നെ ഒന്നു കടത്തിവിടൂ.
വെറും ജിജ്ഞാസ കൊണ്ടാണു ഞാൻ വന്നത്.
ജീവിതം തന്നെ വേണം അതു ശമിപ്പിക്കാൻ.
നിന്റെ കൊട്ടാരമൊന്നു നടന്നു കാണണമെന്നേ എനിക്കുള്ളു,
പിന്നെ ഒരിലയെ, ഒരു തുള്ളി വെള്ളത്തെ സന്ദർശിക്കാനുമുണ്ട്.
ഒരുപാടു നേരമൊന്നും എനിക്കില്ല.
എത്ര ഹ്രസ്വായുസ്സാണു ഞാനെന്നു കണ്ടാൽ നിനക്കു സങ്കടം വരും.”

“എന്നെ കല്ലു കൊണ്ടുണ്ടാക്കിയതാണ്‌,” കല്ലു പറയുന്നു,
“അതിനാൽ ഞാൻ നിർവികാരനായിത്തന്നെയിരിക്കണം.
ഒന്നു പോയാട്ടെ.
ചിരി വരുത്തുന്ന പേശികളുണ്ടായിരുന്നെങ്കിൽ ഞാനൊന്നു ചിരിച്ചേനേ.”

കല്ലിന്റെ മുൻവാതിൽക്കൽ ഞാൻ ചെന്നു മുട്ടി.
“ഇതു ഞാനാണെന്നേ. എന്നെ ഒന്നു കടത്തിവിടൂ.
നിന്റെയുള്ളിൽ വിശാലവും ശൂന്യവുമായ മുറികളുണ്ടെന്നു ഞാൻ കേട്ടിരിക്കുന്നു,
ആരും കാണാനില്ലാത്തതിനാൽ വിഫലമാണവയുടെ സൌന്ദര്യമെന്നും,
ഒരു കാലടിയും മാറ്റൊലിക്കാത്തതിനാൽ മൂകമാണവയെന്നും.
നിനക്കു തന്നെ അവയെ നേരാംവണ്ണമറിയുന്നില്ലെന്നു നീ സമ്മതിക്കണം.“

”വിശാലവും ശൂന്യവും, അതു നേരു തന്നെ,“ കല്ലു പറയുന്നു.
”പക്ഷേ ഉള്ളിലിടമില്ല.
സുന്ദരവുമായേക്കാം, പക്ഷേ നിങ്ങളുടെ മോശം രുചിക്കു ചേർന്നതുമല്ല.
നിങ്ങൾക്കെന്നെ അറിയാൻ പറ്റിയെന്നു വരാം,
അതുകൊണ്ടെന്റെ ഉള്ളറിഞ്ഞെന്നും വരുന്നില്ല.
എന്റെ പുറമാകെ നിങ്ങളുടെ നേർക്കു തിരിഞ്ഞിരിക്കുന്നു,
അകം പക്ഷേ പുറം തിരിഞ്ഞും.“

കല്ലിന്റെ മുൻവാതിൽക്കൽ ഞാൻ ചെന്നു മുട്ടി.
”ഇതു ഞാനാണെന്നേ. എന്നെ ഒന്നു കടത്തിവിടൂ.
കാലമുള്ള കാലത്തോളം ഞാനഭയമൊന്നും ചോദിക്കുന്നില്ല.
ആഹ്ളാദങ്ങളില്ലാത്തവളല്ല ഞാൻ,
വീടില്ലാത്തവളുമല്ല.
മടങ്ങിച്ചെല്ലാൻ യോഗ്യമായ ഒരു ലോകവുമെനിക്കുണ്ട്.
വെറും കൈയോടു കയറി, വെറും കൈയോടെ ഞാനിറങ്ങിപ്പൊയ്ക്കോളാം.
ഞാൻ ഇവിടെ വന്നുവെന്നതിനു തെളിവായി
വാക്കുകളേയുണ്ടാവൂ,
അതാരും വിശ്വസിക്കുകയുമില്ല.“

”നിങ്ങൾ കടക്കരുത്,“ കല്ലു പറയുകയാണ്‌.
”പങ്കു ചേരുന്നതിന്റെ ഇന്ദ്രിയം നിങ്ങൾക്കില്ല.
ആ ഇന്ദ്രിയത്തിന്റെ കുറവു നികത്താൻ മറ്റിന്ദ്രിയങ്ങൾ പോര താനും.
എല്ലാം കാണുന്നത്ര ഉയർന്നതായിക്കോട്ടെ നിങ്ങളുടെ കാഴ്ച,
അതുകൊണ്ടു പക്ഷേ, കാര്യമില്ല, പങ്കു ചേരുന്നതിനുള്ള ഇന്ദ്രിയം നിങ്ങൾക്കില്ലെങ്കിൽ.
നിങ്ങൾ കടക്കരുത്,
എന്താണാ ഇന്ദ്രിയമെന്നതിനെക്കുറിച്ച് വെറുമൊരു ധാരണയേ നിങ്ങൾക്കുള്ളു,
അതിന്റെ ബീജം മാത്രം, ഭാവന.“

കല്ലിന്റെ മുൻവാതിൽക്കൽ ഞാൻ ചെന്നു മുട്ടി.
”ഇതു ഞാനാണെന്നേ. എന്നെ ഒന്നു കടത്തിവിടൂ.
ഇങ്ങനെ അനുവാദം ചോദിച്ചുകൊണ്ടു നിൽക്കാൻ
രണ്ടായിരം നൂറ്റാണ്ടൊന്നും എന്റെ കൈയിലില്ല.“

”നിങ്ങൾക്കെന്നെ വിശ്വാസം വരുന്നില്ലെങ്കിൽ,“ കല്ലു പറയുകയാണ്‌,
”ഇലയോടൊന്നു ചോദിക്കൂ, അതും ഇതുതന്നെ പറയും.
ഒരു തുള്ളി വെള്ളത്തോടു ചോദിക്കൂ, ഇല പറഞ്ഞതു തന്നെ അതു പറയും.
ഇനിയൊടുവിൽ, സ്വന്തം തലയിലെ ഒരു മുടിയിഴയോടു ചോദിക്കൂ.
എനിക്കു ചിരി വന്നു മുട്ടുന്നു, അതെ, പൊട്ടിപ്പൊട്ടി ചിരിക്കാൻ തോന്നുന്നു,
ചിരിക്കാനെനിക്കറിയില്ലെങ്കിലും.“

കല്ലിന്റെ മുൻവാതിൽക്കൽ ഞാൻ ചെന്നു മുട്ടി.
“ഇതു ഞാനാണെന്നേ. എന്നെ ഒന്നു കടത്തിവിടൂ.”

“എനിക്കു വാതിലില്ല,” കല്ലു പറയുന്നു.


Conversation With A Stone

- by Wislawa Szymborska


I knock at the stone's front door.
"It's only me, let me come in.
I want to enter your insides,
have a look round,
breathe my fill of you."
"Go away," says the stone.
"I'm shut tight.
Even if you break me to pieces,
we'll all still be closed.
You can grind us to sand,
we still won't let you in."
I knock at the stone's front door.
"It's only me, let me come in.
I've come out of pure curiosity.
Only life can quench it.
I mean to stroll through your palace,
then go calling on a leaf, a drop of water.
I don't have much time.
My mortality should touch you."
"I'm made of stone," says the stone,
"and must therefore keep a straight face.
Go away.
I don't have the muscles to laugh."
I knock at the stone's front door.
"It's only me, let me come in.
I hear you have great empty halls inside you,
unseen, their beauty in vain,
soundless, not echoing anyone's steps.
Admit you don't know them well yourself."
"Great and empty, true enough," says the stone,
"but there isn't any room.
Beautiful, perhaps, but not to the taste
of your poor senses.
You may get to know me, but you'll never know me through.
My whole surface is turned toward you,
all my insides turned away."
I knock at the stone's front door.
"It's only me, let me come in.
I don't seek refuge for eternity.
I'm not unhappy.
I'm not homeless.
My world is worth returning to.
I'll enter and exit empty-handed.
And my proof I was there
will be only words,
which no one will believe."
"You shall not enter," says the stone.
"You lack the sense of taking part.
No other sense can make up for your missing sense of taking part.
Even sight heightened to become all-seeing
will do you no good without a sense of taking part.
You shall not enter, you have only a sense of what that sense should be,
only its seed, imagination."
I knock at the stone's front door.
"It's only me, let me come in.
I haven't got two thousand centuries,
so let me come under your roof."
"If you don't believe me," says the stone,
"just ask the leaf, it will tell you the same.
Ask a drop of water, it will say what the leaf has said.
And, finally, ask a hair from your own head.
I am bursting with laughter, yes, laughter, vast laughter,
although I don't know how to laugh."
I knock at the stone's front door.
"It's only me, let me come in."
"I don't have a door," says the stone.


 

No comments: