ആകാശത്തിരുട്ടു പിടിച്ചുകയറുവോളം
പകലു നമുക്കു സ്വന്തം, ദേവന്മാർക്കും.
പാടങ്ങളിൽ നിന്നു ചോലകളിലേക്കു നാം പോകുന്നു,
ഇരുളടഞ്ഞ വനഗർഭങ്ങളിൽ നിന്നു വെളിയിടങ്ങളിലേക്കു നാം പോകുന്നു;
നമ്മുടെ നഗ്നപാദങ്ങൾ നയിക്കുമിടത്തേക്കു നാം പോകുന്നു.
നമുക്കു മേൽ തീരെച്ചെറിയ നക്ഷത്രങ്ങൾ,
നമ്മുടെ തീരെച്ചെറിയ നിഴലുകൾ വീഴ്ത്താൻ മാത്രം തിളക്കത്തിൽ;
ചിലനേരം, താഴ്ന്നിറങ്ങിയ ചില്ലകൾക്കടിയിൽ
മയക്കത്തിലായ പേടമാനുകളെയും നാം കാണുന്നു.
ഇതിലേതിലും വശ്യമത്രേ പക്ഷേ, രാത്രി,
കാട്ടിനുള്ളിലുണ്ട് നമുക്കു മാത്രമറിയുന്നൊരിടം,
അവിടെയ്ക്കതു നമ്മെ മാടിവിളിയ്ക്കുന്നു:
പനിനീർപ്പൂക്കൾ വിരിയുന്ന നിഗൂഢമായൊരു കാട്ടുപൊന്ത.
മണ്ണിലിത്രയും ദിവ്യമായി വേറെന്തിരിക്കുന്നു,
രാത്രിയിൽ പനിനീർപ്പൂക്കളുടെ പരിമളം പോലെ?
എന്നിട്ടെന്തേ പക്ഷേ, ഞാനൊറ്റയ്ക്കായിരുന്നപ്പോൾ
അതിന്റെ ലഹരി ഞാനറിയാതെപോയി?
പിയറി ലോയ് (1870-1925) - ഫ്രഞ്ചു കവി. ലെസ്ബിയൻ, ക്ലാസ്സിക്കൽ പ്രമേയങ്ങൾ കവിതയിൽ.
No comments:
Post a Comment