എന്റെ നാഴികവട്ട മുങ്ങിത്താഴുന്ന മുഹൂർത്തമെത്തുമ്പോൾ, ദേവീ,
എന്റെ കട്ടിൽത്തലയ്ക്കൽ കാട്ടരുതേ, കാലപിതാമഹന്റെ രൂപത്തെ;
മുഷിയുവോളം ദീർഘിച്ചുപോയൊരു വിഫലായുസ്സിന്റെ നാരിനെ
അറുത്തുമുറിക്കുകയാണയാൾ, കണ്ണു നനയാതെ, കുറ്റബോധമില്ലാതെ.
പകരമായുധമണിയിക്കൂ പ്രണയത്തെ, എന്നുമെന്നെ വെറുത്തവനെ,
എനിക്കറിയാതെയല്ല, ഒരുമ്പെട്ടിരിക്കുകയാണവനെന്നും,
ആവനാഴിയിൽ ശേഷിച്ച കൂരമ്പെന്റെ ഹൃദയം നോക്കിത്തൊടുക്കാൻ,
എന്റെ ശോഷിച്ച ജീവരക്തമൊഴുക്കി മണ്ണിനെ ചുവപ്പിക്കാൻ.
വേണ്ട! ഞാനെന്റെ ജീവിതസായാഹ്നത്തെ സമീപിക്കുമ്പോൾ
യൌവനമെന്നിലേക്കെത്തട്ടെ വധുവിന്റെ മൌനമന്ദഹാസവുമായി;
ഒരു ചെമ്പനിനീർപ്പൂവിന്റെ ഇതളുകളവൾ നുള്ളിവിതറട്ടെ,
യാത്രാമൊഴി ചൊല്ലി വിലപിക്കുന്നൊരു ജലധാരയുടെ വട്ടകയിൽ;
അമ്പുകളാവനാഴിയിൽത്തന്നെ കിടക്കട്ടെ, കൊടുവാളുമെടുക്കേണ്ട,
മരണത്തിന്റെ നരകാന്ധകാരത്തിലേക്കെന്റെ കണ്ണുകൾ ഞാനടച്ചോളാം.
(1915)
No comments:
Post a Comment